തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.
പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഞായറാഴ്ച മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ആണ്. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി.
സംസ്ഥാനത്ത് 25-ാം തീയതി വരെ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, ഇടിമിന്നൽ അപകടങ്ങൾ കൂടുന്നതിനാൽ ജാഗ്രത വേണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം കോട്ടയത്ത് ഇടിമിന്നലേറ്റ് സഹോദരങ്ങൾക്ക് പരിക്കേറ്റിരുന്നു. കോട്ടയം പാലായിലാണ് അപകടമുണ്ടായത്.
ആണ്ടൂർ സ്വദേശികളായ ആൻ മരിയ (22) ആൻഡ്രൂസ് (17) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാത്രി ഏഴ് മണിയോടെയാണ് സംഭവം. വീട്ടിൽ വെച്ചാണ് ഇരുവർക്കും മിന്നലേറ്റത്. പരിക്കേറ്റ ആൻമരിയയേയും ആൻഡ്രൂസിനേയും ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.