ലോകകപ്പിൽ അപരാജിത കണക്കുകളുമായി ഇന്ത്യ കുതിക്കുകയാണ്. നിലവിലെ റണ്ണർ അപ്പുമാരായ കിവീസിന്റെ ചിറകരിഞ്ഞുകൊണ്ട് രോഹിതിന്റെ പട പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിലകൊള്ളുന്നു. പത്തു പോയിന്റുള്ള ഇന്ത്യയ്ക്ക് പുറകിലായി എട്ടു പോയിന്റോടെ ന്യൂസിലന്‍ഡ് രണ്ടാം സ്ഥാനത്തുണ്ട്. ആറു പോയിന്റുള്ള സൗത്താഫ്രിക്കയും നാലു പോയിന്റുള്ള ഓസ്‌ട്രേലിയയുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. ഇതുവരെയുള്ള മത്സരങ്ങളിൽ ഒന്നിൽ പോലും തോൽവിയറിയാത്ത കിവീസിനെ തോല്പിച്ചതോടെ സെമിഫൈനലിലേക്കുള്ള സാധ്യതകൾ ഏറെക്കുറെ ഉറപ്പിക്കുകയും ചെയ്തു. സെമിയില്‍ സ്ഥാനമുറപ്പിക്കാന്‍ രോഹിത് ഇനിയെത്ര വിജയങ്ങളാണ് വേണ്ടതെന്ന് നോക്കാം.
2019ലെ ലോകകപ്പും ഇതേ ഫോര്‍മാറ്റില്‍ (റൗണ്ട് റോബിന്‍) ആണ് നടന്നത്. ഓരോ ടീമിനും പ്രാഥമിക റൗണ്ടിൽ ഒമ്പതു മല്‍സരങ്ങളാണ് ഉണ്ടായിരുന്നത്. അന്നു പോയിന്റ് പട്ടികയില്‍ നാലാംസ്ഥാനത്തു ഫിനിഷ് ചെയ്ത് സെമിയിലേക്ക് കയറിയത് ന്യൂസിലാന്‍ഡായിരുന്നു. അഞ്ചു കളിയിലാണ് അവര്‍ക്കു ജയിക്കാനായത്. ഒരു മല്‍സരം മഴയെ തുടര്‍ന്നു ഉപേക്ഷിക്കപ്പെടുകയും ചെയ്തു. 11 പോയിന്റോടെയാണ് അവർ സെമിഫൈനലിലേക്ക് കടന്നത്. പക്ഷെ ഇത്തവണ സെമിയിലെത്താന്‍ ഒരു ടീമിന് 11 പോയിന്റ് മതിയാവില്ല. കാരണം മഴ കാരണം ഈ ലോകകപ്പില്‍ മല്‍സരങ്ങള്‍ ഉപേക്ഷിക്കാൻ സാധ്യത കുറവാണ്. അതുകൊണ്ടു തന്നെ ഈ ലോകകപ്പില്‍ ആറു മല്‍സരങ്ങളില്‍ ജയിച്ച് 12 പോയിന്റ് നേടിയാല്‍ ഒരു ടീമിനു സെമി ഉറപ്പിക്കാം. ഇതു കണക്കിലെടുക്കുകയാണെങ്കില്‍ സെമി ഫൈനലിലെത്താന്‍ ഇന്ത്യക്കു ഇനി ഒരു വിജയം മാത്രമേ ആവശ്യമുള്ളൂ.
ഇന്ത്യയ്ക്ക് ഇനി നാലു കളികൾ
ആതിഥേയരായ ഇന്ത്യക്ക് നാലു കളികളാണ് ശേഷിക്കുന്നത്. അടുത്ത ഞായറാഴ്ച ഇംഗ്ലണ്ടുമായി ഏറ്റുമുട്ടുന്ന ഇന്ത്യ അതിനു ശേഷം നവംബര്‍ രണ്ടിനു ശ്രീലങ്കയെയും അഞ്ചിനു സൗത്താഫ്രിക്കയെയും 12ന് നെതര്‍ലാന്‍ഡ്‌സിനെയും ഇന്ത്യ നേരിടും. മോശം ഫോമിലുള്ള ഇംഗ്ലണ്ടിനെതിരായ അടുത്ത മല്‍സരം ജയിച്ച് സെമി ഫൈനലിലെത്തുന്ന ആദ്യത്തെ ടീമാവുകയായിരിക്കും ഇന്ത്യയുടെ ലക്ഷ്യം. അതേസമയം, ന്യൂസിലാന്‍ഡുമായി ഇന്നലെ നടന്ന മത്സരത്തിൽ ആധികാരികമായിട്ടാണ് ഇന്ത്യ ജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട കിവികള്‍ അവസാന ബോളില്‍ 273 റണ്‍സിനു ഓള്‍ഔട്ടാവുകയായിരുന്നു. അഞ്ചു വിക്കറ്റുകള്‍ എറിഞ്ഞിട്ട പേസര്‍ മുഹമ്മദ് ഷമിയായിരുന്നു ഇന്ത്യയുടെ ഹീറോ. കുല്‍ദീപ് യാദവ് രണ്ടു വിക്കറ്റുകളും വീഴ്ത്തി. റണ്‍ചേസില്‍ ബാറ്റിങ് ഇതിഹാസം വിരാട് കോലിയുടെ (95) തകര്‍പ്പന്‍ ഇന്നിങ്‌സ് ഇന്ത്യയെ രണ്ട് ഓവർ ബാക്കിനില്‍ക്കെ ആറു വിക്കറ്റുകള്‍ നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. 104 ബോളില്‍ എട്ടു ഫോറും രണ്ടു സിക്‌സറും നേടിയ കോലി കിവീസിനെതിരെയും തിളങ്ങി.
Read Also:തോൽവിയറിയാത്ത രണ്ടു ടീമുകൾ, പരിക്കിൽപ്പെട്ട് ഇന്ത്യൻ താരങ്ങൾ; ഇന്നത്തെ കളിയ്ക്ക് കടുപ്പം കൂടും