കോട്ടയം: വിട്ടുമാറാത്ത വേദന, ക്ഷീണം, വൈജ്ഞാനിക പ്രയാസങ്ങൾ എന്നീ അസ്വസ്ഥതകൾ അലട്ടുന്ന ഫൈബ്രോമയാൾജിയ, കാർപൽ ടണൽ സിൻഡ്രോം സി.ടി.എസ്. എന്നീ രോഗാവസ്ഥകൾ ഉള്ള ബിരുദവിദ്യാർത്ഥിക്ക് സർവ്വകലാശാലാ പരീക്ഷയെഴുതാൻ അധികസമയം അനുവദിക്കുന്നതിനായി മെഡിക്കൽ ബോർഡ് മെഡിക്കൽ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്. കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ടിനാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്.
ഗുൽഷൻ കുമാറും ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ ഇൻസ്റ്റിറ്റ്യൂട്ടും മറ്റുള്ളവരും തമ്മിലുള്ള കേസിൽ 2025 ഫെബ്രുവരി 3ന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയുടെയും യു.ജി.സി. മാർഗനിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിൽ സഹായിയുടെ സേവനമില്ലാതെ പരീക്ഷയെഴുതുന്ന വിദ്യാർത്ഥിക്ക് അധികസമയം അനുവദിക്കേണ്ടതാണെന്ന് ഉത്തരവിൽ പറയുന്നു. അധിക
സമയം അനുവദിക്കണമെങ്കിൽ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന് എം.ജി. സർവ്വകലാശാല നിഷ്കർഷിക്കുന്ന സാഹചര്യത്തിലാണ് ബെഞ്ച്മാർക്ക് വൈകല്യങ്ങൾ പരിഗണിക്കാതെ പരാതിക്കാരന് സർട്ടിഫിക്കറ്റ് അനുവദിക്കാൻ കമ്മീഷൻ നിർദ്ദേശം നൽകിയത്.
ഇതിന് മുമ്പ് കോട്ടയം മെഡിക്കൽ കോളേജിലെ മെഡിക്കൽ ബോർഡിന് മുന്നിൽ ഹാജരായതാണെങ്കിലും പരിശോധിച്ച സ്പെഷ്യലിസ്റ്റുകൾ തന്റെ അവസ്ഥ അദൃശ്യമാണെന്ന് കണക്കാക്കി സർട്ടിഫിക്കറ്റ് നിരസിക്കുകയാണ് ചെയ്തതെന്നും പരാതിക്കാരൻ അറിയിച്ചു. എന്നാൽ മെഡിക്കൽ ബോർഡിന്റെ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ പരീക്ഷ എഴുതാൻ കൂടുതൽ സമയം അനുവദിക്കാൻ കഴിയുകയുള്ളുവെന്ന് മഹാത്മാഗാന്ധി സർവ്വകലാശാലാ രജിസ്ട്രാറും നിലപാടെടുത്തു.
കമ്മീഷൻ സർവ്വകലാശാലാ രജിസ്ട്രാറിൽ നിന്നും റിപ്പോർട്ട് വാങ്ങി. മൂന്നുതവണ പരാതിക്കാരന് സർട്ടിഫിക്കറ്റില്ലാതെ തന്നെ അധികസമയം അനുവദിച്ചതാണെന്നും എന്നാൽ ഭാവിയിൽ അധികസമയം അനുവദിക്കണമെങ്കിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് സർവ്വകലാശാലാ തീരുമാനമെടുത്തിട്ടുണ്ടെന്നും രജിസ്ട്രാർ അറിയിച്ചു.
തുടർന്ന് പരാതിക്കാരനെ കമ്മീഷൻ നേരിൽ കേട്ടു. എല്ലാ ഭിന്നശേഷി വിദ്യാർത്ഥികൾക്കും
പരീക്ഷകൾക്ക് ബെഞ്ച്മാർക്ക് വൈകല്യം പരിഗണിക്കാതെ സഹായിയുടെ സേവനം ലഭ്യമാക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിട്ടുള്ളതായി കമ്മീഷൻ ചൂണ്ടിക്കാണിച്ചു. യു.ജി.സി. മാർഗനിർദ്ദേശപ്രകാരം ഭിന്നശേഷി വിഭാഗം വിദ്യാർത്ഥികൾക്ക് സഹായിയുടെ സേവനം വേണ്ടെന്നുവച്ചാൽ പരീക്ഷയെഴുതാൻ അധികസമയം അനുവദിക്കണമെന്ന് നിഷ്കർഷിച്ചിട്ടുള്ളതായി ഉത്തരവിൽ പറഞ്ഞു.
പരാതിക്കാരൻ മെഡിക്കൽ ബോർഡിന് മുന്നിൽ ഹാജരാകണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.









