യുഎസ് പ്രതിനിധി സംഘം ഇന്ത്യയിലേക്ക്
ന്യൂഡൽഹി: ഇന്ത്യ-യുഎസ് വ്യാപാര കരാർ വീണ്ടും പുനരാരംഭിക്കുന്നു. ട്രംപിന്റെ തീരുവ പ്രഖ്യാപനത്തോടെ മരവിച്ച ചർച്ചകളാണ് ചൊവ്വാഴ്ച മുതൽ പുനരാരംഭിക്കുന്നത്.
വ്യാപാര കരാറുമായി ബന്ധപ്പെട്ട ആറാംഘട്ട ചർച്ചയ്ക്കായി യുഎസ് പ്രതിനിധി സംഘം ഇന്ന് ഡൽഹിയിൽ എത്തും. യുഎസ് വ്യാപാര രംഗത്തെ പ്രധാന ഇടനിലക്കാരനായ ബ്രെൻഡൻ ലിഞ്ചും സംഘമാണ് യുഎസിൽനിന്ന് ഡൽഹിയിൽ എത്തുന്നത്.
ചർച്ചയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വാണിജ്യ മന്ത്രാലയത്തിലെ പ്രത്യേക സെക്രട്ടറി രാജേഷ് അഗർവാൾ ആണ് പങ്കെടുക്കുക. ഇന്ത്യയ്ക്കുമേൽ അധിക തീരുവ ഏർപ്പെടുത്തിയതിനു ശേഷം ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ട് നടക്കുന്ന ആദ്യ വ്യാപാര ചർച്ചയാണിത്.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെച്ചൊല്ലിയാണ് ട്രംപ് ഇന്ത്യയോട് ഇടഞ്ഞത്. കൂടാതെ ഇന്ത്യയ്ക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
ഇതേത്തുടർന്ന് ഓഗസ്റ്റ് 25-ന് നടക്കാനിരുന്ന ചർച്ചകൾ മാറ്റിവെച്ചിരുന്നു. എന്നാൽ യുഎസും ഇന്ത്യയും തമ്മിലുള്ള വ്യാപാര തടസങ്ങൾ പരിഹരിക്കുന്നതിനുള്ള ചർച്ചകൾ തുടരുകയാണെന്ന് കഴിഞ്ഞയാഴ്ച ട്രംപ് വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെ, ഇന്ത്യയും യുഎസും സ്വാഭാവിക പങ്കാളികളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതികരിച്ചിരുന്നു. ഇതോടെയാണ് വീണ്ടും വ്യാപാര കരാറിൽ ശുഭസൂചനകൾക്ക് വെളിച്ചം വീശിയത്.
‘ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ തീരുവ വിള്ളലുണ്ടാക്കി’
ഇന്ത്യക്ക് മേൽ ഏര്‍പ്പെടുത്തിയ ഇരട്ട തീരുവ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ ഉണ്ടാക്കിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫോക്‌സ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം തുറന്നു പറഞ്ഞത്.
എന്നാല്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ തുടരുന്നതിനാല്‍ തീരുവ ഒഴിവാക്കാനാകില്ലെന്നും ട്രംപ് വ്യക്തമാക്കി.
ഇന്ത്യയുമായുള്ള ബന്ധം താറുമാറാക്കുന്ന ഒരു നടപടി സ്വീകരിക്കുക എന്നത് ഒരിക്കലും എളുപ്പമുള്ള കാര്യമായിരുന്നില്ലെന്ന് ട്രംപ് കൂട്ടിച്ചേർത്തു.
റഷ്യയുമായുള്ള വ്യാപാരബന്ധം തടയുക എന്നത് വളരെ പ്രധാനമായിരുന്നുവെന്നും ട്രംപ് പറഞ്ഞു. റഷ്യ-യുക്രൈന്‍ സംഘര്‍ഷം എന്നത് തങ്ങളേക്കാള്‍ യൂറോപ്പിനെ ബാധിക്കുന്ന ഒരു പ്രശ്‌നമാണ്.
യൂറോപ്പ് കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുണ്ട്. ഇന്ത്യക്കും റഷ്യയ്ക്കും എതിരായ നടപടികള്‍ കര്‍ശനമായി താന്‍ തുടരുമെന്നും ആണ് ട്രംപിന്റെ നിലപാട്.
അതിനിടെ ഇന്ത്യയ്ക്കും ചൈനയ്ക്കും മേല്‍ കൂടുതല്‍ തീരുവ ചുമത്താന്‍ ജി -7 രാഷ്ട്രങ്ങളോട് അമേരിക്ക അഭ്യര്‍ത്ഥിച്ചിരുന്നു.
യുക്രെയ്ന്‍ യുദ്ധം അവസാനിക്കുന്നതു വരെ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്ന ഇരുരാജ്യങ്ങള്‍ക്കുമെതിരെ ഉയര്‍ന്ന തീരുവകള്‍ ചുമത്തണമെന്നാണ് യു എസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ആവശ്യപ്പെട്ടത്.
Summary: India–US trade talks are set to resume from Tuesday after being stalled following Trump’s tariff announcement, marking a fresh push to strengthen bilateral economic ties.