നടപ്പാതയിൽ മലമൂത്ര വിസർജനം; ചൊദ്യം ചെയ്ത വഴിയോരക്കച്ചവടക്കാരനെ കമ്പിവടിക്കടിച്ചു; സംഭവം ഗുരുവായൂർ ക്ഷേത്രനടയിൽ
തൃശൂർ: നടപ്പാതയിൽ മലമൂത്ര വിസർജനം നടത്തിയതിനെ ചോദ്യം ചെയ്തതിന്റെ പേരിൽ 66 വയസുകാരനെ ക്രൂരമായി മർദിച്ച സംഭവം ഗുരുവായൂർ ക്ഷേത്രനടയിൽ.
ഗുരുവായൂർ വടക്കേ നട മാഞ്ചിറ റോഡിൽ വഴിയോരക്കച്ചവടം നടത്തുന്ന വയോധികനാണ് ആക്രമണത്തിനിരയായത്.
ചാവക്കാട് തിരുവത്ര ചീരമ്പത്ത് രാജേന്ദ്രൻ (66) എന്നയാളെയാണ് ഇരുമ്പ് പൈപ്പുകൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചത്.
ആക്രമണത്തിൽ രാജേന്ദ്രന്റെ ഇടത് കൈയുടെ എല്ല് പൊട്ടി, കൂടാതെ ഇയാളുടെ കടയും അക്രമി അടിച്ചുതകർത്തു.
കഴിഞ്ഞ ഏഴ് വർഷമായി മുല്ലപ്പൂവും പൂജാ സാധനങ്ങളും വിൽപ്പന നടത്തി വരികയായിരുന്നു രാജേന്ദ്രൻ.
തെരുവിൽ കഴിയുന്ന ചിലർ സ്ഥിരമായി നടപ്പാതയിൽ മലമൂത്ര വിസർജനം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ട രാജേന്ദ്രൻ ഇത് ചോദ്യം ചെയ്തിരുന്നു.
ഇതിന്റെ പ്രതികാരമായി അടുത്ത ദിവസം രാജേന്ദ്രന്റെ കട വിസർജ്യ വസ്തുക്കളാൽ മലിനമാക്കിയതായും പരാതിയുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ സഹിതം രാജേന്ദ്രൻ പൊലീസിനെ സമീപിച്ച് പരാതി നൽകിയിരുന്നു.
ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് രാജേന്ദ്രൻ പറയുന്നത്. ഈ മാസം 12-ന് പുലർച്ചെ മൂന്ന് മണിയോടെയാണ് ആക്രമണം നടന്നത്.
ഇരുമ്പ് പൈപ്പുമായി എത്തിയ അക്രമി രാജേന്ദ്രനെ മർദിക്കുന്നതും കട അടിച്ചുതകർക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.
എന്നാൽ സംഭവമുണ്ടായിട്ടും ആദ്യം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയായിരുന്നു കാരണമായി പൊലീസ് ചൂണ്ടിക്കാട്ടിയത്. ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയും ശക്തമായ പ്രതിഷേധം ഉയരുകയും ചെയ്തതോടെയാണ് രാജേന്ദ്രനെ പൊലീസ് വിളിച്ചുവരുത്തി മൊഴിയെടുത്തത്.
ഗുരുവായൂർ ക്ഷേത്രനടയിലെ തെരുവോരങ്ങളിൽ കഴിയുന്ന ചിലർ മാരകായുധങ്ങളുമായി ആക്രമണത്തിന് മുതിരുന്നതായി വ്യാപകമായ പരാതികൾ ഉയരുന്ന സാഹചര്യത്തിലാണ് സംഭവം.
English Summary
A 66-year-old street vendor was brutally assaulted near the Guruvayur temple after questioning public defecation on the footpath. The attacker used an iron pipe, breaking the elderly man’s arm and vandalising his shop. Despite CCTV evidence, police initially delayed registering a case, citing election duty, triggering public outrage.
guruvayur-footpath-assault-elderly-vendor-cctv
Thrissur, Guruvayur Temple, Elderly Assault, Street Vendor Attack, Public Defecation Issue, CCTV Evidence, Kerala Crime









