തിരുവനന്തപുരം: കേന്ദ്രം കൊണ്ടുവന്ന ഭാരത് റൈസും ബദലായി സംസ്ഥാനം കൊണ്ടുവന്ന കെ-റൈസും തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പേരിനുമാത്രമായി. കൊട്ടിഘോഷിച്ചാണ് ഇരുകൂട്ടരും വിതരണം തുടങ്ങിയത്.
വാഹനങ്ങളിൽ ജില്ലതോറും വില്പന നടത്തിയ ഭാരത് റൈസ് ഇപ്പോൾ വല്ലപ്പോഴും വന്നാൽ പറയാം വന്നെന്ന്. സപ്ളൈകോ വഴി സംസ്ഥാന സർക്കാർ വിൽപ്പന തുടങ്ങിയ കെ-റൈസ് ഒരിടത്തും ലഭ്യമല്ല. സബ്സിഡി അരിയുടെ ഒരു ഭാഗമാണ് കെ-റൈസാക്കി മാറ്റി നൽകിയത്.
നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷനാണ് ഭാരത് റൈസ് വിതരണം ചെയ്തത്. അരി വിൽപ്പനയ്ക്ക് ബി.ജെ.പി നേതാക്കൾ സ്വീകരണം ഒരുക്കിയതോടെ വോട്ടിനു വേണ്ടിയുള്ള തട്ടിപ്പാണെന്ന് എൽ.ഡി.എഫ് ആരോപിച്ചിരുന്നു.
സപ്ലൈകോയിൽ സാധനങ്ങൾ ഇല്ലാതായ വേളയിലാണ് ഫെബ്രുവരി 7ന് ഭാരത് റൈസിന്റെ വരവ്. അപകടം മനസിലാക്കി മാർച്ച് 12ന് ശബരിയുടെ ബ്രാൻഡിൽ കെ-റൈസ് സംസ്ഥാന സർക്കാരു ഇറക്കുകയായിരുന്നു.