കൊച്ചി: സത്യം പുറത്തു കൊണ്ടുവരാൻ ഒളിക്യാമറ റെക്കാഡിംഗിന്റെ സ്റ്റിംഗ് ഓപ്പറേഷൻ പേരിൽ മാദ്ധ്യമ പ്രവർത്തകർക്കെതിരെ സ്വീകരിച്ച നടപടി ഒഴിവാക്കാമെന്ന് ഹൈക്കോടതി.Hidden camera to bring out the truth; High Court may waive the action taken against media workers.
ജനാധിപത്യം സംരക്ഷിക്കുന്നതിനാകണം മാദ്ധ്യമങ്ങളുടെ അത്തരം പ്രവർത്തനങ്ങൾ. സത്യം കണ്ടെത്തുന്നതിനപ്പുറം ആരുടെയെങ്കിലും വ്യക്തിസ്വാതന്ത്ര്യം ഹനിക്കലാകരുത് ലക്ഷ്യമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണൻ വ്യക്തമാക്കി.
സോളാർ കേസുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജയിലിൽ നടത്തിയ ഒളിക്യാമറ ഓപ്പറേഷന്റെ പേരിൽ സ്വകാര്യ ചാനലിനെതിരെ പൊലീസ് 2013ലെടുത്ത കേസ് റദ്ദാക്കിക്കൊണ്ടാണ് ഉത്തരവ്.
മാദ്ധ്യമ സ്വാതന്ത്ര്യം നിഷേധിച്ചാൽ ജനാധിപത്യം ഇല്ലാതാകുമെന്ന് കോടതി പറഞ്ഞു. യഥാർത്ഥ വസ്തുതകൾ നൽകുന്ന മാദ്ധ്യമങ്ങളാണ് ജനാധിപത്യ പ്രക്രിയിൽ പങ്കാളികളാകാൻ പൗരന്മാരെ പ്രാപ്തരാക്കുന്നത്.
ഇതിനായി നിയമം അനുവദിക്കാത്ത ചില രീതികൾ മാദ്ധ്യമങ്ങൾ സ്വീകരിക്കാറുണ്ട്. ഒളിക്യാമറ അതിലൊന്നാണ്. ഇതിന്റെ നിയമപരമായ സാദ്ധ്യത സുപ്രീംകോടതി പലപ്പോഴായി പരിശോധിച്ചിട്ടുണ്ട്.
തെറ്റായ ലക്ഷ്യത്തോടെയാണ് സ്റ്റിംഗ് ഓപ്പറേഷനെങ്കിൽ നിയമപിന്തുണയുണ്ടാകില്ല. കേസിന്റെ വസ്തുത പരിശോധിച്ച് കോടതിയായിരിക്കും ഇക്കാര്യം തീരുമാനിക്കുകയെന്നും കോടതി വ്യക്തമാക്കി.