തൃശ്ശൂരിൽ ഭക്ഷ്യവിഷബാധയേറ്റു ചികിത്സയിലിരിക്കവേ മരിച്ച സ്ത്രീയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്താതെ ബന്ധുക്കൾക്ക് വിട്ടു നൽകിയതായി ആരോപണം. പൊരിഞ്ഞനത്ത് ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച കുറ്റിലക്കടവ് സ്വദേശിയായ സ്ത്രീയുടെ മൃതദേഹമാണ് ഇത്തരത്തിൽ ബന്ധുക്കൾക്ക് വിട്ടുനൽകിയത്. ഗുരുതര വീഴ്ച വിവാദമായതോടെ വീട്ടിലെത്തിച്ച മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരികെ മെഡിക്കൽ കോളേജിലേക്ക് എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ് എന്നാണ് അറിയുന്നത്. സ്ത്രീ മരിച്ച വിവരം പോലീസിനെ അറിയിക്കുന്നതിലും ആശുപത്രി അധികൃതർക്ക് പിഴവ് സംഭവിച്ചിട്ടുണ്ട്. ഇത്തരം അസ്വാഭാവിക മരണങ്ങൾ പോലീസിനെ അറിയിച്ചു തുടർനടപടികൾ സ്വീകരിച്ച ശേഷം മാത്രമേ വിട്ടുനൽകാവു എന്നാണ് ചട്ടം. എന്നാൽ തങ്ങൾക്ക് മെഡിക്കൽ കോളേജിൽ നിന്ന് ഇത് സംബന്ധിച്ച് യാതൊരു അറിയിപ്പും ലഭിച്ചില്ല എന്നാണ് പോലീസ് പറയുന്നത്.
കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ചതിനെ തുടർന്ന് ആളുകൾക്ക് ഭക്ഷ്യവിഷബാധയുണ്ടായത്. 178 പേരാണ് ഇത്തരത്തിൽ കഴിഞ്ഞദിവസം ചികിത്സ തേടിയത്. ഇവരിൽ മിക്കവരും ഇപ്പോഴും നിരീക്ഷണത്തിലാണ്.