വന്ദേഭാരത് ട്രെയിനുകളില്‍ കുടിവെള്ള വിതരണത്തില്‍ മാറ്റംവരുത്തി ഇന്ത്യന്‍ റെയില്‍വേ. മുമ്പ് ഒരു ലീറ്റര്‍ കുപ്പിവെള്ളമായിരുന്നു സൗജന്യമായി നല്‍കിയിരുന്നത്. ഇത് അരലിറ്ററിന്റെ കുപ്പിയായിട്ടാണ് കുറച്ചത്.
കുടിവെള്ളം ഉപയോഗശൂന്യമായി പോകുന്നത് തടയുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ പരിഷ്‌കാരം. ഇനി മുതല്‍ 500 മില്ലിലീറ്ററിന്റെ കുപ്പിവെള്ളമായിരിക്കും യാത്രക്കാര്‍ക്ക് ലഭിക്കുക. ആവശ്യമുള്ളവര്‍ക്ക് രണ്ടാമതൊരു കുപ്പി കൂടി സൗജന്യമായി ലഭിക്കും.രാജാധാനി എക്‌സ്പ്രസിലേതിന് സമാനമായി ഒരു ലിറ്ററിന്റെ വെള്ളം കുപ്പികളാണ് വന്ദേഭാരതിലും വിതരണം ചെയ്തിരുന്നത്. എന്നാല്‍ വന്ദേഭാരതില്‍ യാത്രക്കാര്‍ക്ക് നല്‍കുന്ന വെള്ളം പാഴാക്കുന്നതായി ശ്രദ്ധയില്‍പ്പെടുകയായിരുന്നു. വന്ദേഭാരതില്‍ ദിവസങ്ങളെടുക്കുന്ന യാത്ര അല്ലാത്തതിനാല്‍ യാത്രക്കാര്‍ കുപ്പിയിലെ വെള്ളം പൂര്‍ണമായി ഉപയോഗിക്കാറില്ലെന്നും റെയില്‍വേ വ്യക്തമാക്കി.
കുടിവെള്ളത്തിന്റെ അനാവശ്യമായ ഉപയോഗം കുറയ്ക്കുന്നതിനാണ് ഇത്തരത്തിൽ ഒരു നടപടി സ്വീകരിക്കുന്നതെന്ന് ഉത്തര റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ദീപക് കുമാർ പറഞ്ഞു. വന്ദേഭാരത് ട്രെയിനിൽ ചെറിയ ദൂരത്തിൽ ആയിരിക്കും കൂടുതൽ യാത്രക്കാരും സഞ്ചരിക്കുന്നത്. അവർക്ക് കൂടുതൽ ഉപകാരപ്രദമാകുന്നതും 500 മില്ലി ലിറ്ററിന്റെ വെള്ളക്കുപ്പി ആയിരിക്കും. അതുകൂടി പരിഗണിച്ചാണ് റെയിൽവേ ഇത്തരത്തിൽ ഒരു തീരുമാനത്തിലേക്ക് എത്തിയത്.
ശതാബ്ദി ട്രെയിനുകളിലും ഈ നീക്കം നടപ്പിലാക്കിയിട്ടുണ്ട്. ശതാബ്ദിയിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്കും 500 മില്ലി ലിറ്റർ ബോട്ടിൽ ലഭിക്കും. ജലസംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സെൻട്രൽ റെയിൽവേ കോച്ചുകളും പ്ലാറ്റ്ഫോമുകളും വൃത്തിയാക്കുന്നതിനു റീസൈക്കിൾ ചെയ്ത വെള്ളമാണ് ഉപയോഗിക്കുന്നത്. 32 റീസൈക്ലിങ് പ്ലാന്റുകളിലൂടെ ദിവസേന ഏകദേശം ഒരു കോടി ലിറ്റർ വെള്ളമാണ് റീസൈക്കിൾ ചെയ്തെടുക്കുന്നത്. കൂടാതെ 158 കേന്ദ്രങ്ങളിൽ മഴവെള്ള സംഭരണ യൂണിറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ജലസംരക്ഷണ പ്രവർത്തനങ്ങൾക്കായി മൂന്ന് ഓട്ടോമാറ്റിക് കോച്ച് വാഷിംഗ് പ്ലാന്റുകൾ സ്ഥാപിച്ചിട്ടുണ്ട്. 5 ലക്ഷത്തോളം മരങ്ങൾ വിവിധ സ്ഥലങ്ങളിലായി നട്ടു പിടിപ്പിച്ച് വിപുലമായ വനവൽക്കരണ പദ്ധതികളും സെൻട്രൽ റെയിൽവേ ഏറ്റെടുത്തിട്ടുണ്ട്. 2019 ൽ ആയിരുന്നു രാജ്യത്ത് ആദ്യമായി വന്ദേഭാരത് ട്രെയിനുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. വർഷങ്ങൾ കഴിയുമ്പോൾ ഇന്ത്യയുടെ റെയിൽ നെറ്റ് വർകിന്റെ അവിഭാജ്യ ഘടകമായി വന്ദേ ഭാരത് ട്രെയിനുകൾ മാറി. വൈഫൈ, വിശാലമായ കാഴ്ച സമ്മാനിക്കുന്ന വലിയ ഗ്ലാസ് വിൻഡോകൾ, ലഗേജ് വയ്ക്കാനുള്ള റാക്കുകൾ തുടങ്ങി നിരവധി സൗകര്യങ്ങളാണ് വന്ദേ ഭാരതിൽ യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്നത്.