പാള്‍: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയുടെ അവസാന മത്സരം ഇന്ന് വൈകിട്ട് 4:30 നു ദക്ഷിണാഫ്രിക്കയിലെ പാളിൽ നടക്കും. ആദ്യ മത്സരത്തിൽ തകർപ്പൻ ജയം സ്വന്തമാക്കിയ ഇന്ത്യയ്ക്ക് രണ്ടാം മത്സരത്തിൽ കനത്ത തിരിച്ചടിയാണ് ഇന്ത്യ നൽകിയത്. നിലവിൽ 1-1 വിജയം നേടി നിൽക്കുന്ന ഇരു ടീമുകൾക്ക് ഇന്നത്തെ മത്സരം ഏറെ നിർണായകമാണ്. അതുകൊണ്ട് തന്നെ മികച്ച പ്രകടനം തന്നെ യുവനിരയ്ക്ക് കാഴ്ച വെക്കാനായില്ലെങ്കിൽ പരമ്പര നഷ്ടമാകും. എന്നാൽ മലയാളി താരം സഞ്ജു സാംസണും റുതുരാജ് ഗെയ്ക് വാദും കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ നിരാശയാണ് സമ്മാനിച്ചത്.
ആരാധകരുടെ കാത്തിരിപ്പിനും പ്രതിഷേധങ്ങൾക്കും ഒടുവിൽ സഞ്ജു സാംസൺ ടീമിൽ ഉൾപ്പെട്ടപ്പോൾ അവരുടെ പ്രതീക്ഷയും വാനോളമായിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും നാലാം നമ്പറിൽ സഞ്ജുവിനു തിളങ്ങാനായില്ല. ശ്രേയസ് അയ്യർ, കെ എൽ രാഹുൽ എന്നിവരുടെ പരിചയസമ്പത്ത് മധ്യനിരയിൽ കരുത്തു നൽകുമ്പോഴും മലയാളി താരം സഞ്ജു സാംസണിന് അവസരങ്ങള്‍ പ്രയോജനപ്പെടുത്താനാവുന്നില്ല എന്നത് ഏറെ നിരാശപ്പെടുത്തുന്നു. അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരത്തിലെങ്കിലും മികച്ച പ്രകടനം കാഴ്ച വെക്കാനായില്ലെങ്കിൽ സഞ്ജുവിന്റെ ഭാവി തുലാസിൽ ആയേക്കും. എന്നാൽ സഞ്ജുവിനെ പുറത്തിരുത്തി പകരം രജത് പാടിദാറിനെ ടീമിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്.
ഓപ്പണിങ്ങില്‍ സായ് സുദര്‍ശനൊപ്പം ഇറങ്ങുന്ന റുതുരാജ് ഗെയ്ക് വാദിന്റെ സ്ഥിതിയും മറിച്ചല്ല. ആദ്യ രണ്ടു മത്സരങ്ങളിലും അര്‍ധ സെഞ്ച്വറി നേടി അരങ്ങേറ്റ താരം സായ് സുദര്‍ശൻ തിളങ്ങി. എന്നാൽ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും റുതുരാജിന് പ്രതീക്ഷിച്ച പ്രകടനം കാഴ്ച വെക്കാനായില്ല. ആദ്യ രണ്ട് ഏകദിനങ്ങളില്‍ അഞ്ചും നാലും റണ്‍സ് വീതമാണ് ഗെയ്‌ക്‌വാദ് നേടിയത്. അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരത്തിൽ സായ് സുദർശനൊപ്പം മികച്ച ഓപ്പണിങ് നൽകാൻ റുതുരാജിനു കഴിഞ്ഞില്ലെങ്കിൽ ഇന്ത്യയ്ക്ക് മികച്ച സ്കോർ കെട്ടിപ്പടുക്കാൻ കഴിഞ്ഞെന്നു വരില്ല.
അഞ്ചാം നമ്പറില്‍ നായകന്‍ കെ എല്‍ രാഹുല്‍ തന്നെ തുടരാനാണ് സാധ്യത. രണ്ടാം മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടാന്‍ രാഹുലിനു കഴിഞ്ഞിരുന്നു. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ രാഹുലിന്റെ ബാറ്റിങ്ങില്‍ ഇന്ത്യ വലിയ പ്രതീക്ഷയാണ് നൽകുന്നത്. ആറാം നമ്പറില്‍ റിങ്കു സിങ് തുടരും. രണ്ടാം മത്സരത്തില്‍ പ്രതീക്ഷിച്ച പ്രകടനം നടത്താനായില്ലെങ്കിലും റിങ്കുവിന്റെ ബാറ്റിങ് മികവില്‍ ടീം വലിയ വിശ്വാസത്തിലാണ്.
ആദ്യ ഏകദിനത്തില്‍ ഹീറോയായ ഇടം കൈയന്‍ പേസറായിരുന്നു അര്‍ഷ്ദീപ് സിങ്. ദക്ഷിണാഫ്രിക്കയുടെ അഞ്ച് വിക്കറ്റാണ് താരം പിഴുതെടുത്തത്. എന്നാൽ രണ്ടാം മത്സരത്തില്‍ വലിയ പ്രകടനം നടത്താനായില്ല. മൂന്നാം മത്സരത്തിൽ അര്‍ഷ്ദീപിന്റെ പ്രകടം ഏറെ നിർണായകമാണ്. ആദ്യ മത്സരത്തില്‍ നാല് വിക്കറ്റു വീഴ്ത്തിയ ആവേശ് ഖാനും ഇന്ന് മികച്ച പ്രകടനം കാഴ്ച വെച്ചേ മതിയാകൂ. 10ാം നമ്പറില്‍ സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവ് തുടർന്നേക്കും. സ്പിന്നിനെ വലിയ പിന്തുണയില്ലാത്ത പിച്ചില്‍ കുല്‍ദീപിന്റെ മികവ് പ്രധാനമാണ്. പോരായ്മകൾ നികത്തി ദക്ഷിണാഫ്രിക്കയുടെ മണ്ണിൽ മികച്ച പ്രകടനം യുവനിരയ്ക്കു കാഴ്ച വെക്കാനാകുമോ എന്നത് കണ്ടറിയണം.
ഇന്ത്യയുടെ സാധ്യതാ 11: റുതുരാജ് ഗെയ്ക് വാദ്, സായ് സുദര്‍ശന്‍, തിലക് വര്‍മ/ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍, കെ എല്‍ രാഹുല്‍, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍.