വീട്ടുമുറ്റത്തെ കാന്താരിക്കൊല്ലയിൽ നിന്നു നാലു മുളക് പൊട്ടിച്ച് നല്ല കട്ടത്തൈരൊഴിച്ച പഴംകഞ്ഞിക്കൊപ്പം കൂട്ടിയൊരു പിടിപിടിച്ചാലോ?If you want to buy Kanthari, you have to pay a huge price
അല്ലെങ്കിൽ വേണ്ട കുറച്ച് കപ്പയോ കാച്ചിലോ ചേനയോ ഒക്കെ പുഴുങ്ങി കാന്താരി ചതച്ചൊരു ചമ്മന്തിയുമുണ്ടാക്കി തട്ടാം… തോരനിൽ കാന്താരി, അച്ചാറിൽ കാന്താരി…
എന്നിട്ടും തീർന്നില്ലെങ്കിൽ കാന്താരിവച്ച് പായസവും ഐസ്ക്രീമും വരെ ഉണ്ടക്കിക്കളയും മലയാളി. മലയാളിയുടെ കാന്താരിക്കൊതിക്ക് എത്ര നൂറ്റാണ്ടിന്റെ പഴക്കമുണ്ടെന്നറിയില്ല.
എന്നാൽ അന്നും ഇന്നും കാന്താരിയെന്നാൽ ചെറിയ കളിയല്ല. മുൻപൊക്കെ എരിവും രുചിയും ഔഷധ ഗുണങ്ങളുമൊക്കെയായിരുന്നു കാന്താരി ഖ്യാതിക്ക് പിന്നിലെങ്കിൽ ഇന്ന് അതിനൊപ്പം എരിപൊരി വിലകൂടി ചേരുന്നു.
തൊടിയിലും പറമ്പിലും ശ്രദ്ധിക്കാതെ കിടന്ന കാന്താരിക്ക് ഇപ്പോള്‍ രാജകീയ പരിവേഷം. കാന്താരിയുടെ ഔഷധഗുണം മനസ്സിലാക്കി ആവശ്യക്കാര്‍ എത്തി തുടങ്ങിയതോടെ കാന്താരിക്ക് വിപണിയിൽ പൊന്നുംവില.
കിലോക്ക് 700 മുതൽ മുതൽ 800 രൂപ വരെയായി. ദിവസങ്ങള്‍ക്കകം വില നാലക്കം കടന്നാലും അത്ഭുതപ്പെടേണ്ട. കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ കാന്താരിക്ക് കഴിയുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടതോടെയാണ് മലയാളി ഇതിനു പിന്നാലെ കൂടിയത്.
പൊണ്ണത്തടി കുറയ്ക്കാനും ഹൃദയസംബന്ധിയായ അസുഖങ്ങൾ തടയാനും മിതമായ തോതിൽ കാന്താരി മുളക് ഉപയോഗിക്കാമെന്ന പഠനങ്ങളും പുറത്തുവന്നു. ഏതാനും നാളുകളായി വലിയ വില കൊടുത്താലും കാന്താരി കിട്ടാനില്ലാത്ത അവസ്ഥയാണ്.
കാന്താരി തേടി നെട്ടോട്ടത്തിലാണെങ്കിലും കൃഷിചെയ്യാൻ മലയാളിക്ക് ഇപ്പോഴും മടിയാണ്. അടുക്കള തോട്ടത്തിൽ മാത്രം കേരളത്തിലെ കാന്താരി കൃഷി ഒതുങ്ങുന്നതാണ് വില കുതിക്കാൻ കാരണം.
അതേ സമയം ആന്ധ്ര, ഗുജറാത്ത്, ബിഹാർ, കർണാടക, തമിഴ്‌നാട് തുടങ്ങി സംസ്ഥാനങ്ങളിൽ വാണിജ്യാടിസ്ഥാനത്തില്‍ വ്യാപകമായി കാന്താരി കൃഷി ചെയ്യുന്നുമുണ്ട്. അവിടങ്ങളിൽ നിന്ന് മാലിദ്വീപിലേക്കും ഗൾഫ് മേഖലകളിലേക്കും മറ്റ് പച്ചക്കറികൾക്കൊപ്പം കാന്താരിയും കയറ്റുമതി ചെയ്യപ്പെടുന്നു.
വിവിധയിനങ്ങളിലുള്ള കാന്താരിയുണ്ടെങ്കിലും ഇവയുടെ രുചിയും നിറവും വ്യത്യസ്തം. വെള്ള കാന്താരി അല്പം വലിപ്പമുള്ളവയാണ്. ചെറുതെങ്കിലും എരിവേറിയ അരി കാന്താരിയോടാണ് ഏവർക്കും പ്രിയം.
ഇടുക്കി ജില്ലയില്‍ ആലടി, പൂവന്തിക്കുടി, കിഴക്കേമാട്ടുക്കട്ട, മുരിക്കാശ്ശേരി എന്നിങ്ങനെ വിവിധ പ്രദേശങ്ങളില്‍ കാന്താരി കൃഷി ചെയ്യുന്നുണ്ട്. കൂടുതലും ആദിവാസി മേഖലകളിലാണ്. ഔഷധ ഗുണപ്രധാനമായാണ് കാന്താരി പലരും ഉപയോഗിക്കുന്നതെങ്കിലും നിത്യേനയുള്ള പാചകത്തിലും അടുത്തിടെയായി കാന്താരിയുടെ ഉപയോഗം കൂടിയിട്ടുണ്ട്.”