ന്യൂസ് ഡസ്ക്ക്: പാലസ്തീനെ വരിഞ്ഞ് മുറുക്കി ഇസ്രയേൽ പ്രത്യാക്രമണം ആരംഭിച്ചിട്ട് പത്താം ദിനം. ഹമാസ് സംഘടന പ്രവർത്തകരെ ഉത്മൂലനം ചെയ്യാൻ ഇസ്രയേൽ സേന നടത്തുന്ന മിസൈൽ ആക്രമണം പാലസ്തീനെ അന്താരാഷ്ട്ര സമൂഹത്തിൽ നിന്നും ഒറ്റപ്പെടുത്തി. പൂർണമായും ഇസ്രയേൽ ഉപരോധത്തിലായതോടെ ഗാസയിൽ ഭക്ഷണവും കുടിവെള്ളവും കിട്ടാനില്ല. വൈദ്യതി ഇല്ല. ആശുപത്രികൾ 24 മണിക്കൂർ കൂടി മാത്രമേ പ്രവർത്തിപ്പിക്കാനാവൂ എന്ന് റെഡ് ക്രോസ് അറിയിച്ചു. അത്യാവശ്യ മരുന്നുകൾ പോലും ലഭ്യമല്ല. ഐക്യരാഷ്ട്രസഭ മുൻകൈയ്യെടുത്ത് മരുന്നും കുടിവെള്ളവും എത്തിക്കാനുള്ള നീക്കവും ഇസ്രയേൽ ഉപരോധം മൂലം ഗാസയിൽ എത്തിയിട്ടില്ല. അത് കൊണ്ട് തന്നെ ഇസ്രയേൽ ആക്രമണം തുടരുന്നത് പാലസ്തീനെ ഭൂമുഖത്ത് നിന്നും തുടച്ച് നീക്കുന്നതിലേയ്ക്ക് എത്തിക്കുമെന്ന് അറബ് രാഷ്ട്രങ്ങൾ കരുതുന്നു. ഹമാസുമായി അടുത്ത ബന്ധം പുലർത്തുന്ന ഇറാൻ, ഖത്തർ രാജ്യങ്ങൾ ചൈനയുടേയും റഷ്യയുടേയും സഹായം തേടി.
ഇറാന്റെ അഭ്യർത്ഥന പരിഗണിച്ച് ചൈനീസ് നയതന്ത്രജ്ഞർ അടുത്തയാഴ്ച്ച മേഖല സന്ദർശിക്കും. മിഡിൽ ഈസ്റ്റ് രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധത്തിന്റെ ചുമതലയുള്ള സായി ജുൻ (Zhai Jun) അറബ് രാജ്യങ്ങളുമായി ചർച്ച നടത്തുമെന്ന് ചൈനീസ് സർക്കാർ ദിനപത്രമായ സി.ജി.റ്റി.എൻ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്ക നേതൃത്വം നൽകുന്ന ഇസ്രയേലിനോട് ചൈനയ്ക്ക് അനുകൂല മനോഭാവമല്ല ഉള്ളത്.അത് കൊണ്ട് തന്നെ ചൈനയുടെ ഇടപെടൽ സമാധാനം കൊണ്ട് വരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. പക്ഷെ ഇറാനും, ചൈനയും വിഷയത്തിൽ ഇടപെടാതിരിക്കാനുള്ള മുൻകരുതലുകൾ അമേരിക്ക ആരംഭിച്ചു. ഹമാസിനെതിരെ മാത്രമാണ് ഇസ്രയേൽ ആക്രമണമെന്ന് യുഎൻലെ ഇസ്രയേൽ പ്രതിനിധി പ്രസ്താവന ഇറക്കി. പാലസ്തീൻ പിടിച്ചെടുക്കുക എന്നത് ഇസ്രയേലിന്റെ ലക്ഷ്യമല്ലെന്നും പ്രതിനിധി കൂട്ടിച്ചേർക്കുന്നു. പ്രസ്താവനയ്ക്ക് പിന്നിൽ അമേരിക്കയാണെന്ന് സംശയിക്കുന്നു. ഗാസയിലേയ്ക്ക് മരുന്നും കുടിവെള്ളവും എത്തിക്കാനായി ഈജിപ്ത് – പാലസ്തീൻ അതിർത്തി ഗേറ്റ് തുറക്കുമെന്ന് ഇസ്രയേലിലെ അമേരിക്കൻ അബാസിഡൻ അറിയിച്ചു. തിങ്കളാഴ്ച്ച രാവിലെ ഈജിപ്ത് സമയം 9 മണിയ്ക്ക് ഗേറ്റ് തുറക്കുമെന്നാണ് അറിയിപ്പ്. മരുന്നുമായി നിരവധി യു.എൻ ട്രക്കുകൾ ഗേറ്റിന് പുറത്ത് കാത്ത് നിൽപ്പ് ആരംഭിച്ചിട്ട് രണ്ട് ദിവസമായി. ഈ ട്രക്കുകൾ എല്ലാം തടസമില്ലാതെ ഗാസയിലെത്തും. നേരത്തെ ഈസ്രയേൽ ആക്രമണം നടത്തിയതിനാൽ അതിർത്തി തുറക്കാൻ ഈജിപ്ത് തയ്യാറായിരുന്നില്ല.
ഗാസയിൽ ഒറ്റപ്പെട്ട് പോയ പാലസ്തീൻ ജനതയ്ക്ക് സഹായം എത്തിച്ചാൽ അറബ് രാജ്യങ്ങൾ അടിയന്തര ഇടപെടൽ നടത്തില്ലെന്നാണ് അമേരിക്ക കണക്ക് കൂട്ടുന്നത്. പത്ത് ദിവസം നീണ്ട ആക്രമണത്തിൽ പാലസ്തീൻ ആകെ നാമവശേഷമായ അവസ്ഥയിലാണ്. എന്നിട്ടും ഹമാസ് ബന്ദികളാക്കിയ ഇസ്രയേൽ പൗരൻമാരെ ഇത് വരെ കണ്ടെത്താനായിട്ടില്ല. അവരെ കൂടി മോചിപ്പിച്ചാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള പോരാട്ടം താത്കാലികമായി അവസാനിപ്പിച്ചേക്കാം.
അതേ സമയം ഇത് വരെയുള്ള ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായിരം കടന്നു. ഗാസയിൽ മാത്രം 2450 പേർ കൊല്ലപ്പെട്ടതായി പാലസ്തീൻ സർക്കാർ അറിയിച്ചു. ആയിരത്തോളം പേരെ കാണാതായി. ഇസ്രയേലിൽ മരിച്ചവരുടെ എണ്ണം 1500 കടന്നു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു.