ദേവിന റെജി
പ്രണയം നിരസിച്ചാല്‍ ജീവനെടുത്ത് പക തീര്‍ക്കുന്ന ചാവേറുകളുടെ കാലത്താണ് ആത്മാര്‍ത്മായി സ്‌നേഹിച്ച ചെറുപ്പക്കാരനെ കഷായത്തില്‍ വിഷം ചേര്‍ത്ത് ഒരുവള്‍ ഇല്ലാതാക്കിയത്. പറഞ്ഞുവന്നത് തിരുവനന്തപുരം പാറശ്ശാലയിലെ ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മയെ കുറിച്ചാണ്. കഴിഞ്ഞ 11 മാസമായി ജയിലില്‍ കഴിയുകയായിരുന്ന ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.
2022 ഒക്‌ടോബര്‍ 14നായിരുന്നു പാറശാല സ്വദേശിയും വിദ്യാര്‍ത്ഥിയുമായ ഷാരോണിന് ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കിയത്. കേരള മനസ്സാക്ഷി പോലും വിറങ്ങലിച്ചുപോയ കൊലപാതകമായിരുന്നു ഷാരോണിന്റേത്.
കേസില്‍ പ്രതികളായ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മയുടെ സഹോദരന്‍ നിര്‍മല്‍ എന്നിവര്‍ക്ക് മുമ്പ് ജാമ്യം ലഭിച്ചിരുന്നു.
ക്രൈം സ്‌റ്റോറികള്‍ മാതൃകയാക്കിയ ഗ്രീഷ്മ
പഠനകാര്യങ്ങളില്‍ കാട്ടിയ ഏകാഗ്രതയും മികവും കുറ്റകൃത്യത്തിന്റെ ആസൂത്രണത്തിലും ഗ്രീഷ്മ പുലര്‍ത്തിയത് അന്വേഷണസംഘത്തെപ്പോലും അമ്പരപ്പിച്ച ഒന്നാണ്. പോരാത്തതിന് ഹൊറര്‍ സിനിമകളും ക്രൈം സീരിയലുകളുമായിരുന്നു ഗ്രീഷ്മയ്ക്ക് പ്രിയം. സൈബര്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് ഗ്രീഷ്മയുടെ ക്രിമിനല്‍ കമ്പം വെളിപ്പെട്ടത്. ഇംഗ്ലീഷ് ഉള്‍പ്പെടെ അന്യഭാഷകളിലുള്ള ഹൊറര്‍ ചിത്രങ്ങളും ചോരചിന്തുന്ന അക്രമദൃശ്യങ്ങളുള്‍പ്പെട്ട ക്രൈം സീരിയലുകളും മറ്റുമാണ് ഗ്രീഷ്മ നിരന്തരം കണ്ടിരുന്നത്.
പ്രണയത്തില്‍ നിന്ന് പിന്തിരിയാന്‍ പല തവണ ശ്രമിച്ചിട്ടും ഷാരോണ്‍ വിട്ടുപോകുന്നില്ലെന്ന് മനസിലാക്കിയതോടെയാണ് ഗ്രീഷ്മയുടെ ചിന്ത കൊലപാതകത്തിലേക്ക് തിരിഞ്ഞത്. ഷാരോണിനെ വകവരുത്താന്‍ മാനസികമായി തയാറെടുത്ത ശേഷം അവനെ വീട്ടിലേക്ക് ക്ഷണിച്ച ഗ്രീഷ്മ യാതൊരു കൂസലുമില്ലാതെയാണ് വിഷം കലര്‍ത്തിയ കഷായം നല്‍കിയത്. ഒരു കാര്യം തീരുമാനിച്ചാല്‍ അതില്‍ ഉറച്ചുനില്‍ക്കുന്ന പ്രകൃതക്കാരിയായതിനാല്‍ തെല്ല് ഭയമില്ലാതെയാണ് ഷാരോണിനെ കൊലപ്പെടുത്താന്‍ ഗ്രീഷ്മ കരുക്കള്‍ നീക്കിയത്.
