കൊച്ചി: റാന്തൽവിളക്കിന്റെ ചുവട്ടിലിരുന്ന് പഠിച്ച് 2001ൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 518 മാർക്ക് നേടിയതു മുതൽ തുടങ്ങിയതാണ് വിജയലക്ഷ്മിയുടെ ജൈത്രയാത്ര. അന്നു മുതൽ ഇന്നുവരെ പഠനത്തിലായാലും ജോലിക്കായാലും ആദ്യ റാങ്കുകളിൽ വിജയലക്ഷ്മി ഉണ്ടാവും. മുപ്പത്തിയേഴാം വയസിലും അതിൽ മാറ്റമില്ല.അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് അടുത്തിടെ പി.എസ്.സി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ അതിലുണ്ട് നാലാം സ്ഥാനം.
ബി.എ ഒന്നാം റാങ്ക് (2006)എം.എ ഒന്നാം റാങ്ക് (2008)ബി.എഡ്, സെറ്റ്, നെറ്റ്, എം.ഫിൽ.പി.എച്ച്.ഡി പുരോഗമിക്കുന്നു.പി.എസ്.സി റാങ്കുകൾ5-ാം റാങ്ക് (2009):പാർട്ട് ടൈം യു.പിസ്കൂൾ അദ്ധ്യാപിക1-ാം റാങ്ക് (2011):യു.പി സ്കൂൾഅദ്ധ്യാപിക1-ാം റാങ്ക് (2015):ഹൈസ്കൂൾഅദ്ധ്യാപിക19-ാം റാങ്ക് (2019):ഹയർ സെക്കൻഡറിഅദ്ധ്യാപിക 4-ാം റാങ്ക് (2024).
ക്ഷീര കർഷകരായി ഉപജീവനം നടത്തിയിരുന്ന തൃശൂർ ചുള്ളിപ്പറമ്പിൽ പരേതനായ ഗോപാലന്റെയും രാധയുടെയും മകൾ നിശ്ചയദാർഢ്യവും കഠിനാദ്ധ്വാനവും കൊണ്ട് പരിമിതികൾ മറികടക്കുകയായിരുന്നു.
പ്ലസ്ടുവിന് സയൻസ് ഗ്രൂപ്പെടുത്തെങ്കിലും ഉപരിപഠനത്തിന് സംസ്കൃതം ആണ് തിരഞ്ഞെടുത്തത്. ബി.എയ്ക്കും എം.എയ്ക്കും ഒന്നാം റാങ്ക്. ബി.എഡിനുശേഷം എം.ഫില്ലും നേടി.ജോലിക്കുള്ള മത്സര പരീക്ഷകളിലും മുന്നിൽത്തന്നെ.2011ൽ യു.പി സ്കൂൾ ടീച്ചർ പരീക്ഷയിൽ ഒന്നാംറാങ്കായിരുന്നു.
വിവാഹ ശേഷം ആദ്യത്തെ കുഞ്ഞു ജനിച്ചുകഴിഞ്ഞാണ് പട്ടണക്കാട് ഗവ. സ്കൂളിൽ ഫുൾടൈം യു.പി.സ്കൂൾ ടീച്ചറായി നിയമനം കിട്ടിയത്. ഇതിനിടയിലും സെറ്റ്, നെറ്റ് യോഗ്യതകളും നേടി. 2015ൽ ഹൈസ്കൂൾ ടീച്ചർ പരീക്ഷയിലും ഒന്നാംറാങ്ക്. നിയമനം ചെറുതുരുത്തി സ്കൂളിൽ. രണ്ടാമത്തെ കുട്ടി പിറന്നെങ്കിലും പഠനം അവസാനിപ്പിച്ചില്ല. ശ്രീശങ്കരാചാര്യ യൂണിവേഴ്സിറ്റിയിൽ പാർട്ട് ടൈമായി പി.എച്ച്ഡിക്ക് ചേർന്നു. ഇതിനിടയിൽ ഹയർ സെക്കൻഡറി ടീച്ചറായി മുല്ലശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെത്തി. ചോറ്റാനിക്കര സ്വദേശിയും ഗാനരചയിതാവും സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനുമായ പി.ബി. സനീഷാണ് ഭർത്താവ്.ഗൗരിനന്ദനയും വേദശ്രീയുമാണ് മക്കൾ. അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കുള്ള അഡ്വൈസ് മെമ്മോയും പ്രതീക്ഷിച്ചിരിക്കുകയാണ് വിജയലക്ഷ്മി.