ടെക്‌സാസ്: അമേരിക്കയുടെ തെക്കന്‍ സംസ്ഥാനങ്ങളില്‍ വ്യാപക നാശം വിതച്ച് ഹെലീന്‍ ചുഴലിക്കാറ്റ്. അഞ്ചു സംസ്ഥാനങ്ങളിലായി 45 പേര്‍ കൊല്ലപ്പെട്ടതായാണ് ലഭ്യമാകുന്ന കണക്ക്. Hurricane Helen caused widespread damage in the southern states of the United States
നൂറ് കണക്കിന് വിമാന സര്‍വീസുകള്‍ ചുഴലിക്കാറ്റിന് പിന്നാലെ റദ്ദാക്കി. പല നഗരങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
അമേരിക്കയുടെ തെക്ക് കിഴക്കന്‍ മേഖലയെ താറുമാറാക്കിയ ചുഴലിക്കാറ്റിന് പിന്നാലെ മിക്കയിടങ്ങളും വൈദ്യുതി നിലച്ച നിലയിലാണുള്ളത്.
പ്രളയ ജലത്തില്‍ നിരവധിപ്പേര്‍ പലയിടങ്ങളിലായി കുടുങ്ങിയതിന് പിന്നാലെ അന്‍പതിലേറെ രക്ഷാ പ്രവര്‍ത്തകര്‍ ഹെലികോപ്ടറുകളിലും ബോട്ടുകളുടെ സഹായത്തോടെ മേഖലയില്‍ രക്ഷാ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.
ഫ്‌ലോറിഡയുടെ ചരിത്രത്തിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് ഹെലീന്‍. വ്യാഴാഴ്ച മുതല്‍ ജോര്‍ജ്ജിയ, കരോലിന, ഫ്‌ളോറിഡ എന്നിവിടങ്ങളില്‍ ശക്തമായ മഴയാണ് ലഭിച്ചത്.
പേമാരിക്ക് പിന്നാലെ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ക്ക് ലക്ഷക്കണക്കിന് ഡോളറുകളുടെ നഷ്ടമാണ് നേരിട്ടിട്ടുള്ളത്. കനത്ത മഴയ്ക്ക് പിന്നാലെ റോഡുകളും വഴികളും പ്രളയ ജലത്തില്‍ മുങ്ങി.
ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും മേഖലയില്‍ ശക്തമായ കാറ്റിനും ടൊര്‍ണാഡോയ്ക്കുള്ള സാധ്യതകളുമാണ് കാലാവസ്ഥാ വിദഗ്ധര്‍ വിശദമാക്കിയിട്ടുള്ളത്. കാറ്റഗറി നാലിലാണ് ഹെലീന്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
വ്യാഴാഴ്ച രാത്രിയാണ് ഹെലീന്‍ തീരം തൊട്ടത്. കരയിലെത്തിയതിന് പിന്നാലെ ആറ് മണിക്കൂറോളം കനത്ത നാശ നഷ്ടം വിതച്ച ഹെലീന്‍ മണ്ണിടിച്ചിലിനും കാരണമായിരുന്നു.
ചുഴലിക്കാറ്റിന് പിന്നാലെ തീരത്തോട് ചേര്‍ന്ന മേഖലയില്‍ 15 അടി ഉയരത്തില്‍ തിരമാലകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഫ്‌ളോറിഡയുടെ തീരം തൊട്ടതിന് പിന്നാലെ ജോര്‍ജ്ജിയുടെ വടക്കന്‍ മേഖലയിലേക്ക് നീങ്ങുന്നതിനിടെ തന്നെ 15 പേരാണ് ചുഴലിക്കാറ്റില്‍ കൊല്ലപ്പെട്ടത്.