കൊച്ചി: പാതിവില തട്ടിപ്പ് കേസിൽ റിട്ട. ജസ്റ്റീസ് രാമചന്ദ്രൻ നായർക്കെതിരെ കേസെടുത്ത സംഭവത്തിൽ വിമർശനവുമായി ഹൈക്കോടതി. ഇത്തരം സംഭവങ്ങൾ നീതിന്യായ വ്യവസ്ഥയോടുള്ള വിശ്വാസ്യത നഷ്ടമാകുമെന്നും കോടതി നിരീക്ഷിച്ചു.
ജസ്റ്റീസ് രാമചന്ദ്രൻ നായർക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് കോടതിയുടെ വിമർശനം. മനസ് അർപ്പിച്ചാണോ പോലീസ് ഈ കേസ് എടുത്തതെന്നും കോടതി ചോദിച്ചു.
ഒരു പാരതി കിട്ടിയാൽ ആ പരാതിയിൽ ഒരാൾക്ക് പങ്കുണ്ടെന്ന് ബോധ്യപ്പെടുന്ന സാഹചര്യത്തിലാണ് ആയാളുടെ പേര് എഫ്ഐആറിൽ ഉൾപ്പെടുത്തേണ്ടത്. അല്ലാതെ ഒരാളുടെ പേര് കിട്ടിയാൽ അപ്പോൾ തന്നെ എഫ്ഐആറിൽ ഉൾപ്പെടുത്തേണ്ടതില്ല. ഇക്കാര്യത്തിൽ സാഹചര്യവും നിജസ്ഥിതിയും പരിശോധിച്ചിട്ടുണ്ടോയെന്നും ഹൈക്കോടതി ചോദിച്ചു.
ഹർജിയിൽ സംസ്ഥാന സർക്കാരിനോടും കോടതി വിശദീകരണം തേടിയിട്ടുണ്ട്. ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കും.
പാതിവിലയ്ക്ക് ലാപ്ടോപ്, സ്കൂട്ടർ അടക്കമുള്ളവ വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയതു സംബന്ധിച്ച് പെരിന്തൽമണ്ണ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽജസ്റ്റീസ് രാമചന്ദ്രൻ നായരെ മൂന്നാം പ്രതിയാക്കിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
അങ്ങാടിപ്പുറത്തെ കെഎസ്എസ് പ്രസിഡൻറ് ഡാനിമോൻ, ജനറൽ സെക്രട്ടറി സുനിൽ ജോസഫ് എന്നിവർ നൽകിയ പരാതിയിൽ കെ.എൻ. ആനന്ദകുമാർ ഒന്നാം പ്രതിയും നാഷണൽ എൻജിഒ കോൺഫെഡറേഷൻ സംസ്ഥാന സെക്രട്ടറി അനന്തു കൃഷ്ണൻ രണ്ടാം പ്രതിയുമാണ്.
കോൺഫെഡറേഷൻ രക്ഷാധികാരിയാണ് ജസ്റ്റീസ് രാമചന്ദ്രൻ നായരെന്ന് പരാതിയിൽ പറയുന്നു.