കല്‍പറ്റ: വെണ്ണിയോട് പാത്തിക്കല്‍ കടവ് പാലത്തില്‍നിന്ന് കഴിഞ്ഞ 13നു കുഞ്ഞുമായി പുഴയില്‍ ചാടി അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഭര്‍തൃ വീട്ടുകാര്‍ക്കെതിരെ കേസ്. ഭര്‍ത്താവിന്റെയും കുടുംബാംഗങ്ങളുടെയും പീഡനം നിമിത്തമാണ് യുവതി കുഞ്ഞുമായി പുഴയില്‍ ചാടി ജീവനൊടുക്കിയതെന്ന യുവതിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് കേസ്. ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. കല്‍പറ്റ ഡിവൈഎസ്പിയാണ് കേസ് അന്വേഷിക്കുന്നത്.
കണിയാമ്പറ്റ ചീങ്ങാടി വിജയമന്ദിരത്തില്‍ വി.ജി.വിജയകുമാറിന്റെയും വിശാലാക്ഷിയുടെയും മകള്‍ ദര്‍ശനയാണ് (32), മകള്‍ 5 വയസ്സുകാരി ദക്ഷയുമൊത്തു പുഴയില്‍ ചാടി മരിച്ചത്. ദര്‍ശനയുടെ ഭര്‍ത്താവ് വെണ്ണിയോട് അനന്തഗിരിയില്‍ ഓംപ്രകാശ്, പിതാവ് റിഷഭരാജ്, മാതാവ് ബ്രാഹ്‌മില എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഇവര്‍ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.
13ന് വൈകിട്ട് 3 മണിയോടെയാണ് കീടനാശിനി കഴിച്ചതിനു ശേഷം, ഭര്‍ത്താവിന്റെ വീടിനു സമീപത്തെ വെണ്ണിയോട് വലിയ പുഴയിലേക്ക് ദര്‍ശന മകള്‍ ദക്ഷയുമായി പുഴയിലേക്കു ചാടിയത്. നാട്ടുകാര്‍ ദര്‍ശനയെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിക്കുകയും പിന്നീട് ചികിത്സയ്ക്കിടെ ആശുപത്രിയില്‍ മരിക്കുകയും ചെയ്തു. ദര്‍ശന 5 മാസം ഗര്‍ഭിണിയുമായിരുന്നു. കുട്ടിയുടെ മൃതദേഹം 3 ദിവസങ്ങള്‍ക്ക് ശേഷമാണ് ലഭിച്ചത്.