കൊച്ചി: മുതിർന്ന കോൺഗ്രസ്സ് നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന പനമ്പിള്ളി ഗോവിന്ദ മേനോന്റെ കൊച്ചുമകൾ സുജാത മേനോനും ഭർത്താവ് അനിൽ കൃഷ്ണനും ബിജെപിയിൽ ചേർന്നു. ജവഹർ നഗറിലെ വസതിയിൽ വെച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. കെ.എസ്. രാധാകൃഷ്ണൻ, ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു, ജില്ലാ ജന. സെക്രട്ടറി എസ്. സജി എന്നിവർ ഇരുവരെയും പാർട്ടിയിലേക്ക് സ്വീകരിച്ചു. ഏരിയാ പ്രസിഡണ്ട് നൗഷാദ്. ഏരിയാ സെക്രട്ടറി ബാലൻ എന്നിവരും പങ്കെടുത്തു.
മികച്ച പാർലമെന്റേറിയൻ, ഉജ്വലവാഗ്മി, ശക്തനായ ഭരണാധികാരി എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്നു പനമ്പിള്ളി ഗോവിന്ദ മേനോൻ. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ കരുത്തുറ്റ നടപടിയായി വിശേഷിപ്പിക്കപ്പെടുന്ന ബാങ്ക് ദേശസാൽക്കരണ ബിൽ പഴുതുകളടച്ചു തയാറാക്കി അവതരിപ്പിച്ചതു നിയമമന്ത്രിയായിരുന്നു പനമ്പിള്ളി.
1946ൽ കൊച്ചിയിൽ ഭക്ഷ്യ-വിദ്യാഭ്യാസ മന്ത്രി, 1947 ൽ ഇന്ത്യൻ ഭരണഘടനാ നിർമാണസഭാംഗമായി. ആ വർഷം തന്നെ കൊച്ചിയിലെ ആദ്യപ്രധാനമന്ത്രി. തുടർന്നു ധനകാര്യ–നിയമമന്ത്രി. തിരു-കൊച്ചി സംസ്‌ഥാനത്തിന്റെ രണ്ടു മന്ത്രിസഭകളിൽ വിദ്യാഭ്യാസ-തൊഴിൽ,ധനകാര്യ-ഭക്ഷ്യ മന്ത്രി. 1955ൽ തിരു-കൊച്ചി മുഖ്യമന്ത്രി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
Read Also: സ്‌കൂളിന് സമീപം പാർക്ക് ചെയ്‌തിരുന്ന ട്രാക്ടറിൽ സ്‌ഫോടക വസ്തുക്കൾ; അന്വേഷണം ആരംഭിച്ച് പോലീസ്