സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍നിന്നു മാസം തോറും നിശ്ചിത തുക ഈടാക്കി ‘ജീവാനന്ദം’ എന്നപേരില്‍ ആന്വിറ്റി സ്‌കീം നടപ്പാക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. ജീവനക്കാര്‍ക്കായി കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചിരുന്ന പദ്ധതി സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പുവഴി നടപ്പാക്കാനാണ് തീരുമാനം.
പദ്ധതിയുടെ രൂപരേഖ തയ്യാറാക്കി നല്‍കാന്‍ ഇന്‍ഷുറന്‍സ് വകുപ്പിനോട് ധനവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. മെഡിസെപ് എന്ന ചികിത്സാ പദ്ധതി അടക്കം നാല് ഇന്‍ഷ്വറന്‍സ് പദ്ധതികളും പ്രതിമാസ പെന്‍ഷനും ഉണ്ടായിരിക്കേയാണ് പുതിയ പദ്ധതിയുമായി സർക്കാർ എത്തുന്നത്.
നിലവില്‍ മെഡിസെപ് ചികിത്സാപദ്ധതിക്കായി പ്രതിമാസം 500 രൂപവീതം ജീവനക്കാരില്‍ നിന്നും പിടിക്കുന്നുണ്ട്. പങ്കാളിത്ത പെന്‍ഷന്‍കാരില്‍നിന്ന് 10 ശതമാനത്തില്‍ കുറയാത്ത തുക പെന്‍ഷന്‍ ഫണ്ടിലേക്ക് ഈടാക്കുന്നുമുണ്ട്. പിഎഫ് അടക്കം മറ്റ് വിഹിതവും ജീവനക്കാര്‍ നല്‍കുന്നുണ്ട്.
നിലവില്‍ 3300 കോടി രൂപയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളമായി നല്‍കാനായി ചിലവഴിക്കുന്നത്. ഇതിന്റെ പത്ത് ശതമാനം പിടിച്ചാല്‍ പോലും 330 കോടി സര്‍ക്കാരിന് ലഭിക്കും. ഉയര്‍ന്ന ശമ്പളമുളളവരില്‍ നിന്ന് കൂടിയ തുക പിടിച്ചാല്‍ അത് 500 കോടിവരെയാകും. ഇതില്‍ കണ്ണുവച്ചാണ് സര്‍ക്കാര്‍ നീക്കം എന്നാണ് പരക്കെയുള്ള ആക്ഷേപം.
സര്‍ക്കാര്‍ ഖജനാവിലേക്ക് പണം കണ്ടെത്താനുള്ള കുറുക്ക് വഴിയാണിതെന്നാണ് ജീവനക്കാര്‍ പറയുന്നത്. ജീവനക്കാരുടെ ശമ്പളം പിടിച്ച് സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് പ്രതിപക്ഷ സര്‍വീസ് സംഘടനകളുടെ ആരോപണം.
Read More: 01.06.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ
Read More: ആഭരണ പ്രേമികളേ ഇതിലേ…! സ്വര്‍ണം ഇന്ന് തന്നെ വാങ്ങിക്കോളൂ, വില കുറഞ്ഞു