ഫലസ്തീനിലെ ഇസ്രയേൽ ആക്രമണം നിർത്തിയില്ലെങ്കിൽ സമുദ്രാന്തർ ഭാഗത്തുകൂടി കടന്നുപോകുന്ന ഇന്റർനെറ്റ് കേബിളുകൾ മുറിച്ചുമാറ്റുമെന്ന ഭീഷണിയുമായി യെമനിലെ ഹൂത്തി വിമതർ. നാളുകളായി തുടരുന്ന ചരക്കുകപ്പൽ ആക്രമണത്തിന് പിന്നാലെയാണ് ഇറാൻ പിന്തുണയുള്ള ഹൂത്തി വിമതർ പുതിയ ഭീഷണിയുമായി രംഗത്തിറങ്ങിയത്. ഭീഷണിയ്ക്ക് പിന്നാലെ കേബിളുകളുടെ വിശദ വിവരങ്ങൾ അടങ്ങുന്ന മാപ്പ് തങ്ങളുടെ ടെലിഗ്രാം ചാനലിൽ ഹൂത്തികൾ പങ്കുവെയ്ക്കുകയും ചെയ്തു. കേബിളുകൾ മുറിച്ചുമാറ്റിയാൽ ലോകമെമ്പാടുമുള്ള വിവരക്കൈമാറ്റത്തിനും യൂറോപ്പിലെയും പശ്ചിമേഷ്യയിലെയും സാമ്പത്തിക മേഖലയ്ക്കും വൻ തിരിച്ചടിയാകും നേരിടുക. ചെങ്കടലിലെ കേബിളുകളെ ആശ്രയിച്ച് 10 ട്രില്യൺ ഡോളറിന്റെ ഇടപാടുകളാണ് ദിവസവും നടക്കുന്നത്. കേബിളുകൾക്ക് തകരാർ സംഭവിയ്ക്കുന്നത് ഗുരുതരമായ പ്രതിസന്ധികൾക്ക് വഴിവെയ്ക്കും. ഇതിനിടെ യു.എസ്, യു.കെ. കപ്പലുകൾക്ക് നേരെ വീണ്ടും ഹൂത്തികൾ ആക്രമണം നടത്തി. ഇസ്രയേൽ കേന്ദ്രങ്ങൾ ആക്രമിയ്ക്കാൻ ലക്ഷ്യമിട്ട് ഹൂത്തികൾ പരിശീലനം നടത്തുന്ന വീഡിയോയും അന്താരാഷ്ട്ര മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. ഹൂത്തി വിമതരെ ലക്ഷ്യമിട്ട് യു.എസ്,യു.കെ.സൈന്യങ്ങൾ ആക്രമണം നടത്തുന്നുണ്ടെങ്കിലും ഇവരുടെ ആക്രമണശേഷി കുറയ്ക്കാനായിട്ടില്ലെന്നാണ് വിലയിരുത്തൽ.