ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ നിന്ന് ഇന്ത്യൻ അവതാരകയെ ഒഴിവാക്കി
ന്യൂഡൽഹി: ഇന്ത്യ–ബംഗ്ലാദേശ് ബന്ധം വഷളാകുന്ന പശ്ചാത്തലത്തിൽ ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ (BPL) നിന്ന് ഇന്ത്യൻ അവതാരക റിഥിമ പഥകിനെ ഒഴിവാക്കിയതായി റിപ്പോർട്ടുകൾ.
ബംഗ്ലാദേശിലെ ആഭ്യന്തര സംഘർഷങ്ങളിൽ നിന്ന് ആരംഭിച്ച പ്രശ്നങ്ങൾ ഇരു രാജ്യങ്ങൾക്കിടയിലെ നയതന്ത്ര തർക്കങ്ങളിലേക്ക് നീണ്ടതിന്റെ തുടർച്ചയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.
ഡിസംബർ 26ന് ആരംഭിച്ച ബി.പി.എല്ലിന്റെ ധാക്ക ഘട്ട മത്സരങ്ങളുടെ അവതാരികയായി റിഥിമ പഥക് പ്രവർത്തിക്കാനിരിക്കെയായിരുന്നു പാനലിൽ നിന്ന് ഒഴിവാക്കൽ.
ക്രിക്കറ്റ് ഉൾപ്പെടെ വിവിധ കായിക മത്സരങ്ങളുടെ അവതാരികയായി അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയയായ വ്യക്തിയാണ് റിഥിമ പഥക്.
നിരവധി ടെലിവിഷൻ ചാനലുകൾക്കും ടൂർണമെന്റുകൾക്കുമായി വർഷങ്ങളായി അവർ പ്രവർത്തിച്ചുവരികയാണ്.
എന്നാൽ, ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ നിന്ന് പിന്മാറിയത് തന്റേതായ തീരുമാനമാണെന്നും, ദേശീയ താൽപര്യം മുൻനിർത്തിയാണ് ആ തീരുമാനം എടുത്തതെന്നും റിഥിമ പഥക് സമൂഹമാധ്യമ പോസ്റ്റിലൂടെ വ്യക്തമാക്കി.
തന്നെ പുറത്താക്കിയെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അവർ വ്യക്തമാക്കി.
“എനിക്ക് രാജ്യമാണ് എല്ലായ്പ്പോഴും ഒന്നാമത്. ഏതൊരു ജോലിയേക്കാളും ക്രിക്കറ്റിനോടുള്ള സ്‌നേഹമാണ് പ്രധാനം. സത്യസന്ധതയോടും ബഹുമാനത്തോടും ആവേശത്തോടും കൂടി വർഷങ്ങളായി കായികലോകത്തിന്റെ ഭാഗമാകാൻ കഴിഞ്ഞിട്ടുണ്ട്. അത് ഒരിക്കലും മാറില്ല. കളിയുടെ ആത്മാവിനും സത്യസന്ധതയ്ക്കും വേണ്ടി ഞാൻ തുടർന്നും നിലകൊള്ളും” – റിഥിമ കുറിച്ചു.
ബംഗ്ലാദേശിൽ ഇന്ത്യൻ വംശജർക്കെതിരെ നടന്ന ആക്രമണങ്ങളും ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങളോടെയുള്ള പ്രതിഷേധങ്ങളും ഇരു രാജ്യങ്ങളിലെയും സൗഹൃദബന്ധങ്ങളിൽ വലിയ വിള്ളലുകൾ സൃഷ്ടിച്ചിരുന്നു.
ഈ രാഷ്ട്രീയ സംഘർഷങ്ങൾ ക്രിക്കറ്റിലേക്കും വ്യാപിച്ചതോടെയാണ് വിവാദങ്ങൾ ശക്തമായത്.
ഐ.പി.എൽ കൊൽക്കത്ത ടീമിൽ ഉൾപ്പെട്ടിരുന്ന ബംഗ്ലാദേശ് താരം മുസ്തഫിസൂർ റഹ്മാനെ ഒഴിവാക്കിയതോടെ തർക്കം കൂടുതൽ രൂക്ഷമായി.
ബി.സി.സി.ഐയുടെ നിലപാടിനെതിരെ ബംഗ്ലാദേശിൽ നിന്ന് ശക്തമായ വിമർശനങ്ങളുണ്ടായി. ഇന്ത്യ വേദിയാകുന്ന ട്വന്റി20 ലോകകപ്പിലേക്ക് ടീം അയക്കില്ലെന്നും, ബംഗ്ലാദേശിന്റെ മത്സരങ്ങൾ മറ്റ് വേദികളിലേക്ക് മാറ്റണമെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും, ഈ ആവശ്യം ഐ.സി.സി തള്ളുകയായിരുന്നു.
ഈ സാഹചര്യങ്ങളുടെയൊക്കെയാണ് ബി.പി.എൽ കമന്ററി–അവതരണ പാനലിൽ നിന്നുള്ള റിഥിമ പഥകിന്റെ പിന്മാറ്റം എന്ന വിലയിരുത്തൽ.
പാകിസ്താൻ അവതാരക സൈനബ അബ്ബാസിനൊപ്പമായിരുന്നു റിഥിമയുടെ ബി.പി.എൽ ഡ്യൂട്ടി. കമന്ററി പാനലിലെ വഖാർ യൂനിസ്, റമിസ് രാജ, ഡാഗൻ ഗഫ് എന്നിവർ അടുത്തിടെ ധാക്കയിലെത്തിയിരുന്നു.









