കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും, പോണോഗ്രഫി ഉള്ളടക്കങ്ങളും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് വിവിധ സോഷ്യല്‍ മീഡിയ സേവനങ്ങള്‍ക്ക് നോട്ടീസയച്ച് ഇന്ത്യ. എക്സ്, യൂട്യൂബ്, ടെലഗ്രാം ഉള്‍പ്പടെയുള്ള പ്ലാറ്റ്ഫോമുകള്‍ക്കാണ് നോട്ടീസ് അയച്ചത്. ഉടനടി നിര്‍ദേശം അനുസരിച്ചില്ലെങ്കില്‍ സേവനങ്ങള്‍ക്കുള്ള നിയമ പരിരക്ഷ പിന്‍വലിക്കുമെന്നും ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം അയച്ച നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കി.
സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് സോഷ്യല്‍ മീഡിയാ സേവനങ്ങള്‍ അവരുടെ പ്ലാറ്റ്ഫോമുകളില്‍ നിന്നുള്ള കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഉള്ളടക്കങ്ങള്‍ ഉടനടി നീക്കം ചെയ്യേണ്ടിവരും. അല്ലാത്തപക്ഷം ഐടി നിയമത്തിലെ സെക്ഷന്‍ 79 അനുസരിച്ച് നല്‍കിവരുന്ന നിയമ പരിരക്ഷ പിന്‍വലിക്കും. പിന്നാലെ ഇന്ത്യന്‍ നിയമം അനുസരിച്ചുള്ള നടപടികള്‍ക്ക് വിധേയരാവേണ്ടി വരും. ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
സമീപകാലത്തായി എക്സ്, ടെലഗ്രാം പോലുള്ള പ്ലാറ്റ്ഫോമുകള്‍ വഴി വലിയ രീതിയില്‍ പോണോഗ്രഫി ഉള്ളടക്കങ്ങള്‍ പ്രചരിക്കുന്നുണ്ട്. മീഡിയാ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കുന്നതിന് പകരം ചൈല്‍ഡ് പോണോഗ്രഫി ഉള്‍പ്പടെയുള്ള നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ ലഭിക്കുന്ന പുറത്തുള്ള ക്ലൗഡ് സേവനങ്ങളുടെ ലിങ്കുകളും ഇത്തരം പ്ലാറ്റ്ഫോമുകള്‍ വഴി വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അതേസമയം കുട്ടികളെ ചൂഷണം ചെയ്യുന്ന ഉള്ളടക്കങ്ങള്‍ തങ്ങളുടെ സേവന വ്യവസ്ഥ പ്രകാരം പരസ്യമായി വിലക്കുന്നുണ്ടെന്ന് ടെലഗ്രം പറഞ്ഞു. തങ്ങളുടെ മോഡറേറ്റര്‍മാര്‍ സജീവമായി വ്യവസ്ഥകള്‍ ലംഘിക്കുന്ന ഉള്ളടക്കങ്ങള്‍ പരിശോധിച്ചുവരികയാണെന്നും ടെലഗ്രാം ശനിയാഴ്ച പറഞ്ഞു. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഉള്ളടക്കങ്ങള്‍ തടയുന്നതിനാവശ്യമായ കണ്ടന്റ് മോഡറേഷന്‍ അല്‍ഗൊരിതം, റിപ്പോര്‍ട്ടിങ് സംവിധാനങ്ങള്‍ പോലുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സര്‍ക്കാര്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Also Read: ടെക് ലോകത്തെപ്പോലും കൈയടിപ്പിച്ച പ്രഖ്യാപനം.. ഇതൊരു തുടക്കം മാത്രം