ഇടുക്കി: കാടും നാടും ഒരു പോലെ വിറപ്പിച്ച അരിക്കൊമ്പൻ എന്ന ഒറ്റയാനെ കാടുകടത്തിയിട്ട് ഇന്ന് ഒരു വർഷം. തമിഴ്നാട്ടിലെ തിരുനെൽവേലി കോതയാർ വനമേഖലയിലാണ് അരിക്കൊമ്പൻ ഇപ്പോഴുള്ളതെന്നാണ് അവസാന വിവരം. 2023 ഏപ്രിൽ 29 നാണ് ചിന്നക്കനാൽ സിമന്റുപാലത്തു നിന്ന് മയക്കുവെടി വച്ച് പിടികൂടിയ അരിക്കൊമ്പനെ ആദ്യം പെരിയാർ കടുവാസങ്കേതത്തിലേക്കു മാറ്റിയത്. കഴിഞ്ഞ ഏപ്രിൽ 29 ന് ചിന്നക്കനാലിൽ വെച്ചും ജൂൺ 5 ന് തമിഴ്നാട് കമ്പത്തു വെച്ചും ആനയെ മയക്ക് വെടിവെച്ചു. കേരളത്തിൽ ഒട്ടേറെ ഫാൻസുള്ള അരിക്കൊമ്പനെന്ന ഒറ്റയാൻ തമിഴ് നാട്ടുകാർക്ക് അരസിക്കൊമ്പനാണ്. അരി തേടിയെത്തി അക്രമം കാണിക്കുന്ന ആനക്ക് നാട്ടുകാരിട്ട പേരാണ് അരിക്കൊമ്പൻ. തിരുനെൽവേലി കളക്കാട് മുണ്ടൻ തുറൈ കടുവാ സങ്കേതത്തിലാണ് അരിക്കൊമ്പൻ ഉള്ളത്.
അരിക്കൊമ്പൻ പോയതിനു ശേഷവും കാട്ടാനശല്യം രൂക്ഷമാണ്. വീടുകൾക്കും കടകൾക്കും എതിരെയുള്ള കാട്ടാന ആക്രമണങ്ങൾ കുറഞ്ഞെങ്കിലും കഴിഞ്ഞ 4 മാസത്തിനിടയിൽ ചിന്നക്കനാൽ, ആനയിറങ്കൽ മേഖലയിൽ 2 പേരെയാണു കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയത്. പന്നിയാർ സ്വദേശിനി പരിമളം (44), ചിന്നക്കനാൽ സ്വദേശി വെള്ളക്കല്ലിൽ സൗന്ദർരാജൻ (68) എന്നിവരാണ് കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടത്. അരിക്കൊമ്പനെ കാടുകടത്തിയശേഷം ചക്കക്കൊമ്പൻ എന്ന ഒറ്റയാൻ മേഖലയിൽ ഭീതി പരത്തുന്നുണ്ട്. ഇതുകൂടാതെ മുറിവാലൻ കൊമ്പൻ എന്ന ഒറ്റയാനും പ്രദേശത്ത് നാട്ടുകാർക്ക് ഭീഷണിയാണ്. ഈ 2 ഒറ്റയാൻമാർ ഉൾപ്പെടെ 19 ആനകളാണു ചിന്നക്കനാൽ മേഖലയിലുള്ളത്. ഇതിൽ 2 വയസ്സിലധികമുള്ള 4 കുട്ടിക്കൊമ്പന്മാരും ഉണ്ടെന്നാണു വനംവകുപ്പ് അധികൃതർ പറയുന്നത്. ഭാവിയിൽ ഈ കുട്ടിക്കൊമ്പൻമാരും ഭീഷണിയാകുമെന്ന ആശങ്കയാണു നാട്ടുകാർക്ക്.
അരിക്കൊമ്പൻ, ചക്ക കൊമ്പൻ മൊട്ടവാലൻ മൂന്ന് ഒറ്റയാൻമാർ ചിന്നക്കനാൽ ശാന്തൻപാറ പഞ്ചായത്തുകളിലുള്ളവരുടെ ഉറക്കം കെടുത്തിയതോടെയാണ് വനം വകുപ്പ് ഇടപ്പെട്ടത്. നൂറിലധികം വീടുകളും റേഷൻ കടകളും തകർത്ത, നിരവധി പേരെ കൊലപ്പെടുത്തിയ അരിക്കൊമ്പനെ നാട് കടത്താനായിരുന്നു തീരുമാനം. കോടതി നിർദേശ പ്രകാരം വനം വകുപ്പ് അത് നടപ്പാക്കുകയും ചെയ്തു. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യസംഘത്തെ പല തവണ വട്ടം ചുറ്റിച്ച അരിക്കൊമ്പനെ ചിന്നക്കനാൽ സിമൻ്റ് പാലത്ത് വെച്ചാണ് തളച്ചത്. കോന്നി സുരേന്ദ്രൻ, വിക്രം, സൂര്യൻ, കുഞ്ചു എന്നീ താപ്പാനകളുടെ സംരക്ഷിത വലയത്തിൽ ജന്മനാട്ടിൽ നിന്നുള്ള പറിച്ച് നടൽ.
പിന്നീടങ്ങോട് നടന്നത് നാടകീയ സംഭവങ്ങളാണ്. ചിന്നക്കനാലിലേക്ക് മടങ്ങിയെത്തുമെന്ന് തോന്നിപ്പിക്കും വിധം തമിഴ്നാട് മേഘമലയിലും കമ്പം ടൗണിലും അരിക്കൊമ്പനെത്തിയിരുന്നു. കമ്പം ടൗണിലൂടെ തലങ്ങും വിലങ്ങും ഓടിയ അരിക്കൊമ്പൻ കൂത്തനാച്ചി വനമേഖലയിൽ വരെ എത്തി. വീണ്ടും കാടിറങ്ങിയതോടെ രണ്ടാം ദൗത്യം തുടങ്ങുകയായിരുന്നു. തമിഴ്നാട് സർക്കാർ മയക്ക് വെടിവെച്ച് പിടികൂടിയ അരിക്കൊമ്പൻ തിരുനെൽവേലിയിലേക്ക് കടത്തി. കളക്കാട് മുണ്ടൻ തുറൈ കടുവാ സങ്കേതത്തിൽ തുറന്ന് വിട്ട അരിക്കൊമ്പൻ സുഖമായി കഴിയുന്നുവെന്നാണ് വനം വകുപ്പിൻ്റെ വാദം.വന്യമൃഗശല്യം ശാശ്വതമായി പരിഹരിക്കാനുള്ള ഏക പോംവഴി അവയെ കാട്ടിനുള്ളിൽ തന്നെ നിലനിർത്തുക എന്നതാണ്. അതിനുള്ള ദീർഘ ഹൃസ്വകാല പദ്ധതികളാണ് ഉണ്ടാകേണ്ടത്. അതാണ് അരിക്കൊമ്പൻ ദൗത്യം നമ്മെ പഠിപ്പിക്കുന്ന പാഠം.