ജറുസലേം: പലസ്തീനെതിരെയുള്ള സംഘര്‍ഷം കനക്കുന്നതിന്റെ കൂടുതൽ തിരിച്ചടി നൽകാനൊരുങ്ങി ഇസ്രയേല്‍. 23 ലക്ഷം പേര്‍ തിങ്ങിപ്പാര്‍ക്കുന്ന ഗാസയിലേക്കുള്ള വൈദ്യുതി, ഇന്ധനം, ചരക്കുകള്‍ എന്നിവയുടെ വിതരണം ഇസ്രയേല്‍ നിർത്തിവെച്ചു. വീടുകള്‍ വിട്ട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ ഗാസയിലെ ജനങ്ങളോട് ഇസ്രയേല്‍ നിർദേശം നൽകിയിട്ടുണ്ട്. പലസ്തീന്റെ സമ്പൂര്‍ണ ഉന്മൂലനം എന്ന പ്രഖ്യാപനത്തോടെയാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
തെക്കന്‍ ഇസ്രയേലില്‍ ഹമാസ് പ്രവര്‍ത്തകരും ഇസ്രയേല്‍ സേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. ഹമാസിന്റെ 17 കേന്ദ്രങ്ങള്‍ ഇതിനോടകം തകര്‍ത്തതായും ഇസ്രയേല്‍ അവകാശപ്പെടുന്നു. ഗാസയെ പാടെ തകര്‍ക്കുന്ന നിലയിലാണ് നിലവില്‍ ഇസ്രയേല്‍ വ്യോമാക്രമണങ്ങള്‍ പുരോഗമിക്കുന്നത്. ഇതിനിടെ വടക്കന്‍ ഇസ്രയേല്‍ മേഖലയില്‍ നടന്ന മോര്‍ട്ടാര്‍ ഷെല്ലാക്രമണത്തിന്റെ ഉത്തരവാദിത്തം ലെബനനിലെ ഹിസ്ബുള്ള ഏറ്റെടുത്തു. ലെബനീസ് ഷെബാ ഫാംസ് ഏരിയയിലെ മൂന്ന് ഇസ്രായേലി അധിനിവേശ പ്രദേശങ്ങളാണ് തങ്ങള്‍ ലക്ഷ്യമിട്ടതെന്ന് ഹിസ്ബുള്ള പ്രസ്താവനയില്‍ അറിയിച്ചു. പിന്നാലെ ഹാസയോട് ചേര്‍ന്ന ലെബനീസ് അതിര്‍ത്തി മേഖലയിലും ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയതായാണ് റിപ്പോർട്ട്.
ഷെബാ ഫാമിലെ റഡാർ സൈറ്റ് ഉൾപ്പെടെ മൂന്ന് പോസ്റ്റുകൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഹിസ്ബുള്ള രേഖാമൂലമുള്ള പ്രസ്താവനയിൽ പറഞ്ഞു. 1967 മുതൽ തങ്ങളുടേതെന്ന് അവകാശപ്പെട്ട് ഇസ്രയേൽ അധിനിവേശം നടത്തിയ ലെബനാനിലെ സ്ഥലമാണ് ഷെബാ ഫാം. തെക്കൻ ലെബനാനിലെ ആക്രമണത്തിന് പിന്നാലെയാണ് ഇസ്രയേൽ ഹമാസിനെതിരെ തിരിച്ചടി ആരംഭിച്ചത്.
Read Also: കുരുതിക്കളമായി ഇസ്രയേൽ- പലസ്തീൻ യുദ്ധം; പുലർച്ചെ വരെയുള്ള കണക്കു പ്രകാരം കൊല്ലപ്പെട്ടവർ അഞ്ഞൂറിലധികം