ദേവിന റെജി
മദ്യപാനത്തേക്കാൾ ഭീകരമാണ് മയക്കുമരുന്നിന്റെ ഉപയോഗം. അതിൽ തന്നെ പുതിയപരീക്ഷണങ്ങൾ നടത്തുകയാണ് കൗമാരക്കാർ. ലഹരിയുടെ മായികലോകത്തേക്കുള്ള വാതായനങ്ങൾ അവർക്കുമുമ്പിൽ മലർക്കെ തുറന്നിട്ടിരിക്കുകയുമാണ്. സംസ്ഥാനത്തെ സ്‌കൂൾ കോളജുകൾ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് വ്യാപാരം. വിൽക്കാനും വാങ്ങാനും ഹോൾസെയിലായി കൊണ്ടുവരുന്നതിനും വിദ്യാർഥികൾ. ചരട് വലിക്കാൻമാത്രം അന്തർ സംസ്ഥാന റാക്കറ്റുകൾ. വിപണനത്തിന് ഹൈടെക് സംവിധാനങ്ങളുമായി ഇങ്ങനെയൊരു മാഫിയ ഇവിടെ സജീവമാണെന്നറിയുമ്പോഴും അതിന്റെ ഭീകരാവസ്ഥ രക്ഷിതാക്കൾ വേണ്ടവിധത്തിൽ മനസ്സിലാക്കിയിട്ടില്ല.
തുടക്കം വിനോദയാത്രയിൽ
45ശതമാനം കുട്ടികളും അവരുടെ ഒഴിവുവേളകൾ എങ്ങനെ ചെലവഴിക്കുന്നുവെന്ന് രക്ഷിതാക്കൾ അറിയുന്നേയില്ല. വിനോദയാത്രക്കും മറ്റും പോകുന്നതിനിടയിൽ പുഴയിലും കടലിലും കുളിക്കാനിറങ്ങുന്ന കുട്ടികൾ അപകടത്തിൽപെട്ട് മരിക്കുന്നവാർത്ത പത്രങ്ങളിൽ വല്ലാതെ നിറയുന്നു. പക്ഷേ മരണത്തിനിരയാകുന്നവരിൽ മിക്കവരും മദ്യലഹരിയിലാണ് മരണപ്പെട്ടതെന്നകാര്യം മൂടിവെക്കപ്പെടുകയാണ് ചെയ്യുന്നത്.
ലഹരി പകരാൻ മാജിക് കൂണും
ലഹരിയിൽ പുതുവഴി തേടുന്ന യുവതലമുറയെ വലയിലാക്കാൻ മാജിക് കൂണും. കൊടൈക്കനാലിൽ തണുപ്പുള്ള കാലാവസ്ഥയിൽ വളരുന്ന സവിശേഷ ഇനം കൂണാണ് ലഹരി വസ്തുവായി ഉപയോഗിക്കുന്നത്. പച്ചയ്ക്കും ഉണക്കിയും ഉപയോഗിക്കുന്ന കൂണിൽ അടങ്ങിയ സിലോസിബിൻ എന്ന രാസവസ്തുവാണ് ലഹരി പകരുന്നത്. സിലോസിബിൻ ലഹരിനിരോധന പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും കൂൺ എൻഡിപിഎസ് പട്ടികയിൽ ഉൾപ്പെടാത്തതിനാൽ കൈയോടെ പിടിച്ചാലും പ്രതികൾക്കെതിരെ കേസെടുക്കാൻ എക്‌സൈസ് വകുപ്പിനാകില്ല. രാസപരിശോധന നടത്തി ഇതിലടങ്ങിയ രാസവസ്തു പരിശോധിച്ചു മാത്രമേ കേസെടുക്കാനാവൂ. നിലവിൽ കേരളത്തിൽ അതിനുള്ള സംവിധാനമില്ല. കൊടൈക്കനാലിൽ വിനോദയാത്രയ്ക്ക് പോകുന്ന സംഘമാണ് കൂൺ ലഹരി സംഘത്തിന്റെ പ്രധാന ഇടപാടുകാർ. ലോഡ്ജുകളിൽ മുറിയെടുക്കുന്നവരെ ഇടനിലക്കാർവഴിയാണ് സംഘം സമീപിക്കുക. ഒരു ഡസൻ കൂണിന് 750 രൂപയാണ് വില. തേനിൽ മുക്കിയാണ് ഇവ കഴിക്കുക. ആറെണ്ണം കഴിക്കുമ്പോഴേക്കും ലഹരിക്ക് അടിപ്പെടും. ലഹരി ഒരാഴ്ചവരെ നിലനിൽക്കും എന്നതാണ് ഇതിന്റെ സവിശേഷത. തണുപ്പിൽ മാത്രമാണ് ഇതിന്റെ ലഹരി അനുഭവിക്കാനാവുക. അതിനാൽ ശീതീകരിച്ച മുറിയിലാണ് ഇതിന്റെ ഉപയോഗം. വീണ്കിടക്കുന്ന മരത്തിന്റെ അടിയിലാണ് ഇവ പ്രധാനമായും വളരുന്നത്. കുതിരച്ചാണകത്തിൽ ഇവ മുളപ്പിച്ചെടുക്കുന്നതായും വിവരമുണ്ട്.
