ആർത്തിരമ്പുന്ന മഞ്ഞക്കടലിൽ ഓളങ്ങൾ തീർത്ത് കളിക്കളത്തിലൂടെ അയാൾ നടന്നു നീങ്ങി. ആശാനെന്നും ഇവാനെന്നും മുഴങ്ങുന്ന വിളികളിൽ കലൂർ സ്റ്റേഡിയം കോരിത്തരിച്ചു. വിലക്കേർപ്പെടുത്തിയവർ പോലും കരുതി കാണില്ല അയാളുടെ മടങ്ങി വരവിനു ഇത്രയും ശക്തിയുണ്ടാകുമെന്ന്. താരങ്ങളോളം, ഒരു പക്ഷേ താരങ്ങളേക്കാൾ ഒരു പടി മുന്നിൽ ആരാധകർക്കിഷ്ടം കോച്ചിനോട് തന്നെ. നീണ്ട പത്തു മത്സരങ്ങളിലെ വിലക്ക് കോട്ടയെ മറികടന്ന് ഇവാൻ വുക്കോമനോവിച്ചിന്റെ മടങ്ങി വരവ് ബ്ലാസ്റ്റേഴ്സിന് സമ്മാനിച്ചത് തകർപ്പൻ ജയമായിരുന്നു.
കഴിഞ്ഞ സീസണിലെ പ്ലേ ഓഫ് മത്സര വേദി. ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ സുനിൽ ഛേത്രി നയിക്കുന്ന ബെംഗളൂരു എഫ് സി. മല്‍സരത്തിന്റെ എക്‌സ്ട്രാ ടൈമിലായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ബ്ലാസ്‌റ്റേഴ്‌സിന് എതിരായി ബോക്‌സിന് അരികില്‍ വച്ച് റഫറി ക്രിസ്റ്റല്‍ ജോണ്‍ ഫ്രീകിക്ക് വിളിക്കുകയായിരുന്നു. എന്നാല്‍ ബ്ലാസ്റ്റേഴ്‌സ് താരങ്ങളോ, ഗോളി പ്രഭ്‌സുഖന്‍ ഗില്ലോ തയ്യാറെടുക്കും മുമ്പേ സുനില്‍ ഛേത്രി ഫ്രീകിക്ക് വലയിലെത്തിച്ചു. റഫറി വിസില്‍ പോലും വിളിച്ചിരുന്നില്ല. താരത്തിന്റെ വിവാദ ഗോളിനെതിരെ ബ്ലാസ്റ്റേഴ്സും കോച്ച് ഇവാനും കടുത്ത പ്രതിഷേധം അറിയിക്കുകയും ചെയ്തു. നിയമ ലംഘനത്തിനെതിരെ ശബ്ദമുയർത്തിയ ബ്ലാസ്റ്റേഴ്സും കോച്ചും നേരിട്ടത് കടുത്ത നടപടിയായിരുന്നു. തുടർന്നാണ് അടുത്ത പത്തു മത്സരങ്ങളിലേക്ക് ഇവാനെ വിലക്കിയത്.
മഞ്ഞപ്പടയുടെ ആശാനായ ഇവാൻ ഇല്ലാതെ ടീം കളത്തിലിറങ്ങുമ്പോൾ ആരാധകരുടെ നിരാശ കുറച്ചൊന്നുമായിരുന്നില്ല. എങ്കിലും അവർ ടീമിനൊപ്പം നിന്നു. തുടർന്ന് ഇന്നലെ നടന്ന കളിയിൽ ഇവാൻ മടങ്ങി വരുമെന്ന വാർത്തകൾ എത്തിയതോടെ ആരാധകർ ആവേശ ഭേരി മുഴക്കി . കലൂർ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ മഞ്ഞപ്പട അക്ഷമരായി കാത്തിരിക്കുകയായിരുന്നു. പക്ഷേ നായകൻ അഡ്രിയൻ ലൂണയും സംഘവും വാംഅപ്പിനായി വന്നു മടങ്ങിയിട്ടും ആശാനെ കാണാതായതോടെ അവർ നിരാശരായി. ഏറെ നേരം കാത്തിരുന്നെങ്കിലും ഇവാൻ കളത്തിലേക്ക് എത്തിയിരുന്നില്ല. പതിനായിരക്കണക്കിന് കണ്ണുകൾ ഒരിടത്തേക്ക് തന്നെ ഫോക്കസ് ചെയ്ത് ഇരിക്കുന്ന കാഴ്ച. കിക്കോഫിനു മിനുട്ടുകൾ ബാക്കിനിൽക്കേ ഗാലറിയെ പുളകം കൊള്ളിച്ച് ഇവാന്റെ മാസ്സ് എൻട്രി.
തട്ടകത്തിൽ ആശാന്റെ സാന്നിധ്യം ടീമിന് ഇരട്ടി കരുത്തു നൽകിയെന്ന് പറയണമല്ലോ. ശക്തരായ ഒഡീഷ എഫ്‌സിയെയാണ് ബ്ലാസ്റ്റേഴ്‌സ് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു മറികടന്നത്. ആദ്യ പകുതിയിൽ പുറകിലായിരുന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാംപകുതിയില്‍ രണ്ടു ഗോളുകള്‍ തിരിച്ചടിക്കുകയായിരുന്നു. 15ാം മിനിറ്റില്‍ ഡീഗോ മൗറീഷ്യോയുടെ ഗോളിലാണ് ഒഡീഷ ലീഡ് കൈക്കലാക്കിയത്. രണ്ടാം പകുതിയില്‍ ഗംഭീര തിരിച്ചുവരവ് നടത്തിയ മഞ്ഞപ്പട 66ാം മിനിറ്റില്‍ ദിമിത്രി ഡയാമെന്റക്കോസിന്റെ ഗോളില്‍ ഒപ്പമെത്തി. നിശ്ചിത സമയം തീരാന്‍ നാലു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ നായകൻ അഡ്രിയാന്‍ ലൂണയുടെ വണ്ടര്‍ ഗോളില്‍ ബ്ലാസ്‌റ്റേഴ്‌സ് അവിസ്മരണീയ വിജയം സ്വന്തമാക്കുകയും ചെയ്തു. മത്സരത്തിന് മുന്നോടിയായി ലൂണ മാധ്യമങ്ങളോട് ഇങ്ങനെ പ്രതികരിച്ചു. “ഞങ്ങളുടെ കോച്ചിന് വേണ്ടി ഇന്നത്തെ കളി ഞങ്ങൾ വിജയിച്ചിരിക്കും”.
Read Also:ആശാൻ കളത്തിലേക്ക്; മഞ്ഞപ്പട ആവേശത്തിൽ, പക്ഷേ മത്സരം ജയിക്കണം