ഒരു കോടി രൂപ നഷ്ടപരിഹാരം വേണമെന്ന് ബിന്ദു
തിരുവനന്തപുരം: പേരൂര്‍ക്കടയിലെ വ്യാജ മാലമോഷണക്കേസില്‍ സര്‍ക്കാരില്‍ നിന്നു നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിന്ദു. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട ബിന്ദു മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത്.
കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് കേസ് പരിഗണിച്ചപ്പോഴാണ് ബിന്ദു ആവശ്യം ഉന്നയിച്ചത്.
നഷ്ടപരിഹാരമായി ഒരു കോടി രൂപ വേണമെന്നും കൂടാതെ സര്‍ക്കാര്‍ ജോലി നല്‍കണമെന്നുമാണു ബിന്ദുവിന്റെ ആവശ്യം.
അതേസമയം ബിന്ദുവിനെ കസ്റ്റഡിയില്‍ എടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് മനുഷ്യാവകാശ കമ്മിഷന്‍ പരിഗണിച്ചു.
തുടര്‍ന്ന്, ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവി എന്നിവരെ ഒഫീഷ്യല്‍ റെസ്പോണ്ടന്റുമാരായും ആരോപണ വിധേയനായ എസ്‌ഐ പ്രദീപിനെയും എഎസ്ഐ പ്രസന്നകുമാറിനെയും കണ്ടസ്റ്റിംഗ് റെസ്പോണ്ടന്റുമാരായും ആണ് കമ്മിഷന്‍ തീരുമാനിച്ചിരിക്കുന്നത്.
ഇവര്‍ ബിന്ദുവിന്റെ ആവശ്യം പരിശോധിച്ച് രേഖാമൂലം മറുപടി സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു. അതേസമയം, ബിന്ദു ഇന്ന് ജോലിയിൽ പ്രവേശിച്ചു.
തിരുവനന്തപുരം എംജിഎം പബ്ലിക് സ്കൂളിൽ പ്യൂൺ ആയിട്ടാണ് ബിന്ദുവിന് നിയമനം ലഭിച്ചത്. ബിന്ദുവിനെ സ്കൂൾ അധികൃതർ നേരത്തെ വീട്ടിലെത്തി ക്ഷണിച്ചിരുന്നു.
അതേ സമയം പേരൂർക്കടയിലേത് വ്യാജ മാലമോഷണക്കേസ് തന്നെയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. മറവി പ്രശ്‌നമുള്ള വീട്ടുടമസ്ഥ ഓമന ഡാനിയൽ മോഷണം പോയതായി ആരോപിക്കപ്പെട്ട മാല സ്വന്തം വീട്ടിലെ സോഫയ്ക്ക് താഴെവച്ച് മറക്കുകയായിരുന്നു. മാല പിന്നീട് ഓമന ഡാനിയൽ തന്നെ കണ്ടെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇക്കാര്യം പോലീസിനെ അറിയിക്കുകയും ചെയ്തു. മാല വീടിന് പിന്നിലെ ചവറുകൂനയിൽ നിന്ന് കണ്ടെത്തിയെന്ന പോലീസിന്റെ വാദം തെറ്റാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.
പേരൂർക്കട എസ്‌എച്ച്‌ഒ ശിവകുമാർ, ഓമന ഡാനിയൽ തുടങ്ങിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
Summary: Thiruvananthapuram – In the Peroorkada fake ornament theft case, Bindu has demanded ₹1 crore compensation from the government. She raised this demand while approaching the Human Rights Commission. The case was considered by Commission Chairperson Justice Alexander Thomas, during which Bindu submitted her plea.