എക്‌സൈസ് വകുപ്പ് നടത്തിയ പരിശോധനയിൽ മാജിക് കൂണിന് മറ്റ് ലഹരിവസ്തുക്കളേക്കാൾ മാരക ശേഷിയുള്ളതായി കണ്ടെത്തിയിട്ടുണ്ട്. തലച്ചോറിന് ഗുരുതര പ്രഹരമേൽപ്പിക്കുന്നതിനാൽ ഇതുപയോഗിച്ചവർക്ക് ഓർമശക്തി പൂർണമായും നഷ്ടപ്പെട്ട് മാനസികനില തകരുന്നു. ഇവർ പിന്നീട് പഴയ അവസ്ഥയിലേക്ക് മടങ്ങിവരുന്നില്ലെന്നും പഠനം തെളിയിക്കുന്നു. ഇത് ആത്മഹത്യയിലേക്കും അക്രമസ്വഭാവങ്ങളിലേക്കും നയിക്കുന്നതായും പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
ലഹരി കവർന്നെടുത്ത ജീവിതങ്ങൾ
മദ്യ ദുരന്തങ്ങളുടെയും അതുമൂലമുണ്ടാകുന്ന മരണങ്ങളുടെയും കണക്കുകൾ പത്രവാർത്തകളിലൂടെ ദിനവും നമ്മുടെ മുമ്പിലെത്തുന്നു. അതുകണ്ട് നമ്മിൽ പലരും ഞെട്ടുകയും ചിലപ്പോൾ രോഷം കൊള്ളുകയും ചെയ്യുന്നു. ഇതിനുമൊക്കെ എത്രയോ അപ്പുറത്താണ് മയക്കുമരുന്ന് മൂലം പൊലിയുന്ന ജീവിതങ്ങളുടെ അംഗസംഖ്യ. അവരുടെ പ്രായമോ മുപ്പത് വയസ്സിൽ താഴെയുമാണ്. എന്നാൽ മയക്കുമരുന്ന് ദുരന്തങ്ങളുടെ മരണസംഖ്യയുടെ കണക്കെടുക്കാനാവുന്നേയില്ല. ഓരോ ദിവസവും നമ്മുടെ നാട്ടിൻപുറങ്ങളിലും നഗരപ്രദേശങ്ങളിലും മയക്കുമരുന്നിന്റെ ലഹരിയിൽ എരിഞ്ഞൊടുങ്ങുന്നത് കൗമാരപ്രായത്തിലുള്ള നിരവധി കുട്ടികളാണ്.
മദ്യപിക്കുമ്പോൾ വാസനയുണ്ടാകുമെന്ന് ഭയക്കുന്നവർക്കും മയക്കുമരുന്ന് അഭയമായി മാറുന്നുണ്ട്. നേരത്തെ അൻപത് വയസിനുമുകളിലുള്ളവരായിരുന്നു മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി ചികിത്സക്കെത്തിയിരുന്നതെങ്കിൽ ഇന്നവരുടെ പ്രായം പതിനാലാണ്. ബോറഡിമാറ്റാനാണ് 15 ശതമാനം മദ്യപിക്കുന്നത്. 45 ശതമാനം കുട്ടികളും പ്ലസ്ടുതലത്തിലെത്തുമ്പോൾ തന്നെ മാസത്തിൽ അഞ്ചോ ആറോ തവണ മദ്യപിക്കുന്നു. മെട്രോ നഗരങ്ങളിലെ കുട്ടികൾ പ്രതിവർഷം 3500നും 4500നും ഇടയിൽ രൂപ മദ്യപിക്കാനായി ചെലവഴിക്കുന്നു. 40 ശതമാനം പെൺകുട്ടികൾക്കും 15നും 17നും ഇടയിലുള്ള പ്രായത്തിൽ ആദ്യത്തെ മദ്യപാനാനുഭവമുണ്ടാകുന്നു. പ്രണയദിനം, ജന്മദിനം, സെന്റോഫ് മറ്റു ആഘോഷവേളകളിലൂടെയാണ് 70 ശതമാനമാളുകളും മദ്യപാനത്തിന് തുടക്കം കുറിക്കുന്നത്.
