ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷത്തിൽ പാകിസ്താന് പിന്തുണ പ്രഖ്യാപിച്ച തുർക്കിക്കെതിരെ കടുത്ത ഉപരോധമേർപ്പെടുത്തി ഇന്ത്യ.
തുർക്കിയിൽ നിന്നുള്ള ബേക്കറി ഉൽപന്നങ്ങൾ ബഹിഷ്കരിക്കാനാണ് ഇന്ത്യൻ ബേക്കേഴ്സ് ഫെഡറേഷന്റെ തീരുമാനം.
തുർക്കിയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഡ്രൈ ഫ്രൂട്ട്‌സ്, നട്‌സ്, ജെല്ലുകൾ, ഫ്ലേവറുകൾ, ചോക്ലേറ്റുകൾ എന്നിവ ബഹിഷ്കരിക്കാനാണ് തീരുമാനം.
തുർക്കിയിൽ നിന്നുമുള്ള ബേക്കറി യന്ത്രങ്ങൾ ബഹിഷ്കരിക്കാനും ഇന്ത്യൻ ബേക്കേഴ്സ് ഫെഡറേഷൻ ആഹ്വാനം ചെയ്തിട്ടുണ്ട്.
തുർക്കിയുടെ പാക്കിസ്ഥാൻ അനുകൂല നിലപാടിൽ പ്രതിഷേധിച്ചാണ് ഇന്ത്യൻ ബേക്കേഴ്സ് ഫെഡറേഷൻ ഇത്തരത്തിൽ നിർണായകമായ തീരുമാനമെടുത്തത്. രാജ്യ താല്പര്യം മുൻനിർത്തിയാണ് തീരുമാനം എടുത്തതെന്ന് ഫെഡറേഷൻ പറഞ്ഞു. നേരത്തെ തുർക്കി ആപ്പിളും ഇന്ത്യ ബഹിഷ്കരിച്ചിരുന്നു.
ഇന്ത്യയ്‌ക്കെതിരെ പാകിസ്താനെ പിന്തുണയ്ക്കുന്ന ഏതൊരു രാജ്യവും ബഹിഷ്‌കരണം നേരിടേണ്ടിവരുമെന്നാണ് ഇന്ത്യയിലെ വ്യാപാരികളുടെ അഭിപ്രായം.
2023 ഫെബ്രുവരിയിൽ ഭൂചലനം നാശം വിതച്ച തുർക്കിയ്ക്ക് ഇന്ത്യ ഓപ്പറേഷൻ ദോസ്ത് എന്ന ദൗത്യത്തിലൂടെ നിരവധി സഹായങ്ങൾ ചെയ്തിരുന്നു.
100 ടണ്ണിലധികം ദുരിതാശ്വാസ സാമഗ്രികൾ, എൻഡിആർഎഫ് ടീമുകൾ, സൈനിക മെഡിക്കൽ യൂണിറ്റുകൾ, ഫീൽഡ് ആശുപത്രികൾ, അവശ്യവസ്തുക്കൾ തുടങ്ങിയവയാണ് ഇന്ത്യ നൽകിയത്.
ജി 20, യുഎൻ പോലുള്ള ബഹുരാഷ്ട്ര വേദികളിൽ, ഊർജ്ജ സുരക്ഷ, ഭീകരവാദ വിരുദ്ധ ചർച്ചകളിൽ ഉൾപ്പെടെ തുർക്കിയ്ക്ക് അനുകൂലമായ നിലാപാടാണ് ഇന്ത്യ നേരത്തെ സ്വീകരിച്ചത്.









