മലയാളത്തിൽ എഴുതി നേടിയ സിവിൽ സർവീസ്; കഷ്ടപ്പാടുകൾ കയറി കയറി നേടിയ ജ്യോതിസ് മോഹനന്റെ വിജയകഥ
പൂഞ്ഞാർ: സാധാരണക്കാരനും സിവിൽ സർവീസ് നേടാമെന്ന സന്ദേശം ജീവിതത്തിലൂടെ തെളിയിച്ച വ്യക്തിയാണ് പൂഞ്ഞാർ തെക്കേക്കര പെരിങ്ങളം വേലംപറമ്പിൽ ജ്യോതിസ് മോഹനൻ.
മലയാളത്തിൽ സിവിൽ സർവീസ് പരീക്ഷ എഴുതി വിജയിച്ച് ഐആർഎസ് നേടിയ ജ്യോതിസ് മോഹനൻ ഇപ്പോൾ ഗോവയിൽ ഇൻകം ടാക്‌സ് അഡീഷണൽ കമ്മിഷണറായി സേവനമനുഷ്ഠിക്കുന്നു.
അദ്ദേഹത്തിന്റെ ജീവിത വിജയത്തിന് പിന്നിൽ കഷ്ടപ്പാടിന്റെയും കഠിനാധ്വാനത്തിന്റെയും മായാത്ത ഓർമ്മകളാണ്.
നവോദയ വിദ്യാലയത്തിലായിരുന്നു ജ്യോതിസിന്റെ പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് പാലായിൽ ബി.കോം പഠനത്തിനായി ചേർന്നപ്പോഴേക്കും കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി കൂടുതൽ പരുങ്ങലിലായി.
പശുവളർത്തലായിരുന്നു പ്രധാന വരുമാനമാർഗം. അവധി ദിവസങ്ങളിൽ പുല്ലരിയുന്നതും കൈമുറിയുന്നതുമൊക്കെ ദിനചര്യയായി. എന്നാൽ പ്രതിസന്ധികൾ ജ്യോതിസിന്റെ ലക്ഷ്യബോധത്തെ തളർത്തിയില്ല.’
കുട്ടിക്കാലം മുതലേ സിവിൽ സർവീസ് സ്വപ്നം നെഞ്ചിലേറ്റിയ ജ്യോതിസിന് കുടുംബവും പൂർണ പിന്തുണ നൽകി. പാലാ സിവിൽ സർവീസ് അക്കാഡമിയിൽ പരിശീലനം നേടി.
പിന്നീട് വിവിധ സിവിൽ സർവീസ് പരിശീലന സ്ഥാപനങ്ങളിൽ അധ്യാപകനായി ജോലി ചെയ്തു. അദ്ധ്യാപനം തന്നെയാണ് കൂടുതൽ പഠിക്കാനും ആഴത്തിലുള്ള അറിവ് നേടാനും സഹായിച്ചതെന്ന് ജ്യോതിസ് പറയുന്നു.
ഹിസ്റ്ററിയും മലയാളവുമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന വിഷയങ്ങൾ. ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചെങ്കിലും, സിവിൽ സർവീസ് തയ്യാറെടുപ്പ് കാലമാണ് മലയാളം കൂടുതൽ ഗൗരവത്തോടെ പഠിക്കാൻ അവസരമായത്.
അതോടെയാണ് മലയാളത്തിൽ പരീക്ഷ എഴുതാനുള്ള തീരുമാനം എടുത്തത്. 2010ൽ സിവിൽ സർവീസ് പരീക്ഷ വിജയിച്ച് സ്വപ്നം സഫലമാക്കി.
പരിശീലനം പൂർത്തിയാക്കിയ ശേഷം മുംബൈ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ സേവനമനുഷ്ഠിച്ചു. കൊച്ചിയിൽ ജോയിന്റ് കമ്മിഷണറായും പ്രവർത്തിച്ചു. പ്രമോഷന് ശേഷം ഗോവയിലേക്ക് സ്ഥലം മാറ്റം ലഭിക്കുകയായിരുന്നു.
“അഭിരുചി തിരിച്ചറിഞ്ഞ് മുന്നോട്ട് പോകണം”
കുട്ടിക്കാലത്ത് തന്നെ സ്വന്തം അഭിരുചി തിരിച്ചറിഞ്ഞ് ലക്ഷ്യബോധത്തോടെ മുന്നോട്ട് പോകുന്നതാണ് ഏറ്റവും പ്രധാനമെന്ന് ജ്യോതിസ് പറയുന്നു.
കേരളത്തിൽ സംരംഭകത്വത്തിനും സർക്കാർ ജോലികൾക്കും വലിയ സാധ്യതകളുണ്ട്. പത്താം ക്ലാസ് കഴിയുന്നതിന് മുമ്പേ തന്നെ ലക്ഷ്യത്തിനായി പരിശ്രമം തുടങ്ങണം.
സിവിൽ സർവീസ് ബാലികേറാ മലയല്ല;
പൊതുവിജ്ഞാനം നേടണം, വായനാശീലം വളർത്തണം, സമൂഹവുമായി ഇടപെടണം. കഷ്ടപ്പെടാനുള്ള മനസ്സുണ്ടെങ്കിൽ ഒന്നും അസാധ്യമല്ലെന്നും അദ്ദേഹം പറയുന്നു.
മലയാളത്തിൽ പരീക്ഷയെഴുതിയ അനുഭവങ്ങൾ പങ്കുവെച്ച് ‘സിവിൽ സർവീസ് എങ്ങനെ മലയാളത്തിൽ എഴുതാം’ എന്ന പുസ്തകവും ജ്യോതിസ് രചിച്ചിട്ടുണ്ട്.
വിജയത്തിനുശേഷവും തന്റെ വേരുകൾ ജ്യോതിസ് മറക്കുന്നില്ല. വീട്ടിൽ ഇപ്പോഴും ആടുവളർത്തൽ തുടരുന്നു.
പിതാവ് മോഹൻ നടത്തിയിരുന്ന ചായക്കട ഇന്നും പ്രവർത്തിക്കുന്നു. അമ്മ മിനർവ മോഹൻ ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയും പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റുമാണ്. മേഘ്നയാണ് ഭാര്യ.
English Summary
Jyothis Mohanan from Poonjar is among the first candidates to clear the Civil Services Examination by writing it in Malayalam. Rising from financial hardships, including a childhood marked by farm work and limited resources, he achieved his dream in 2010 and became an IRS officer. Currently serving as Additional Commissioner of Income Tax in Goa, Jyothis is known for proving that ordinary backgrounds are no barrier to civil service success. He has also authored a book guiding aspirants on writing the civil services exam in Malayalam.
jyothis-mohanan-malayalam-civil-service-success-story
Jyothis Mohanan, Malayalam Civil Service, IRS Officer, Civil Service Success Story, Kerala Inspiration, UPSC Malayalam, Income Tax Officer, Motivational Story









