തിരുവനന്തപുരം: ക്രമസമാധന ചുമതലയുള്ള എഡിജിപിയായി എച്ച് വെങ്കിടേഷിനെ നിയമിച്ച് കേരള സർക്കാർ. നിലവിൽ ചുമതലയുണ്ടായിരുന്ന മനോജ് എബ്രഹാമിന് ഡിജിപി റാങ്കിലെത്തിയതോടെയാണ് പുതിയ നിയമനം.
നിലവിൽ ക്രൈെംബ്രാഞ്ച് എഡിജിപിയാണ് വെങ്കിടേഷ്. നേരത്തെ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എംആർ അജിത്കുമാറിനെ വീണ്ടും ആ സ്ഥാനത്തേക്ക് കൊണ്ടുവരുമെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
പിവി അൻവറിന്റെ പരാതി, തൃശൂർപൂരം കലക്കൽ, അനധികൃത സ്വത്ത് സമ്പാദനം, ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച തുടങ്ങിയ വിവാദങ്ങളെ തുടർന്നാണ് അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിയത്.
നിലവിലെ പോലീസ് മേധാവി ഷേയ്ക്ക് ദർവേഷ് വിരമിക്കുന്ന ഒഴിവിൽ അജിത്കുമാറും ഡിജിപി പദവിയിലെത്തും. അതിനാലാണ് വെങ്കിടേഷിന് ഇപ്പോൾ നിയമനം നൽകിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിലെത്തും; തലസ്ഥാനത്ത് നാളെയും മറ്റന്നാളും പ്രത്യേക ഗതാഗത നിയന്ത്രണം
തിരുവനന്തപുരം: വിഴിഞ്ഞം പോർട്ട് കമ്മീഷനിങിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിലെത്തും. പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് നാളെയും മറ്റന്നാളും(വെള്ളിയാഴ്ച) തിരുവനന്തപുരം നഗരത്തിൽ പ്രത്യേക ഗതാഗത നിയന്ത്രണം ഉണ്ടാവും.
നാളെ ഉച്ചയ്ക്ക് രണ്ടുമണി മുതൽ രാത്രി പത്ത് മണിവരെയും മറ്റന്നാൾ രാവിലെ ആറര മുതൽ ഉച്ചയ്ക്ക് രണ്ടുമണി വരെയുമാണ് ഗതാഗത നിയന്ത്രണം ഉണ്ടാവുക.
അതേ സമയം, ആരെങ്കിലും തുടങ്ങിവെച്ച പദ്ധതികളുടെ പിതൃത്വം ഏറ്റെടുക്കലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രധാന പരിപാടിയെന്നും ഉമ്മൻ ചാണ്ടിയെ വിസ്മരിച്ച് വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ് ഒറ്റയ്ക്ക് തട്ടിയെടുക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.
വിഴിഞ്ഞം കമ്മീഷനിങ് ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും, പങ്കെടുക്കില്ലെന്നും, അത് അവരുടെ തീരുമാനമാണെന്നും അതിൽ പരിഭവമോ പരാതിയോ ഇല്ലെന്നും വി ഡി സതീശൻ പറഞ്ഞു. എന്നാൽ വിഴിഞ്ഞം കമ്മീഷനിങ് സർക്കാരിന്റെ നാലാം വാർഷിക പരിപാടിയെന്നാണ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്.
അങ്ങനെയെങ്കിൽ ബിജെപിയും സിപിഐഎമ്മും ചേർന്നാണോ സർക്കാരിന്റെ നാലാം വാർഷികം ആഘോഷിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. പ്രധാനമന്ത്രി അതിനാണോ വരുന്നതെന്ന് സംസ്ഥാന ബിജെപി നേതൃത്വം പറയട്ടെയെന്നും വി ഡി സതീശൻ പറഞ്ഞു.