കേരളത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് ഇനി മുതൽ അല്പം ദുഷ്കരമാവുകയാണ്. ഡ്രൈവിംഗ് ടെസ്റ്റുകളും ലേണേഴ്സ് ഉൾപ്പെടെയുള്ള പരിശോധനകളും കർശനമാക്കുന്നതോടെ അന്യസംസ്ഥാനത്തെ ചിലർ സന്തോഷിക്കുകയാണ്. കർണാടകത്തിലെ ഹുൻസൂരിൽ ആണ് കേരളത്തിലെ ഡ്രൈവിംഗ് ടെസ്റ്റ് മാറ്റത്തിന്റെ വിളവെടുപ്പ് നടക്കുന്നത്. ഇവിടെ മലയാളികളുടെ തിരക്കാണ്. ആധാർ കാർഡും ഫോട്ടോയും പറയുന്ന പണവും എത്തിച്ചു കൊടുത്താൽ ദിവസങ്ങൾക്കുള്ളിൽ ലൈസൻസ് വീട്ടിലെത്തും. കാർ ബൈക്ക് ലൈസൻസുകൾക്ക് 12000 രൂപയാണ് ഏജന്റ്മാർ വാങ്ങുന്നത്.
ഇവിടെ ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നതിന് മുന്നോടിയായി ലേണേഴ്സും നേത്ര പരിശോധനയും ഒന്നുമില്ല. തട്ടിയും മുട്ടിയും റോഡിൽ 50 മീറ്റർ വാഹനമോടിച്ചു കാണിച്ചാൽ ലൈസൻസ് റെഡി. ടെസ്റ്റ് ഗ്രൗണ്ടിൽ കാര്യങ്ങൾ നിയന്ത്രിക്കുന്നതെല്ലാം മലയാളം സംസാരിക്കുന്ന ഏജന്റുമാരാണ്. പേരിന് ഒരു ഉദ്യോഗസ്ഥൻ ഉണ്ടെങ്കിലായി. ചുളുവിൽ ലൈസൻസ് സംഘടിപ്പിക്കാൻ മലയാളികളുടെ തിരക്കാണ് ഇവിടെ. ഡ്രൈവിംഗ് ടെസ്റ്റ് ബഹു രസകരമാണ്. മോട്ടോർ ഉദ്യോഗസ്ഥർ വാഹനത്തിൽ ഇല്ല. ആവശ്യമെങ്കിൽ ക്ലച്ചും ബ്രേക്കും സ്റ്റിയറിങ് വരെ നിയന്ത്രിക്കാൻ പരിശീലകൻ കാറിന്റെ ഇടതു സീറ്റിൽ റെഡി. എങ്ങനെയെങ്കിലും 50 മീറ്റർ തള്ളി ഓടിച്ചു നീക്കിയാൽ കഴിഞ്ഞു. പരീക്ഷ പാസായി. ലൈസൻസ് വീട്ടിലെത്തും. കേരളത്തിൽ നിന്നും എത്തിയ മിക്കവരും ടെസ്റ്റ് പാസാകുന്നു. അധികൃതരുടെ അനാസ്ഥയും ഏജന്റുമാരുടെ ആർത്തിയും റോഡിലേക്ക് ഇറക്കിവിടുന്നത് ഡ്രൈവിങ്ങിന്റെ ബാലപാഠം പോലും അറിയാത്തവരെയാണ്.
Read also: ഭൂമിയെ തൊട്ട് ഭീമാകാര നീലവെളിച്ചം ! കടന്നുപോയത് അന്യഗ്രഹ ജീവികളുടെ സ്പേസ് സ്റ്റേഷനോ ? : വീഡിയോ കാണാം