ആലപ്പുഴ: 90 ഗ്രാം കഞ്ചാവുമായി മകൻ പിടിയിലായി എന്ന് മാധ്യമങ്ങൾ വാർത്ത നൽകിയത് ശരിയാണോ? ചോദ്യമുയർത്തി യു പ്രതിഭ എംഎൽഎ രംഗത്ത്. ഇല്ലാത്ത കാര്യമാണ് മാധ്യമങ്ങൾ വാർത്തയായി പറഞ്ഞതെന്നും യു. പ്രതിഭ എം.എൽ.എ പറയുന്നു.
പ്രതിഭയുടെ മകനെ കഞ്ചാവുമായി പിടികൂടിയെന്ന തരത്തിൽ ഒരുമാസം മുമ്പ് പുറത്തുവന്ന വാർത്തകളെകുറിച്ചായിരുന്നു ഇവരുടെ പ്രതികരണം. ഒരു ടെലിവിഷൻ പരിപാടിയിൽ പങ്കെടുക്കവെയാണ് യു പ്രതിഭ എം.എൽ.എ ഇക്കാര്യം വീണ്ടും ഉയർത്തിയത്.
എന്തിനാണ് മാധ്യമങ്ങൾ ഈ സംഭവം ഇത്രയും ആഘോഷിച്ചത് എന്ന് പ്രതിഭ ചോദിക്കുന്നു. ഇല്ലാത്ത ഒരു കാര്യമാണ് മാധ്യമങ്ങൾ അന്നുപറഞ്ഞത്. എന്നിട്ടും മാധ്യമങ്ങൾക്ക് മതിയായില്ല. അമ്മ രാഷ്ട്രീയത്തിൽ നിൽക്കുന്നത് കൊണ്ടായിരിക്കും മാധ്യമങ്ങൾ തന്നെ ഉപദ്രവിച്ചത് എന്നാണ് മകൻ ലൈവ് വീഡിയോയിലൂടെ ആരോപിച്ചത്.
ഒരവസരത്തിൽ രാഷ്ട്രീയം വീട്ടാലോ എന്നുവരെ ആലോചിച്ചിട്ടുണ്ടെന്നും പ്രതിഭ പറഞ്ഞു. താൻ എന്തു പറഞ്ഞാലും സോഷ്യൽ മീഡിയയിൽ അതിന്റെ താഴെ വന്ന് അസഭ്യം പറഞ്ഞിട്ടു പോകുന്നവർ നിരവധി. നമ്മുടെ നാട്ടിലെ ഏറ്റവും വലിയ പ്രശ്നം തെരുവ് നായ ആക്രമണമാണ്.
അതുപോലത്തെ തെരുവ് നായ്ക്കൾ സോഷ്യൽ മീഡിയയിൽ ധാരാളം ഉണ്ടെന്ന് പ്രതിഭ ചൂണ്ടിക്കാണിക്കുന്നു. ഇത്തരക്കാരെ നിയന്ത്രിക്കാൻ പ്രത്യേക ബില്ല് കൊണ്ടുവരണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
പ്രതിഭയുടെ മകൻ കനിവിനെ കഞ്ചാവുമായി എക്സൈസ് അറസ്റ്റ് ചെയ്തെന്ന വാർത്തകൾ ഇക്കഴിഞ്ഞ ഡിസംബറിലാണ് പുറത്തുവന്നത്.