തിരുവനന്തപുരം: തിരുവനന്തപുരം തുമ്പ സ്വദേശി ജോര്‍ദാന്‍ അതിര്‍ത്തിയില്‍ വെടിയേറ്റു മരിച്ച സംഭവത്തിനു പിന്നില്‍ മനുഷ്യക്കടത്തെന്ന സംശയത്തെ തുടർന്ന് ഇന്റലിജന്‍സ് ബ്യൂറോ അന്വേഷണം തുടങ്ങി.
വിദേശരാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങി തട്ടിപ്പു നടത്തുന്ന സംഭവങ്ങള്‍ തീരമേഖല കേന്ദ്രീകരിച്ച് കൂടുന്ന സാഹചര്യത്തിലാണ് ഐബി ഉദ്യോഗസ്ഥര്‍ പരിശോധന ശക്തമാക്കുന്നത്. ഇത്തരത്തിൽ പണം വാങ്ങി ആളുകളെ കൊണ്ടുപോകുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ ഐ.ബി തയ്യാറാക്കിയ പട്ടികയിലുണ്ടെന്നാണു സൂചന. കുറച്ചു നാളുകള്‍ക്കു മുന്‍പ് സമാനമായ രീതിയിൽ റഷ്യയിലേക്കു കൊണ്ടുപോയവരെ യുദ്ധമുഖത്ത് നിയോഗിച്ചതു സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നിരുന്നു.
ഇതിനു പിന്നാലെയാണ് തുമ്പ സ്വദേശി തോമസ് ഗബ്രിയേലിനും ബന്ധു എഡിസണും ജോര്‍ദാന്‍ അതിര്‍ത്തിയില്‍ വെച്ച് വെടിയേറ്റത്.
ജോര്‍ദാന്‍ അതിര്‍ത്തിയില്‍ വെടിയേറ്റു മരിച്ച തോമസിന്റെ മൃതദേഹം നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജോര്‍ദാനിലെ ഇന്ത്യന്‍ എംബസിക്കു കത്തയച്ചിരുന്നു.