അയർലണ്ടിൽ ഇന്ത്യക്കാരന് നേരെ വംശീയ ആക്രമണം
അയർലൻഡിന്റെ തലസ്ഥാനമായ ഡബ്ലിനിൽ ഇന്ത്യയിൽ നിന്നെത്തിയ കുടിയേറ്റക്കാരനായ യുവാവിനെ കൂട്ടം ചേർന്ന് ആക്രമിച്ച ശേഷം നഗ്നനാക്കി റോഡിലുപേക്ഷിച്ചു. ജൂലൈ 19-നാണ് ഡബ്ലിൻ 24ലെ ടാലറ്റ് പ്രദേശത്തെ പാർക്ക്ഹിൽ റോഡിൽ ഈ ക്രൂര സംഭവമുണ്ടായത്.
ആഴ്ചകൾക്ക് മുമ്പ് അയർലൻഡിൽ എത്തിയ ഇന്ത്യക്കാരനെ, കുട്ടികളോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണം ഉന്നയിച്ച്, ഒരു സംഘം ഐറിഷ് യുവാക്കൾ ക്രൂരമായി മർദിക്കുകയും, വസ്ത്രങ്ങൾ അപഹരിച്ചു നഗ്നനാക്കി റോഡിൽ ഉപ്വെക്ഷിക്കുകയും ആയിരുന്നു.
സംഭവത്തിന്റെ ദൃക്സാക്ഷിയായ ഒരു സ്ത്രീയുടെ മൊഴിയനുസരിച്ച്, പതിമൂന്ന് പേരടങ്ങിയ സംഘം ഇയാളെ ക്രൂരമായി മർദിച്ച ശേഷം ബാങ്ക് കാർഡുകളും മൊബൈൽ ഫോണും വസ്ത്രങ്ങളും കവർന്നു.
ചോരയിൽ കുളിച്ച നിലയിൽ തെരുവിൽ കിടന്നിരുന്ന ഇന്ത്യക്കാരന് പ്രാഥമിക ശുശ്രൂഷ നൽകുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തത് ഇവരായിരുന്നു. അക്രമികളെക്കുറിച്ച് ഇവർ പോലീസിനെ വിവരം അറിയിക്കുകയും കൃത്യമായ നടപടികൾ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
ഇയാൾക്ക് കൈകൾക്കും കാലിനും മുഖത്തും ഗുരുതരമായി പരിക്കേറ്റിരുന്നു. വഴിയിലുപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെട്ടപ്പോഴാണ് യാത്രക്കാർ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്.
പിന്നീട് ഈ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും, ഇന്ത്യക്കാരെ അനുകൂലിച്ചും എതിര്‍ത്തുമുള്ള വാദപ്രതിവാദങ്ങൾക്ക് വഴി തുറക്കുകയും ചെയ്തു.
പിന്നീട് പോലീസിന്റെ അന്വേഷണത്തിൽ കുട്ടികളോട് ഇയാൾ അപമര്യാദയായി പെരുമാറിയെന്ന ആരോപണം ശരിയല്ലെന്നത് വ്യക്തമായി. ടാലറ്റ് പ്രദേശത്ത് ഇതിനുമുമ്പും കുടിയേറ്റക്കാരെ ലക്ഷ്യംവച്ച് സമാനതരത്തിലുള്ള ആക്രമണങ്ങൾ ഉണ്ടായിരുന്നുവെന്നും പോലീസ് അറിയിച്ചു.
ഐറിഷ് ജസ്റ്റിസ് മന്ത്രി ജിം ഓ’കാലഗൻ ഇതിനെ കുറിച്ച് പ്രതികരിച്ചു. “കുടിയേറ്റക്കാർ പ്രശ്നക്കാർ എന്നു വരുത്തി തീർക്കാൻ ശ്രമിക്കുന്ന സംഘങ്ങൾ മനപൂർവ്വമായി അത്തരമൊരു അന്തരീക്ഷം സൃഷ്ടിക്കുന്നുണ്ട്,” എന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
അയർലൻഡിലെ ഇന്ത്യൻ അംബാസിഡർ അഖിലേഷ് മിശ്ര സംഭവത്തെക്കുറിച്ചുള്ള ചില ദേശിയ മാധ്യമങ്ങളുടെ തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോർട്ടുകൾക്ക് എതിരെ ശക്തമായ വിമർശനം ഉന്നയിച്ചു. ഐറിഷ് ജനത സംഭവത്തിൽ കാണിച്ച പിന്തുണയ്ക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.