ഷാരോണിന്റെ ആരോഗ്യനില അനുദിനം വഷളായി കൊണ്ടിരുന്നിട്ടും കീടനാശിനിയുടെ പേര് വെളിപ്പെടുത്തി അവനെ രക്ഷപെടുത്താനുള്ള അവസരം ഗ്രീഷ്മ നിഷേധിക്കുകയായിരുന്നു. വിഷം എന്താണെന്ന് അറിയിച്ചിരുന്നെങ്കില്‍ പ്രതിമരുന്ന് നല്‍കി രക്ഷപ്പെടുത്താന്‍ കഴിയുമെന്നും ഗ്രീഷ്മയ്ക്ക് അറിവുണ്ടായിരുന്നു.
ഒടുവില്‍ കുറ്റസമ്മതം നടത്തി
അന്വേഷണത്തിന്റെ തുടക്കംതൊട്ടു തന്നെ പാറശ്ശാല പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി ഷാരോണിന്റേ കുടുംബം ആരോപിച്ചിരുന്നു. പെണ്‍കുട്ടിയുടെ ശബ്ദസന്ദേശങ്ങളടക്കം മാധ്യമങ്ങളിലൂടെ പുറത്തെത്തിയതോടെയാണ് റൂറല്‍ എസ്.പി ഡി. ശില്‍പ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്. ഇതോടെ കേസന്വേഷണം വേഗത്തിലാകുകയും ചെയ്തു. എട്ടു മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് താന്‍ തന്നെയാണ് ഷാരോണിന്റെ കൊലയാളിയെന്ന് ഗ്രീഷ്മ സമ്മതിച്ചത്. മറ്റൊരു വിവാഹാലോചന വന്നതോടെയാണ് ഗ്രീഷ്മ ഷാരോണിനെ ഒഴിവാക്കാന്‍ ശ്രമിച്ചത്. ബന്ധത്തില്‍ നിന്നും പിന്‍മാറാന്‍ ഷാരോണ്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് വിഷം നല്‍കിയതെന്നാണ് ഗ്രീഷ്മ പോലീസിനോട് പറഞ്ഞത്.
നിഷ്‌ക്കളങ്ക പ്രണയം ചതിയില്‍ പൊലിഞ്ഞു
കോപ്പര്‍ സള്‍ഫേറ്റാണ് ഗ്രീഷ്മ ജ്യൂസിലും കഷായത്തിലും കലര്‍ത്തിയതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ആന്തരികാവയവങ്ങള്‍ തകര്‍ന്ന് സാവധാനത്തില്‍ മരണത്തിലേക്ക് നയിക്കുന്ന രാസവസ്തുവാണ് കോപ്പര്‍ സള്‍ഫേറ്റ്. ഛര്‍ദി, ഓക്കാനം, ശരീര കോശങ്ങളും രക്ത കോശങ്ങളും നശിക്കല്‍, ലിവറിന്റെയും കിഡ്നിയുടെയും പ്രവര്‍ത്തനം തകരാറിലാവല്‍ തുടങ്ങിയ പ്രശ്നങ്ങളാണ് കോപ്പര്‍ സള്‍ഫേറ്റ് കൂടിയ തോതില്‍ ശരീരത്തിലെത്തിയാല്‍ ഉണ്ടാവുക.
ഗ്രീഷ്മയോടുള്ള അമിതസ്‌നേഹം അവളെ തള്ളിപ്പറയാനോ തനിക്ക് നേരിട്ട ചതി തുറന്ന് പറയാനോ ഷാരോണിനെ അനുവദിച്ചില്ല. അതുകൊണ്ടാണ് കാലാവധി കഴിഞ്ഞ ജ്യൂസ് കുടിച്ചതാണ് ഛര്‍ദ്ദിക്കും അവശതയ്ക്കും കാരണമായതെന്ന്
വീട്ടുകാരോടും ഡോക്ടര്‍മാരോടും മരണമൊഴി രേഖപ്പെടുത്താനെത്തിയ മജിസ്‌ട്രേട്ടിനോടുപോലും ഷാരോണ്‍
പറഞ്ഞത്. മരണമൊഴിയില്‍ പോലും ഗ്രീഷ്മയ്ക്ക് മേല്‍ സംശയത്തിശന്റ ലാഞ്ചനയില്ലാത്ത ഷാരോണിന്റെ നിഷ്‌ക്കളങ്കപ്രണയം ചതിയുടെ കൊടുംവിഷത്തില്‍ പൊലിഞ്ഞു.
Also Read:
സിബിഐയെപോലും വിറപ്പിച്ച കൊലയാളി, ഇത് റിപ്പർ ജയാനന്ദന്റെ കഥ