സംസ്ഥാനത്ത് 11 വരെ കനത്ത മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നുമുതൽ നാലു ദിവസത്തേക്കാണ് മുന്നറിയിപ്പുള്ളത്.
മഹാരാഷ്ട്ര തീരം മുതൽ ഗോവ തീരം വരെ തീരത്തോട് ചേർന്ന് ന്യൂനമർദ്ദപാത്തി സ്ഥിതിചെയ്യുന്നുണ്ട്. തെക്കു പടിഞ്ഞാറൻ ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി ന്യൂനമർദ്ദവും സ്ഥിതിചെയ്യുന്നു എന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഈ ന്യൂനമർദ്ദങ്ങൾ അടുത്ത രണ്ടു മൂന്നു ദിവസങ്ങളിൽ ഝാർഖണ്ഡ്, ഛത്തീസ്ഗഢ് മേഖലയിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്.
തെക്കൻ ഗുജറാത്ത് തീരം മുതൽ കർണാടക തീരം വരെ ന്യൂന മർദ്ദ പാത്തിയും സ്ഥിതിചെയ്യുന്നു. ഇതിന്റെയെല്ലാം സ്വാധീനഫലമായാണ് കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നത്.
അതേസമയം ഈ മാസം 11 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനിടയുണ്ട്. സംസ്ഥാനത്ത് നാളെ വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം
കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. എന്നാൽ കർണാടക തീരത്ത് 11 വരെ മീൻപിടിത്തം വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
തിരുവനന്തപുരം ജില്ലയിലെ തീരങ്ങളിൽ (കാപ്പിൽ മുതൽ പൊഴിയൂർ വരെ) ഇന്ന് രാത്രി 11.30 വരെ 1.4 മുതൽ 1.7 മീറ്റർ വരെ ഉയർന്ന തിരമാലക്കാണ് സാധ്യത.
കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
കൂടാതെ ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കണം. മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്.
മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക എന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
ടെക്സസിലെ മിന്നൽ പ്രളയം; മരണം 100 കടന്നു
വാഷിങ്ടൻ: ടെക്സസിലുണ്ടായ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 100 കടന്നതായി റിപ്പോർട്ട്. വേനൽക്കാല ക്യാംപിലുണ്ടായിരുന്ന 27 പേരുൾപ്പെടെ 28 കുട്ടികൾക്കും ജീവൻ നഷ്ടമായി.
10 കുട്ടികളുൾപ്പെടെ ഒട്ടേറേപ്പെരെ ഇനിയും കണ്ടെത്താനുണ്ട്. കെർ കൗണ്ടിയിൽ മാത്രം 84 പേരാണ് മരിച്ചത്.
ചെളി നിറഞ്ഞ ഗ്വാഡലൂപ് നദീതീരത്ത് ഹെലികോപ്ടറുകളും നിരീക്ഷണ വിമാനങ്ങളും ഉപയോഗിച്ചും തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.
മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് അധികൃതർ പറയുന്നു. അതിനിടെ മേഖലയിൽ കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടായേക്കുമെന്ന് കാലാവസ്ഥാ വിഭാഗം വീണ്ടും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സൈന്യത്തിന്റെ ഡ്രോണുകളും തീരരക്ഷാസേനയുടെ വിമാനങ്ങളും തിരച്ചിലിന് വേണ്ടി ഉപയോഗിക്കുന്നുണ്ട്.
ദുരന്ത മുഖത്ത് നിന്നും ഇതുവരെ 850 പേരെയാണ് രക്ഷപ്പെടുത്തിയത്. ദുരന്തബാധിതർക്കായി റോമിൽ ലിയോ പതിനാലാമൻ മാർപാപ്പ പ്രത്യേക പ്രാർഥന നടത്തി.
Summary: The India Meteorological Department (IMD) has issued a warning for heavy rainfall in Kerala over the next four days. The alert comes amid changing weather conditions across the state.