പാലക്കാട്: ഉദയ് ഡബിൾ ഡെക്കർ ട്രെയിൻ പാലക്കാട്ടേക്കു നീട്ടുന്ന തീയതിയുടെ കാര്യത്തിൽ ഇനിയും തീരുമാനം ആയില്ല. പരീക്ഷണ ഒാട്ടത്തിൽ പൊള്ളാച്ചി– പാലക്കാട് റൂട്ടിലെ പ്ലാറ്റ്ഫോമുകളിൽ ചിലയിടത്ത് തടസ്സങ്ങൾ കണ്ടെത്തി. അവ താമസിയാതെ പരിഹരിക്കുമെന്ന് ദക്ഷിണ റയിൽവെ അധികൃതർ പറഞ്ഞു. അതേസമയം, ഉദയ് എക്സ്പ്രസ് പാലക്കാട്ടേക്ക് നീട്ടിയാലും പൊള്ളാച്ചിക്കും പാലക്കാടിനും ഇടയിൽ സ്റ്റോപ്പ് നൽകാത്തത് യാത്രക്കാർക്ക് തിരിച്ചടിയാകും.
ഡബിൾ ഡക്കർ സൂപ്പർ ഫാസ്റ്റിന് ദക്ഷിണ റെയിൽവേ തയാറാക്കിയ സമയക്രമത്തിൽ കോയമ്പത്തൂർ കഴിഞ്ഞാൽ സ്റ്റോപ്പ് പൊള്ളാച്ചിയിലും പാലക്കാടും മാത്രമാണ്. പോത്തനൂർ ജംക്‌ഷനിലും സ്റ്റോപ്പില്ല. പൊള്ളാച്ചിക്കും പാലക്കാടിനും ഇടയിൽ സ്റ്റോപ്പ് പരിഗണിക്കാത്തത് മേഖലയിലെ യാത്രക്കാർക്കു തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.
താൽക്കാലിക സമയക്രമത്തിൽ പാലക്കാട് ജംക്ഷനിൽ നിന്നു പുലർച്ചെ മൂന്നിന് പുറപ്പെടുന്ന ട്രെയിൻ 4.20നു പൊള്ളാച്ചിയിലും 5.55നു കോയമ്പത്തൂരിലും എത്തും. 6ന് കോയമ്പത്തൂരിൽ നിന്നു പുറപ്പെട്ട് 12.40നാണു ബെംഗളൂരുവിലെത്തുക. ഉച്ചയ്ക്കു 2.15നാണു മടക്കയാത്ര. രാത്രി 8.15നു കോയമ്പത്തൂരും 10.20നു പൊള്ളാച്ചിയിലും എത്തും. 10.40ന് പൊള്ളാച്ചിയിൽ നിന്നു തിരിച്ച് രാത്രി 11.50നു പാലക്കാട്ട് യാത്ര അവസാനിക്കും. പാലക്കാട്ടേക്കു നീട്ടുമ്പോഴും നിലവിൽ ബെംഗളൂരുവിലെത്തുന്ന സമയത്തിൽ മാറ്റമില്ല. 535.16 കിലേമീറ്ററാണു പാലക്കാട്– ബെംഗളൂരു ദൂരം. ദിശ മാറുന്നതിന്റെ ഭാഗമായി പൊള്ളാച്ചിയിൽ വച്ച് എൻജിൻ മാറ്റും. നിലവിൽ കോയമ്പത്തൂരിൽ നടത്തുന്ന പ്രാഥമിക പരിപാലനം പാലക്കാട് ജംക്ഷനിൽ നടത്താനും തീരുമാനമായി. അതിനു സൗകര്യമൊരുക്കാൻ അടുത്ത ദിവസം നടപടി ആരംഭിക്കും. കോയമ്പത്തൂർ– പൊള്ളാച്ചി വഴി ട്രെയിൻ പാലക്കാട് എത്താൻ 104 കിലോമീറ്ററാണു ദൂരം, കോയമ്പത്തൂർ– വാളയാർ വഴിയാണെങ്കിൽ 54 കിലോമീറ്ററും