തുടർച്ചയായ നാണ്യവിളകളുടെ വിലത്തകർച്ചയ്ക്ക് ഒടുവിൽ ആശ്വാസം എന്നോണം മേയ് ആദ്യ വാരം മുതൽ കുരുമുളക് , കാപ്പിക്കുരു, ഏലം തുടങ്ങി കാർഷിക വിളകൾക്ക് വില ഉയർന്നു തുടങ്ങി. എന്നാൽ കടുത്ത ചൂടും ഉഷ്ണ തരംഗവും മൂലം കാർഷിക മേഖലയിലുണ്ടായ പ്രതിസന്ധികൾ എന്തൊക്കെയാണ്..കർഷകർക്ക് വിലക്കയറ്റത്തിന്റെ നേട്ടം ലഭിയ്ക്കുന്നുണ്ടോ എന്ന് പരിശോധിയ്ക്കുകയാണ് ന്യൂസ് ഫോർ തയാറാക്കുന്ന പരമ്പര.
ഉത്പാദനച്ചെലവ് പോലും ലഭിയ്ക്കാതെ റബ്ബർ കർഷകർ
ഒരു കാലത്ത് സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ താങ്ങി നിർത്തിയിരുന്ന റബ്ബർ കർഷകർ ഇന്ന് സാമ്പത്തിക പ്രതിസന്ധിയുടെ വക്കിലാണ് . റബ്ബറിന് ആവശ്യത്തിന് വിലയില്ലാത്തതാണ് കർഷകരെ വലയ്ക്കുന്നത് 170-180 രൂപയാണ് ശരാശരി റബ്ബർ ഷീറ്റിന് കിലോയ്ക്ക് ലഭിയ്ക്കുന്നത്. കഴിഞ്ഞ 10 വർഷത്തിനിടയിൽ റബ്ബർ വിലയിൽ വലിയ വർധനവ് ഉണ്ടായില്ലെങ്കിലും ടാപ്പിങ്ങ് കൂലി ഇരട്ടിയായി ഉയർന്നു. ഒരു രൂപ മുതൽ 1.25 വരെയായിരുന്ന ടാപ്പിങ്ങ് കൂലി 2-2.50 വരെയായി ഉയർന്നു. റബ്ബർ പാൽ ഗുണമേന്മയുള്ള ഷീറ്റാക്കി മാറ്റണമെങ്കിൽ കൂടുതൽ കൂലി നൽകണം എന്ന അവസ്ഥ വന്നതോടെ ലാറ്റക്‌സ് , ഒട്ടുപാൽ എന്നീ ഉത്പന്നങ്ങളാക്കി മാറ്റുകയാണ് കർഷകർ. ലാറ്റക്‌സ് ഉപയോഗിച്ച് ഉത്പന്നങ്ങൾ നിർമിയ്ക്കുന്ന ഫാക്ടറികൾ സംസ്ഥാനത്ത് പ്രവർത്തിയ്ക്കുന്നതിനാൽ റബ്ബർ പാലിന്റെ ഗുണമേന്മയനുസരിച്ച് ശേഖരിയ്ക്കാൻ കമ്പനികൾ തയാറാകുന്നുണ്ട്.
ടാപ്പിങ്ങ് കൂലിയ്ക്ക് പുറമെ വളമിടൽ, കള പറിയ്ക്കൽ മഴക്കാലത്ത് റബ്ബർ മരങ്ങൾക്ക് പ്ലാസ്റ്റിക് ഒട്ടിയ്ക്കൽ തുടങ്ങിയ ചെലവുകളും ഏറെയാണ്. വൻകിട തോട്ടം ഉടമകൾക്ക് പോലും ഇത്തരം ചെലവുകൾക്ക് ശേഷം വലിയ ലാഭം ലഭിയ്ക്കാറില്ല. സ്വന്തമായി ടാപ്പിങ്ങും മറ്റു പണികളും നടത്തുന്ന ചെറുകിട തോട്ടം ഉടമകൾക്ക് കൂടുതൽ മരങ്ങൾ ഉണ്ടെങ്കിൽ ജീവിതച്ചെലവ് ലഭിയ്ക്കുമെന്നല്ലാതെ നേട്ടം കുറവാണ്.
റമ്പുട്ടാന് വഴിമാറി റബ്ബർ തോട്ടങ്ങൾ
റബ്ബർ കൃഷിയിൽ നിന്നും മെച്ചമില്ലാതായതോടെ പ്രായമായ റബ്ബർ വെട്ടിമാറ്റിയാൽ പുനർകൃഷിയിലേയ്ക്ക് തിരിയാൻ മടിയ്ക്കുകയാണ് കർഷകർ. റമ്പുട്ടാൻ , അവക്കാഡോ , ബഡ്ഡ് പ്ലാവ്, തെങ്ങ് , മാവ് തുടങ്ങി.. മറ്റ് ഇറക്കുമതിച്ചെടികളുമാണ് ഇപ്പോൾ വെട്ടിമാറ്റിയ റബ്ബർ തോട്ടങ്ങളിലെ പുതുകൃഷികൾ. മുൻപ് റബ്ബർ നഴ്‌സറികൾ നടത്തിക്കൊണ്ടിരുന്ന പലരും ഇപ്പോൾ മറ്റു കാർഷിക ഉത്പന്നങ്ങൾ നഴ്‌സറികളിൽ നിറച്ചു. ചില നഴ്‌സറികളിൽ പേരിന് റബ്ബർ തൈകളും കാണാം.
( കുരുമുളക് വില ഉയരുമ്പോൾ കർഷകന് നേട്ടമോ .. അതേക്കുറിച്ച് അടുത്ത ദിവസം)