കുടിയേറ്റക്കാർക്കെതിരെ നടപടികളുമായി അയർലണ്ട്; 3370 പേരെ നാടുകടത്താന്‍ ഉത്തരവ്.
ഡബ്ലിന്‍ ∙ അനധികൃതവും നിയമവിരുദ്ധവുമായ കുടിയേറ്റക്കാരെ നേരിടുന്നതില്‍ അയര്‍ലന്‍ഡ് ജസ്റ്റിസ് വകുപ്പ് ശക്തമായ നിലപാട് സ്വീകരിച്ചു.
ജസ്റ്റിസ് മന്ത്രിയുടെ നാടുകടത്തല്‍ ഉത്തരവുകളില്‍ വന്‍ വര്‍ദ്ധന വന്നതോടെ, രാജ്യത്ത് അനധികൃതമായി തുടരുന്ന കുടിയേറ്റക്കാരെതിരായ നടപടികള്‍ കൂടുതല്‍ കടുപ്പിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്.
പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ (PAC) പുതിയ കണക്കുകള്‍ പ്രകാരം, 2025-ല്‍ ഇതുവരെ പുറപ്പെടുവിച്ച നാടുകടത്തല്‍ ഉത്തരവുകള്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 40% അധികമാണ്.
ഒമ്പത് മാസത്തില്‍ 3,370 നാടുകടത്തല്‍ ഉത്തരവുകള്‍
ജസ്റ്റിസ് വകുപ്പ് ഒമ്പത് മാസത്തിനിടെ 3,370 നാടുകടത്തല്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചതായി സ്ഥിരീകരിച്ചു. 2024-ല്‍ 2,403, 2023-ല്‍ 857 ഉത്തരവുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ പലരും ഉത്തരവ് ലഭിച്ചിട്ടും വിവിധ കാരണങ്ങളാല്‍ രാജ്യത്ത് തുടരുകയാണ്.
കുടിയേറ്റക്കാർക്കെതിരെ നടപടികളുമായി അയർലണ്ട്; 3370 പേരെ നാടുകടത്താന്‍ ഉത്തരവ്.
നാടുകടത്തലിന് വിധേയരായവരില്‍ അഭയാര്‍ത്ഥികള്‍ മാത്രമല്ല, നിയമാനുസൃതമായി രാജ്യം പ്രവേശിച്ച ശേഷം വിസ കാലാവധി കഴിഞ്ഞിട്ടും തുടരുന്നവര്‍, അനുമതിയില്ലാതെ ജോലി ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍, നിയമാനുസൃത പ്രക്രിയകള്‍ പൂര്‍ത്തിയാക്കാത്തവര്‍ എന്നിവരും ഉള്‍പ്പെടുന്നു.
അഭയാര്‍ത്ഥി അപേക്ഷകളില്‍ നൈജീരിയ മുന്‍നിരയില്‍
ഈ വര്‍ഷം അയര്‍ലന്‍ഡില്‍ ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥി അപേക്ഷകള്‍ നൈജീരിയയില്‍ നിന്നാണ് (1,401) ലഭിച്ചത്. തുടര്‍ന്ന് സോമാലിയ (1,315), പാകിസ്ഥാന്‍ (1,230), അഫ്ഗാനിസ്ഥാന്‍ (967), ജോര്‍ജിയ (690) എന്നീ രാജ്യങ്ങളും മുന്‍നിരയിലാണ്.
ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ അക്കോമഡേഷന്‍ സര്‍വീസസ് (IPAS) നടത്തുന്ന 316 കേന്ദ്രങ്ങളിലായി 32,617 പേര്‍ (അതില്‍ 9,567 കുട്ടികള്‍ ഉള്‍പ്പെടെ) ഇപ്പോഴും താമസിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കെട്ടിക്കിടക്കുന്ന അപേക്ഷകളില്‍ കുറവ്
2025-ല്‍ ഇതുവരെ ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷനായി 9,589 പുതിയ അപേക്ഷകള്‍ ലഭിച്ചു. കഴിഞ്ഞ വര്‍ഷത്തെ 22,554 അപേക്ഷകളില്‍ നിന്നും കെട്ടിക്കിടക്കുന്നവരുടെ എണ്ണം 17,021 ആയി കുറഞ്ഞു.
എന്നിരുന്നാലും, അപ്പീലുകള്‍ പരിഗണിക്കുന്ന ശരാശരി സമയം 10 മാസത്തില്‍ നിന്ന് 12.8 മാസമായി വര്‍ദ്ധിച്ചു, ഇതുകൂടി അപേക്ഷകള്‍ തീര്‍ക്കുന്നതില്‍ വൈകലിന് കാരണമായി.
സാമ്പത്തിക കാര്യക്ഷമതയും ജീവനക്കാരുടെ വര്‍ദ്ധനയും
വകുപ്പ് 104 IPAS കരാറുകള്‍ പുനഃസംഘടിപ്പിച്ചിലൂടെ (re-negotiation) 52.9 മില്യണ്‍ യൂറോ ലാഭം നേടി. അതോടൊപ്പം 2022 മുതല്‍ ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ ഓഫീസിലെ ജീവനക്കാരുടെ എണ്ണം മൂന്നിരട്ടിയായി, ഇപ്പോഴത് 630 ആയി ഉയര്‍ന്നിട്ടുണ്ട്.
വോളന്ററി റിട്ടേണിനാണ് പ്രാധാന്യം
ജസ്റ്റിസ് വകുപ്പ് ഉദ്യോഗസ്ഥര്‍ നാടുകടത്തല്‍ നടപടികള്‍ ചെലവേറിയതും സങ്കീര്‍ണ്ണവുമാണെന്ന് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയെ അറിയിച്ചു. അതിനാല്‍ യൂറോപ്യന്‍ യൂണിയന്‍ തലത്തില്‍ തന്നെ സ്വമേധയാ നാട്ടിലേക്ക് മടങ്ങുന്ന (voluntary return) പദ്ധതികള്‍ക്ക് പ്രോത്സാഹനം നല്‍കുകയാണ് പ്രധാന ലക്ഷ്യമെന്ന് അവർ വ്യക്തമാക്കി.
ഇന്ത്യക്കാര്‍ക്കും ബാധ്യത
നാടുകടത്തലിന് വിധേയരായവരില്‍ നിരവധി ഇന്ത്യക്കാരും ഉള്‍പ്പെടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍, ഇവരില്‍ അഭയാര്‍ത്ഥികളുടെ എണ്ണം വളരെ കുറവാണ്.
വിസ പരിധിയ്ക്ക് മേലായി ജോലി ചെയ്ത ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് കൂടുതലായും ലക്ഷ്യമാക്കിയിരിക്കുന്നത്. തൊഴിലിടങ്ങളില്‍ പരിശോധനകള്‍ക്കിടയിലാണ് ഇവരില്‍ പലരും പിടിക്കപ്പെട്ടത്.
വിസ നിബന്ധനകള്‍ ലംഘിക്കുന്നതും അധിക സമയത്ത് ജോലി ചെയ്യുന്നതും അയര്‍ലന്‍ഡിലെ നിയമപ്രകാരം ഗുരുതരമായ കുറ്റകരമായ പ്രവൃത്തിയായി കണക്കാക്കപ്പെടുന്നു.
നാടുകടത്തല്‍ ഉത്തരവുകളിലെ ഈ വര്‍ദ്ധന അയര്‍ലന്‍ഡ് നിയമാനുസൃത കുടിയേറ്റ സംവിധാനത്തെ ഉറപ്പാക്കാനുള്ള സര്‍ക്കാരിന്റെ ശക്തമായ നീക്കമാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.









