ന്യൂസ് ഡസ്ക്ക് : മിസൈലുകൾ ഉപയോഗിച്ച് ഗാസയെ തകർക്കുന്ന രീതി മതിയാക്കി നേരിട്ട് സൈനീക ആക്രമണത്തിന് ഇസ്രയേൽ മുതിർന്നേക്കുമെന്ന അഭ്യൂഹം രണ്ട് ദിവസമായി ശക്തമാണ്. പക്ഷെ ഇതേക്കുറിച്ച് ഔദ്യോഗികമായി വിശദീകരണമൊന്നും ഇസ്രയേൽ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നില്ല. ഓരോ ദിവസത്തേയും പോരാട്ടം വിശദമാക്കുന്ന വീഡിയോ ഇസ്രയേൽ സൈന്യം പുറത്തിറക്കാറുണ്ട്. അതിലും നേരിട്ടുള്ള സൈനീക ആക്രമണത്തെക്കുറിച്ച് മൗനം പാലിച്ചു. എന്നാൽ ഇന്ന് (ഞായറാഴ്ച്ച) പുലർച്ചെ പുറത്ത് വിട്ട വീഡിയോയിൽ സൈനീക ആക്രമണം നടത്തുകയാണെന്ന് ഇസ്രയേൽ സേന പ്രഖ്യാപിച്ചിരിക്കുന്നു. കര, കടൽ, വായു മാർഗം ആക്രമിക്കും. ഇതിന്റെ ഭാഗമായി വൻ സൈനീക വിന്യാസം പാലസ്തീന് ചുറ്റും ഇസ്രയേൽ പൂർത്തിയാക്കി. ഗാസയിലെ വൻ കെട്ടിടങ്ങളെല്ലാം മിസൈൽ ആക്രമണത്തിൽ നിലം പരിശായി കഴിഞ്ഞു. ഹമാസിന്റെ രഹസ്യബങ്കറുകൾ കൂടി നശിപ്പിക്കുകയാണ് ലക്ഷ്യം. രണ്ടാം ഘട്ട ആക്രമണം ആരംഭിക്കാം എന്ന സന്ദേശം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുദ്ധമുഖത്തുള്ള സൈനീകർക്ക് കൈമാറിയതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു . ഇസ്രയേലിനെ സഹായിക്കാൻ അമേരിക്ക രണ്ടാം കപ്പൽപടയെ അയക്കുമെന്ന് അറിയിച്ചു.
മരണം
ഇസ്രയേൽ- പാലസ്തീൻ പോരാട്ടം ഒൻപതാം ദിവസത്തിലേയ്ക്ക് കടക്കുമ്പോൾ മരണം 3600 ആയി ഉയർന്നു. പാലസ്തീനിൽ മാത്രം 2300 പേർ കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ നിരവധി പേർ ഗാസയിലെ ആശുപത്രിയിൽ ഉണ്ട്. ഇവരുടെ ചികിത്സയ്ക്കാവശ്യമായ മരുന്നുകളുമായി എത്തിയ ഐക്യരാഷ്ട്രസഭയുടെ ട്രക്കുകൾക്ക് ഗാസയിലേയ്ക്ക് കടക്കാൻ കഴിഞ്ഞിട്ടില്ല. ഈജിപ്ത് – പാലസ്തീൻ അതിർത്തി ഗേറ്റായ റാഫാഹ്-ന് പുറത്ത് ട്രക്കുകൾ കാത്ത് കെട്ടി കിടക്കുന്നു. മരുന്ന് എത്താൻ വൈകുന്ന ഓരോ നിമിഷവും മരണ നിരക്ക് വർദ്ധിക്കുമെന്നാണ് ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്. പക്ഷെ ഈജിപ്ത് അതിർത്തി ഗേറ്റ് കടന്ന് പാലസ്തീനിലേയ്ക്ക് ട്രക്കുകൾ എത്തിയാൽ മിസൈൽ ഉപയോഗിച്ച് തകർക്കുമെന്നാണ് ഇസ്രയേൽ ഭീഷണി. അത് കൊണ്ട് അതിർത്തി ഗേറ്റുകൾ ഈജിപ്ത് തുറക്കുന്നില്ല. പാലസ്‌തീനിൽ കുടുങ്ങിപ്പോയ വിദേശികളെ റാഫാഹ് അതിർത്തി വഴി പുറത്ത് എത്തിക്കാൻ അമേരിക്കയും, ഇംഗ്ലണ്ടും ശ്രമിക്കുന്നുണ്ട്. ഇതിനായി ഇസ്രയേലുമായി ചർച്ച പുരോഗമിക്കുകയാണെന്ന് ഇരുരാജ്യങ്ങളും അറിയിച്ചു. ഏതെങ്കിലും തരത്തിൽ ഇസ്രയേൽ അനുകൂലമായി പ്രതികരിച്ചാൽ അതിർത്തി തുറക്കുമെന്നാണ് പ്രതീക്ഷ.
Read Also : ഇസ്രായേൽ ഹമാസ് യുദ്ധത്തിൽ ഇനിയെന്തു സംഭവിക്കും ? നിർണ്ണായ ശക്തിയാകുമോ ഈ പടിഞ്ഞാറൻ രാജ്യത്തിന്റെ ഇടപെടൽ ?