“നമ്മുടെ നാട്ടില്‍ മദ്യവും മയക്കു മരുന്നും ഇല്ലാത്ത ആഘോഷങ്ങള്‍ കുറവാണെന്നതാണ് വാസ്തവം. പങ്കെടുക്കുന്നവര്‍ക്ക് ഹരം നല്‍കണമെങ്കില്‍ പാര്‍ട്ടികള്‍ക്ക് മുന്തിയ ഇനം മദ്യം തന്നെ വിളമ്പണം.
മയക്കുമരുന്ന് വിളമ്പുന്ന വേദികളും കുറവല്ല. ഉപയോഗിക്കുന്നവരില്‍ മുതിര്‍ന്നവര്‍ എന്നോ ചെറുപ്പകാരെന്നോ വ്യത്യാസം ഇല്ല. പണ്ടൊക്കെ മറഞ്ഞിരുന്നു ചെയ്തിരുന്ന മദ്യപാനം ഇന്ന് തുറന്ന വേദികളിലെന്ന വ്യത്യാസം മാത്രമാണുള്ളത്. നമ്മുടെ സമൂഹത്തില്‍ ഈ കാര്യത്തില്‍ വന്ന മാറ്റങ്ങള്‍ സൂചിപ്പിച്ചെന്നു മാത്രം. ഒളിച്ചും പാത്തും അല്ലാതെയും നിരന്തരമായും “അഭിമാനക്ഷതമില്ലാതെ”യും നിത്യജീവിതത്തില്‍ നമ്മുടെ ചെറുപ്പക്കാര്‍ക്ക് പണ്ടത്തേക്കാള്‍ കൂടുതല്‍ അവസരമാണ് മദ്യപിക്കാനും മയക്കുമരുന്ന് ഉപയോഗിക്കാനും കിട്ടുന്നത് എന്ന് സാരം. എന്തുതരം ക്രൂരതയും ചെയ്യാൻ മടിയില്ലാത്ത സംഘങ്ങൾ ഇവരിലൂടെ രൂപപ്പെടുന്നു എന്നതും ഇതിനെക്കുറിച്ച് അറിയാവുന്നവരുടെ ഉറക്കം കെടുത്തുന്നു. മയക്കുമരുന്നുകൾ അത്രമേൽ അവരുടെ തലച്ചോറിനെ സ്വാധീനിക്കുന്നു. ഇത് നിരീക്ഷണമല്ല, മറിച്ച് മനോരോഗ വിദഗ്ധരുടെ കണ്ടെത്തലാണ്.യുവാക്കളെ അംഗീകരിക്കുക, അവരുടെ നേട്ടങ്ങളില്‍ പ്രോത്സാഹനം നടത്തുക, അവരില്‍ ആത്മാഭിമാനവും മാനസിക ധൈര്യവും ഉണ്ടാക്കുക. അവരുടെ ദുഃഖത്തിലും സന്തോഷത്തിലും വീട്ടുകാര്‍ പങ്കുചേരുക. അതിനു ആദ്യം ചെയ്യേണ്ടത് അളവറ്റു സ്നേഹിക്കുക എന്ന താണ്. വീടിന്റെയും നാടിന്റെയും ഭാവി യുവാക്കളിലെന്ന് സമൂഹവും തിരിച്ചറിയണം. നമ്മുടെ യുവതയെ മദ്യത്തില്‍ നിന്നും മയക്കുമരുന്നില്‍ നിന്നും രക്ഷപ്പെടുത്തുക.
Also Read: 16 പേരുടെ ജീവന് പകരം 37 പേരുടെ തല കൊയ്ത മേജര്‍ചാന്ദ് മല്‍ഹോത്ര