പാരിസ്: ഒളിംപിക്‌സില്‍ ഹാട്രിക്ക് മെഡലെന്ന ഇന്ത്യന്‍ ഷൂട്ടിങ് സെന്‍സേഷന്‍ മനു ഭാക്കറുടെ മോഹം നേരിയ വ്യത്യാസത്തില്‍ നഷ്ടമായി. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ വിഭാഗം ഫൈനലില്‍ മല്‍സരിച്ച ഇന്ത്യന്‍ താരത്തിനു നാലാംസ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വരികയായിരുന്നു. ഫുട്‌ബോളിലെ പെനല്‍റ്റി ഷൂട്ടൗട്ടിനു തുല്യമായ ഷൂട്ടോഫിലാണ് മനുവില്‍ നിന്നും മെഡല്‍ വഴുതിപ്പോയത്.Indian shooting sensation Manu Bhaker narrowly missed out on a hat-trick medal at the Olympics
ഈ ഒളിംപിക്സിൽ 2 മെഡൽ നേടി മനു നേരത്തേതന്നെ ചരിത്രം സൃഷ്ടിച്ചിരുന്നു. മനുവിന്റെ പാരിസിലെ അവസാന മത്സരമായിരുന്നു ഇത്. മുമ്പ് ഷൂട്ടിംഗ് 10 മീറ്റർ എയർ പിസ്റ്റൽസിൽ വനിത വിഭാഗത്തിലും മിക്സഡ് ഇനത്തിലും ആണ് മനു വെങ്കല മെഡൽ നേടിയത്.
ഇന്നത്തെ മത്സരത്തിൽ ആദ്യ സീരിസിൽ രണ്ട് പോയിന്റ് മാത്രം നേടിയ മനു ആറാം സ്ഥാനത്തായിരുന്നു. എന്നാൽ ശക്തമായി പോരാടിയ താരം മൂന്ന് സീരിസ് പിന്നിട്ടപ്പോൾ രണ്ടാം സ്ഥാനത്തേയ്ക്ക് ഉയർന്നു. നാലാം സീരിസിൽ ആറാം സ്ഥാനത്തേയ്ക്ക് വീണു. എങ്കിലും വീണ്ടും ശക്തമായി തിരിച്ചുവന്ന മനു ഏഴാം സീരിസ് ഷൂട്ടിംഗ് കഴിയും വരെ രണ്ടാം സ്ഥാനത്ത് തന്നെ തുടർന്നു.
വെങ്കല മെഡൽ ജേതാവിനെ നിശ്ചയിക്കുന്ന എട്ടാം സീരിസിൽ മനുവിന് വിജയിക്കാൻ കഴിഞ്ഞില്ല. ഹംഗറിയുടെ വെറോണിക മേജറോടാണ് ഇന്ത്യൻ താരം പരാജയപ്പെട്ടത്. പാരിസ് ഒളിംപിക്സിൽ ഇതുവരെ മൂന്ന് വെങ്കല മെഡലുകളാണ് ഇന്ത്യൻ സംഘത്തിന്റെ നേട്ടം. മെഡൽ ടേബിളിൽ ഇന്ത്യയുടെ സ്ഥാനം 47-ാമതാണ്.
ഫൈനലിലെ സ്‌റ്റേജ് വണ്ണിൽ 2, 4, 6, 10, 13, 18, 22, 26 എന്നിങ്ങനെയായിരുന്നു മനുവിന്റെ സ്‌കോറുകൾ. സ്‌റ്റേജ്് 2 എലിമിനേഷൻ റൗണ്ടിൽ താരത്തിന്റെ സ്‌കോർ 28ഉം ആയിരുന്നു. തുടർന്നാണ് മൽസരം ഷൂട്ടോഫിലെത്തിയത്. ഫൈനലിൽ താൻ അൽപ്പം പരിഭ്രമത്തിലായിരുന്നുവെന്നു മൽസരശേഷം വികാരധീവനയായി മനു പറഞ്ഞു.
ഞാൻ ഫൈനലിൽ അൽപ്പം പരിഭ്രമിച്ചിരുന്നു. വരാനിരിക്കുന്ന വെല്ലുവിളികളിലാണ് ഇനി ശ്രദ്ധയെന്നും 22 കാരിയായ താരം വ്യക്തമാക്കി. പാരീസിൽ മനുവിന്റെ അവസാനത്തെ മൽസര ഇനം കൂടിയായിരുന്നു ഇത്.കൊറിയയുടെ യാങ് ജിന്നിനാണ് ഈയിനത്തിൽ സ്വർണ മെഡൽ ലഭിച്ചത്. താരത്തിനു ആകെ ലഭിച്ച സ്‌കോർ 37 ആയിരുന്നു.
സ്വർണ മെഡൽ ജേതാക്കളെ തീരുമാനിക്കാനും ഷൂട്ടോഫ് വേണ്ടി വന്നു. യാങിനും ഫ്രാൻസിന്റെ കാമില്ലെ ജെജെവെസ്‌ക്കും തുല്യ സ്‌കോർ ലഭിച്ചതോടെയാണ് മൽസരം ഷൂട്ടോഫിലേക്കു കടന്നത്. ഷൂട്ടോഫിൽ ജയിച്ച് യാങ് സ്വർണവും ചൂടി. കാമില്ലെയ്ക്കു വെള്ളിയും വെറോണിക്കയ്ക്കു വെങ്കലവും ലഭിച്ചു.