ഞായറാഴ്ച ധർമ്മശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ന്യൂസിലൻഡിനെതിരെ മുഹമ്മദ് ഷമി അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയതിന് പിന്നാലെ ഷമിയെ ഫെരാരിയുമായി താരതമ്യം ചെയ്ത് മുൻ പേസർ ഇർഫാൻ പത്താൻ. “മുഹമ്മദ് ഷമി ഫെരാരിയെപ്പോലെയാണ്. നിങ്ങൾ അത് ഗാരേജിൽ നിന്ന് പുറത്തെടുക്കുമ്പോഴെല്ലാം അത് ഓരോ തവണയും ഓടിക്കാൻ ഒരേ സ്പീഡ് ത്രില്ലും സന്തോഷവും നൽകും,” ഇർഫാൻ പത്താൻ എക്‌സിൽ (മുൻ ട്വിറ്റർ) കുറിച്ചു. ഷമിയുടെ മിന്നും പ്രകടനമാണ് ന്യൂസിലൻഡിനെ 273 എന്ന സ്കോറിലൊതുക്കാൻ ഇന്ത്യയെ സഹായിച്ചത്.
2015ലെ ഏകദിന ലോകകപ്പിലാണ് ഷമിയുടെ അരങ്ങേറ്റം. ലോകകപ്പുകളിൽ ഇതുവരെ അദ്ദേഹത്തിന്റെ വിക്കറ്റ് നേട്ടം 36 ആണ്. ലോകകപ്പിലെ മികച്ച പ്രകടനം 5/54 . ഞായറാഴ്ചത്തെ ന്യൂസിലൻഡിനെതിരായ മിന്നുന്ന പ്രകടനത്തോടെ ഷമി ഏകദിന ലോകകപ്പിന്റെ ചരിത്രത്തിൽ രണ്ട് അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരമായി. അനിൽ കുംബ്ലെയെ മറികടന്ന് ഐസിസി ക്രിക്കറ്റ് ലോകകപ്പിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ രണ്ടാമത്തെ ബൗളറായും ഷമി മാറി. ഷമിയുടെ മിന്നുന്ന പ്രകടനത്തിന് പിന്നാലെ കോഹ്‌ലിയുടെ തകർപ്പൻ ബാറ്റിങ്ങും കൂടിയായപ്പോൾ ഇന്ത്യ ന്യൂസിലന്ഡിനെതിരെ അഞ്ചാം വിജയം സ്വന്തമാക്കി. 4 വിക്കറ്റിനാണ് ഇന്ത്യൻ ജയം. സെഞ്ചുറിക്കടുത്ത് 95 റൺസിൽ നിൽക്കവേ കോഹ്ലി പുറത്തായതുമാത്രമാണ് ഇന്ത്യക്ക് നിരാശ സമ്മാനിച്ചത്.