ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്: സാംസ്കാരിക ബഹുസ്വരതയുടെ മഹാസംഗമം ഡിസംബർ 20 മുതൽ
എറണാകുളം: രാജ്യത്തെ ആദ്യ ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന് കേരളം വേദിയാകുന്നു.
സംസ്കാരം, സംവാദം, സാഹോദര്യം, സമത്വം, സമാധാനം എന്നീ മൂല്യങ്ങൾ മുൻനിർത്തി സംഘടിപ്പിക്കുന്ന ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഡിസംബർ 20 മുതൽ 22 വരെ എറണാകുളത്ത് എട്ട് വേദികളിലായി നടക്കും.
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളെയും പ്രതിനിധീകരിച്ച് എഴുത്തുകാർ, ചരിത്രകാരന്മാർ, സിനിമ–കലാ പ്രവർത്തകർ, സാംസ്കാരിക പ്രതിഭകൾ എന്നിവർ സംഗമിക്കും.
കലാവിഷ്കാരങ്ങൾ, സംവാദങ്ങൾ, സെമിനാറുകൾ, അഭിമുഖങ്ങൾ, നാടക-സിനിമാ പ്രദർശനങ്ങൾ, ഗോത്ര–നാടൻ–ക്ലാസിക്കൽ കലാവതരണങ്ങൾ എന്നിവയാണ് മൂന്ന് ദിനരാത്രങ്ങളിലായി ഒരുക്കുന്നത്.
ഇന്ത്യൻ സംസ്കാരത്തിന്റെ വൈവിധ്യവും ബഹുസ്വരതയും ഉയർത്തിക്കാട്ടുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സാംസ്കാരിക വകുപ്പിന്റെ പിന്തുണയോടെ വിവിധ സ്ഥാപനങ്ങളും സംഘടനകളും ചേർന്നാണ് കോൺഗ്രസിന് രൂപം നൽകിയിരിക്കുന്നത്.
ഡിസംബർ 20-ന് രാവിലെ എറണാകുളം രാജേന്ദ്ര മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മന്ത്രിമാരായ സജി ചെറിയാൻ, പി. രാജീവ്, പ്രശസ്ത ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, ഹിന്ദി കവി അശോക് വാജ്പയ്, തെലുങ്കു സാഹിത്യകാരനും ഗാനരചയിതാവുമായ സുദ്ധല അശോക് തേജ തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കും.
മതം, വർണ്ണം, വംശം എന്നീ സങ്കുചിത ചിന്തകൾക്ക് അതീതമായി സാഹിത്യം, നാടകം, സംഗീതം, ചലച്ചിത്രം, നൃത്തം, ശില്പ–ചിത്രകല, ജനകീയ കലകൾ തുടങ്ങിയ മേഖലകളിലെ പ്രമുഖർ ഈ സാംസ്കാരിക മഹാസംഗമത്തിൽ പങ്കുചേരും.
ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള കലാസാംസ്കാരിക പ്രതിഭകൾ കേരളത്തിൽ ഒത്തുചേരും.
ടി. പത്മനാഭൻ, സൈദ് മിർസ, ഷീല, മേദിനി, അശോക് വാജ്പയ്, മേതിൽ രാധാകൃഷ്ണൻ, കലാമണ്ഡലം ഗോപിയാശാൻ, സി.ജെ. കുട്ടപ്പൻ, ഗുലാം മുഹമ്മദ് ഷേക്ക്, സി.എൽ. ജോസ്, ഉമയാൾപുരം ശിവരാമൻ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങളെ ഉദ്ഘാടന വേദിയിൽ ആദരിക്കും.
ദർബാർ ഹാൾ ഗ്രൗണ്ട് (കേക്ക), രാജേന്ദ്ര മൈതാനം (ടാഗോർ വേദി), ലളിതകല അക്കാദമി (ഷേക്‌സ്പിയർ സ്ക്വയർ – നാല് വേദികൾ), ടി.കെ. രാമകൃഷ്ണൻ സാംസ്കാരിക കേന്ദ്രം (വൈക്കം മുഹമ്മദ് ബഷീർ വേദി), സുഭാഷ് പാർക്ക് (പിക്കാസോ വേദി), ഫൈൻ ആർട്സ് ഹാൾ (കാളിദാസരംഗ വേദി) എന്നിവിടങ്ങളിലാണ് പരിപാടികൾ അരങ്ങേറുക.
സാഹിത്യ–കലാ രംഗത്ത് നിന്ന് ജാവേദ് അക്തർ, അശോക് വാജ്പയ്, സച്ചിദാനന്ദൻ, എം. മുകുന്ദൻ, ടി. പത്മനാഭൻ, രാജാത്തി സൽമ, ജി.എൻ. ദേവി, ഡോ. എം.എൻ. കാരശ്ശേരി തുടങ്ങിയവർ പങ്കെടുക്കും. സിനിമ–അക്കാദമിക് മേഖലയിൽ നിന്ന് സഹീദ് മിർസ, രത്ന പഥക് ഷാ, സുധാംശു പാണ്ഡെ, നൃത്ത–സംഗീത രംഗത്ത് നിന്ന് ഉമയാൾപുരം ശിവരാമൻ, കലാമണ്ഡലം ഗോപി, ശാന്താ ധനഞ്ജയൻ എന്നിവർ പങ്കെടുക്കും. രാഷ്ട്രീയ–മാധ്യമ രംഗത്തെ പ്രതിനിധികളായി കനിമൊഴി എം.പി, സിദ്ധാർത്ഥ് വരദരാജൻ, സു. വെങ്കിടേശൻ തുടങ്ങിയവരും ഉണ്ടാകും.
ട്രാൻസ്ജെൻഡർ കലാവതരണങ്ങൾ, ഭാഷാ ന്യൂനപക്ഷങ്ങളുടെ സംഗമം, ഭിന്നശേഷി കലാകാരന്മാരുടെ അവതരണങ്ങൾ എന്നിവയ്ക്കും കോൺഗ്രസിൽ പ്രത്യേക പ്രാധാന്യം നൽകും.
പലസ്തീൻ കലാകാരന്മാരുടെ ചിത്രപ്രദർശനം, തെരുവ് അവതരണങ്ങൾ, ശില്പശാലകൾ, ചലച്ചിത്രമേള, ഗോത്രകലാരൂപങ്ങൾ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.
സമാപന സമ്മേളനത്തിലെ സാംസ്കാരിക കൂട്ടായ്മ പത്മശ്രീ മമ്മൂട്ടി ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ ആദരവും അദ്ദേഹം ഏറ്റുവാങ്ങും.
സെമിനാറുകളിലും ചർച്ചകളിലും പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്.
രജിസ്ട്രേഷനുള്ള ഗൂഗിൾ ഫോം സാംസ്കാരിക വകുപ്പ് ഡയറക്ടറേറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റായ culturedirectorate.kerala.gov.in-ൽ ലഭ്യമാണ്.
English Summary:
Kerala will host the country’s first Indian Cultural Congress from December 20 to 22 in Ernakulam. The three-day cultural festival, organised across eight venues, aims to celebrate India’s cultural diversity and pluralism. Chief Minister Pinarayi Vijayan will inaugurate the event, which will feature writers, artists, filmmakers, musicians, and cultural thinkers from across India and abroad, along with seminars, performances, exhibitions, and film screenings.
indian-cultural-congress-2025-ernakulam-december
Indian Cultural Congress, Ernakulam, Kerala Culture, Cultural Festival, Pinarayi Vijayan, Mammootty, Indian Art and Literature









