മൺമറഞ്ഞിട്ടില്ല, മണ്ണിനടിയിലുണ്ട്
പാലക്കാട്: വംശനാശം നേരിടുന്ന അപൂർവയിനത്തിൽപ്പെട്ട മൺപാമ്പ് (Cardamom Shield Tail) കഞ്ചിക്കോട് മായപ്പള്ളത്ത് കണ്ടെത്തി.
കർഷകനായ റിച്ചാർഡ് ഫ്രാൻസിസിന്റെ കൃഷിയിടത്തിലാണ് ഈ പാമ്പിനെ കണ്ടത്.
അദ്ദേഹം ചിത്രം പകർത്തി സർപ്പ വോളന്റിയർ കെ. മയിൽസാമിക്ക് അയച്ചു, പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് വിവരം കൈമാറി.
പരിശോധനയ്ക്കുശേഷം ഇത് അപൂർവമായ ഏലമല മൺപാമ്പ് (Rhinophis fergusonianus) ആണെന്ന് സ്ഥിരീകരിച്ചു.
മണ്ണിനടിയിൽ ജീവിക്കുകയും അപൂർവമായി മാത്രമേ പുറത്തുവരാറുള്ളൂവെന്നും വോളന്റിയർമാർ പറയുന്നു.
അവർ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും പാമ്പിനെ പിന്നെ കണ്ടെത്താനായില്ല. മണ്ണിനടിയിലേക്ക് മടങ്ങിയിരിക്കാമെന്നാണ് നിഗമനം.
1896-ൽ ബെൽജിയൻ-ബ്രിട്ടീഷ് ജന്തുശാസ്‌ത്രജ്ഞൻ ജോർജ് ആൽബർട്ട് ബോലെഞ്ച്വർ അന്നത്തെ തിരുവിതാംകൂറിലെ ഏലമലക്കാടുകളിൽ നിന്നാണ് ഈ ഇനത്തെ ആദ്യം കണ്ടെത്തിയത്.
പിന്നീട് 130 വർഷങ്ങൾക്കുശേഷം നിലമ്പൂരിൽ പാമ്പ് കണ്ടെത്തിയതിനെ തുടർന്ന് ഇപ്പോൾ കഞ്ചിക്കോടിലും അതിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു.
ന്യൂസീലൻഡ് ആസ്ഥാനമായ “Zootaxa” എന്ന അന്താരാഷ്ട്ര ശാസ്ത്രജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
ബ്രിട്ടീഷ് ജന്തുശാസ്ത്രജ്ഞൻ ഡോ. ഡേവിഡ് ഗോർ, തമിഴ്നാട് സ്വദേശികളായ സൂര്യ നാരായണൻ, ഡോ. വി. ദീപക്, മലയാളികളായ മുഹമ്മദ് അൻവർ, ഡോ. സന്ദീപ് ദാസ് എന്നിവർ ചേർന്നാണ് ഗവേഷണം നടത്തിയത്.
മൺപാമ്പുകൾ സാധാരണ കവചവാലന്മാരെ അപേക്ഷിച്ച് വലിപ്പത്തിലും നീളത്തിലും വ്യത്യസ്തരാണ്. മൂർച്ചയുള്ള മുഖം ഉപയോഗിച്ച് മണ്ണ് തുരന്ന് മുന്നോട്ട് പോകാൻ ഇവക്ക് കഴിയും.
മണ്ണിരകളാണ് പ്രധാനഭക്ഷണം. രൂപശാസ്ത്രപരമായും ജനിതകപരമായും നടത്തിയ പഠനങ്ങൾ വഴിയാണ് ഏറെക്കാലം കാണാതിരുന്ന ഈ ജീവിയെ വീണ്ടും തിരിച്ചറിഞ്ഞതെന്ന് വനംവകുപ്പ് അസിസ്റ്റന്റ് കൺസർവേറ്ററും സ്നേക്ക് റെസ്ക്യൂ നോഡൽ ഓഫീസറുമായ മുഹമ്മദ് അൻവർ പറഞ്ഞു.
ലോകത്തിന്റെ രണ്ട് ഭാഗങ്ങളിൽ പരസ്പരം അറിയാതെ നടത്തിയ സമാന്തര പഠനങ്ങളാണ് ഒടുവിൽ ഒന്നിച്ച് വന്നത്.
2000-ൽ ശേഖരിച്ച് മുംബൈ നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിൽ സൂക്ഷിച്ച ഒരു മാതൃകയെ അടിസ്ഥാനമാക്കി ഡോ. ഡേവിഡ് പഠനം ആരംഭിച്ചു.
അതേസമയം മലപ്പുറത്ത് കൊല്ലപ്പെട്ട ഒരു പാമ്പിന്റെ ചിത്രം സർപ്പ വോളന്റിയർമാർ ഡോ. സന്ദീപ് ദാസിന്റെ ശ്രദ്ധയിൽപ്പെടുത്തിയത് പുതിയ അന്വേഷണത്തിന് വഴിയൊരുക്കി.
തുടർന്ന് ജനിതകപരിശോധനയിൽ ലണ്ടൻ നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിലെ മാതൃകയുമായി താരതമ്യം ചെയ്തതോടെയാണ് ഇതു തന്നെ അപൂർവമായ ഏലമല മൺപാമ്പാണെന്ന് സ്ഥിരീകരിച്ചത്.
പഠനത്തിൽ പങ്കെടുത്ത സ്ഥാപനങ്ങൾ: ലണ്ടൻ നാച്വറൽ ഹിസ്റ്ററി മ്യൂസിയം, കാലിക്കറ്റ് സർവകലാശാലയുടെ സൂവോളജി വകുപ്പ്, കേരള വനംവകുപ്പ്, എട്രീ ബെംഗളൂരു, സെൻകെൻബെർഗ് മ്യൂസിയം (ജർമനി), ആരണ്യകം നേച്ചർ ഫൗണ്ടേഷൻ.
English Summary:
A rare and endangered species of Cardamom Shield Tail Snake (Rhinophis fergusonianus), believed to have vanished for over 130 years, has been rediscovered at Mayappallam, Kanjikode, Palakkad. Farmer Richard Francis spotted the snake in his farmland and reported it to the forest department through snake volunteer K. Mayilsamy.









