ജ്യോതി എത്തിയത് കേരള സർക്കാർ ക്ഷണിച്ചിട്ട്
തിരുവനന്തപുരം: പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തിയ കേസിൽ അറസ്റ്റിലായ ഹരിയാനയിലെ വ്ളോഗർ ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത് സംസ്ഥാന സര്‍ക്കാർ ക്ഷണിച്ചതിനെ തുടർന്നെന്ന് വിവരം.
ടൂറിസം വകുപ്പിന്റെ പ്രമോഷനു വേണ്ടിയാണ് ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത്. ഇക്കാര്യം വ്യക്തമാക്കുന്ന വിവരാവകാശ രേഖ പുറത്ത് വന്നിട്ടുണ്ട്.
ടൂറിസം വകുപ്പ് സാമൂഹിക മാധ്യമ ഇന്‍ഫ്‌ളുവന്‍സേഴ്‌സിനെ ഉപയോഗിച്ച് പ്രമോഷൻ നടത്തിയവരുടെ പട്ടികയില്‍ ജ്യോതി മല്‍ഹോത്രയുടെ പേരും ഉൾപ്പെട്ടിട്ടുണ്ട്.
കേരളത്തിലെത്തിയ ജ്യോതി മല്‍ഹോത്ര കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, ആലപ്പുഴ, മൂന്നാര്‍ എന്നിവിടങ്ങളിൽ ടൂറിസം വകുപ്പിന്റെ ചെലവില്‍ യാത്ര ചെയ്തതെന്നാണ് രേഖകൾ വ്യക്തമാകുന്നത്.
2024 ജനുവരി മുതല്‍ 2025 മേയ് വരെ ടൂറിസം വകുപ്പിനായി പ്രമോഷന്‍ നടത്തിയ വ്‌ളോഗര്‍മാരുടെ പട്ടികയാണ് പുറത്തു വന്നിരിക്കുന്നത്.
33-കാരിയായ ജ്യോതി മല്‍ഹോത്ര പലതവണ പാകിസ്താന്‍ സന്ദര്‍ശിച്ചതായുള്ള തെളിവുകൾ നേരത്തെ പുറത്തു വന്നിരുന്നു.
പാകിസ്താനിലെ ഇന്റലിജന്‍സ് വിഭാഗവുമായി ജ്യോതി ബന്ധം പുലര്‍ത്തിയതായും വിവരം ലഭിച്ചിരുന്നു. പാക് ഹൈക്കമ്മീഷനിലെ ജീവനക്കാരുമായും ജ്യോതി ബന്ധം പുലര്‍ത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ഈ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കുകയും ചെയ്തിരുന്നു.
പാകിസ്ഥാനു വേണ്ടി ചാരവൃത്തി…ജ്യോതി കേരളത്തിലുമെത്തി; പകർത്തിയത് തന്ത്രപ്രധാന മേഖലകളുടെ ദൃശ്യങ്ങൾ
കൊച്ചി: പാകിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയതിന് അറസ്റ്റിലായ വനിതാ വ്ലോഗർ ജ്യോതി മൽഹോത്ര കേരളത്തിലെത്തി തന്ത്രപ്രധാന മേഖലകളുടെ ദൃശ്യങ്ങൾ പകർത്തിയിരുന്നതായി റിപ്പോർട്ട്.
ജ്യോതി മൽഹോത്ര മൂന്നു മാസം മുമ്പ് കേരളത്തിലെത്തിയിരുന്നു എന്നാണ് സ്പെഷ്യൽ ബ്രാഞ്ചിന്റെ പുതിയ കണ്ടെത്തൽ. കൊച്ചിയും ഇടുക്കിയും തൃശ്ശൂരും കണ്ണൂരും കോഴിക്കോടും ഉൾപ്പെടെയുള്ള ജില്ലകളിൽ ഇവർ സന്ദർശനം നടത്തി.
കേരളത്തിലെത്തിയ ജ്യോതി കൊച്ചിൻ ഷിപ്‍യാഡ് ഉൾപ്പെടെ തന്ത്രപ്രധാന മേഖലകൾ പശ്ചാത്തലമാക്കി ദൃശ്യങ്ങൾ പകർത്തിയതായി സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടുണ്ട്.
കൊച്ചിയിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ, ഷോപ്പിങ് മാളുകൾ, മെട്രോ സ്റ്റേഷനുകൾ, വാട്ടർ മെട്രോ എന്നിവിടങ്ങളിൽനിന്നും ദൃശ്യങ്ങൾ പകർത്തിയിരുന്നു.
കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും ജ്യോതി സന്ദർശനം നടത്തിയതായാണ് സൂചന. മൂന്നാർ, തൃശൂർ കുത്താമ്പുള്ളി നെയ്ത്തുഗ്രാമം, കണ്ണൂരിലെയും കോഴിക്കോട്ടെയും വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിവിടങ്ങളിലും ജ്യോതി എത്തി ദൃശ്യങ്ങൾ ചിത്രീകരിച്ചതായാണ് കണ്ടെത്തൽ.
കേരളത്തിൽനിന്നുള്ള വിഡിയോകളിൽ അരമണിക്കൂറിലേറെ ദൈർഘ്യമുള്ള കൊച്ചി യാത്രാനുഭവമാണു ഏറ്റവും പ്രധാനം. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ, ചരിത്രസ്മാരകങ്ങൾ എന്നിവ പരാമർശിച്ച ശേഷമാണു തന്ത്രപ്രധാനമായ ഷിപ്‌യാഡ‍് കാണിക്കുന്നത്.
അതേസമയം പാക് ചാരന്മാരുമായി തനിക്ക് ബന്ധമുണ്ടെന്ന് പാകിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയതിനു അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര സമ്മതിച്ചതായി റിപ്പോര്‍ട്ട്.
കേന്ദ്ര ഏജന്‍സികളുടെ ചോദ്യംചെയ്യലിലാണ് പാക് ചാരസംഘടനയായ ഐഎസ്‌ഐയില്‍ ഉള്‍പ്പെട്ടവരുമായി ബന്ധമുണ്ടെന്ന് ജ്യോതി മല്‍ഹോത്ര സമ്മതിച്ചത് എന്നാണു റിപ്പോർട്ട്.
ഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനും പാക് ചാരനുമായ ഡാനിഷുമായി സ്ഥിരമായി ബന്ധപ്പെട്ടിരുന്നതായി യുവതി സമ്മതിച്ചിട്ടുണ്ടെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വാട്‌സാപ്പ്, സ്‌നാപ്ചാറ്റ്, ടെലിഗ്രാം തുടങ്ങിയ മെസേജിങ് പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ആശയവിനിമയം നടത്തിയിരുന്നതെന്നും ജ്യോതിയുടെ മൊഴിയിലുണ്ടെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Summary: Jyoti Malhotra, a vlogger from Haryana who was recently arrested in a case related to espionage for Pakistan, had visited Kerala on an invitation from the state government. Reports confirm that she was in Kerala to promote tourism as part of a state-sponsored campaign.









