ഫലസ്തീൻ പ്രദേശത്ത് ഹമാസിൻ്റെ ബന്ദികളെ അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ മോചിപ്പിച്ചില്ലെങ്കിൽ മാർച്ച് 10 നകം ഗാസ മുനമ്പിലെ റഫയിൽ ഇസ്രായേൽ സൈന്യം കരാക്രമണം നടത്തുമെന്ന് ഇസ്രായേൽ യുദ്ധ കാബിനറ്റ് ഞായറാഴ്ച (ഫെബ്രുവരി 18) മുന്നറിയിപ്പ് നൽകി. “ലോകം അറിയണം, ഹമാസ് നേതാക്കൾ അറിയണം – റമദാനിൽ നമ്മുടെ ബന്ദികൾ വീട്ടിലില്ലെങ്കിൽ, റഫ പ്രദേശം ഉൾപ്പെടെ എല്ലായിടത്തും പോരാട്ടം തുടരും.” യുദ്ധ കാബിനറ്റ് അംഗം ബെന്നി ഗാൻ്റ്സ് പറഞ്ഞതായി ദി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്യുന്നു. റാഫയിൽ യുദ്ധമരുതെന്നും സാധാരണക്കാരുടെ ജീവൻ സംരക്ഷിക്കണമെന്നും അന്താരാഷ്ട്രതലത്തിൽ സമ്മർദമുയരവേയാണ് യുദ്ധകാര്യമന്ത്രിസഭാംഗമായ ബെന്നി ഗാന്റ്സിന്റെ മുന്നറിയിപ്പുണ്ടായത്. മാർച്ച് 10 നാണ് മുസ്ലീങ്ങളുടെ വ്രതാനുഷ്ഠാനത്തിൻ്റെ വിശുദ്ധ മാസമായ റമദാൻ ആരംഭിക്കുന്നത്.
യു.എസുമായും ഈജിപ്തുമായും ഏകോപിപ്പിച്ച് സാധാരണക്കാരുടെ സുരക്ഷ പരമാവധി ഉറപ്പുവരുത്തിയാകും റാഫയിലെ നടപടിയെന്ന് ഗാന്റ്‌സ് പറഞ്ഞു. ഗാസ മുനമ്പിൽ ഹമാസ് തീവ്രവാദികളുടെ അവസാന ശക്തികേന്ദ്രമാണ് റഫ. കഴിഞ്ഞ വർഷം ഒക്ടോബറിൽ ആരംഭിച്ച സംഘർഷം മുതൽ, ഒരു ദശലക്ഷത്തിലധികം ഫലസ്തീനികൾ യുദ്ധത്തിൽ നിന്ന് അഭയം തേടി നഗരത്തിലേക്ക് പലായനം ചെയ്തിട്ടുണ്ട്.