തിരുവനന്തപുരം:ഷാരോൺ വധക്കേസിൽ കുറ്റവാളി ഗ്രീഷ്‌മ നൽകിയ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചു. തനിക്കെതിരായ വധശിക്ഷ വിധിക്കെതിരെയാണ് ഗ്രീഷ്‌മയുടെ അപ്പീൽ. കേസിലെ വിചാരണയ്ക്ക് ശേഷം നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി പുറപ്പെടുവിച്ച ശിക്ഷാവിധി റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് ഹർജി. നിലവിൽ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിൽ കഴിയുകയാണ് ഗ്രീഷ്മ. ഗ്രീഷ്മയുടെ അമ്മാവന് വിചാരണക്കോടതി അനുവദിച്ച ജാമ്യം ഹൈക്കോടതി ശരിവച്ചു.
മരണക്കിടക്കയിലും ഷാരോൺ ഗ്രീഷമയെ വിശ്വസിച്ചിരുന്നു. 11 ദിവസം ഒരു തുള്ളിവെള്ളം ഇറക്കാൻ കഴിയാതെ ആന്തരീകാവയവങ്ങൾ അഴുകിയാണ് ഷാരോൺ മരിച്ചത്. ആ വേദനയക്ക് അപ്പുറമല്ല പ്രതിയുടെ പ്രായമെന്നും കോടതിക്ക് മുന്നിൽ ഒരു ദയയും അർഹിക്കുന്നില്ലെന്നും വ്യക്തമാക്കിയാണ് ഗ്രീഷ്മയ്ക്ക് വിചാരണ കോടതി വധശിക്ഷ വിധിച്ചത്.
സാഹചര്യങ്ങളുടെ സമ്മർദ്ദമാണ് കൊലപാതകത്തിന് കാരണമെന്നുള്ള വാദം ഗ്രീഷ്‌മയ്ക്ക് തെളിയിക്കാനായില്ല. സ്നേഹം പൊതിഞ്ഞ വാക്കുകളിൽ വിഷം ഒളിപ്പിച്ച് വെച്ചാണ് ഗ്രീഷ്മ ഷാരണിനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയതെന്നും കൊലപ്പെടുത്തിയതെന്നും കോടതി ഉത്തരവിൽ പറഞ്ഞു. പലതും മറച്ചുവെച്ചും തെറ്റായ വിവരങ്ങൾ നൽകിയും ഗ്രീഷ്മ അന്വേഷണത്തെ വഴിതെറ്റിച്ചു. ആത്മഹത്യ ശ്രമം പോലും ഇതിൻറെ ഭാഗമായാണ് കോടതി കണക്കാക്കിയത്. വാട്സ് ആപ് ചാറ്റുകൾ അടക്കം 48 സാഹചര്യ തെളിവുകൾ കേസിലുണ്ടെന്ന് കോടതി വ്യക്തമാക്കി.