ആറുവയസ്സുകാരിയോട് ക്രൂരത; അച്ഛനും രണ്ടാനമ്മയും ചേർന്ന് തല്ലിക്കൊന്നത് വസ്ത്രം അഴുക്കാക്കിയതിന്
ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ മനസാക്ഷിയെ നടുക്കുന്ന ക്രൂരകൃത്യം. വസ്ത്രം അഴുക്കായെന്ന കാരണത്താൽ ആറുവയസ്സുകാരിയെ അച്ഛനും രണ്ടാനമ്മയും ചേർന്ന് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി.
ദാസ്ന മേഖലയിൽ താമസിച്ചിരുന്ന ഷിഫ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്.
ഞായറാഴ്ച വീടിന് സമീപം കളിക്കുന്നതിനിടെ ഷിഫ അബദ്ധത്തിൽ അഴുക്കുചാലിൽ വീഴുകയും വസ്ത്രം മലിനമാകുകയും ചെയ്തു. ഇത് കണ്ടതോടെ അച്ഛൻ അക്രമും രണ്ടാനമ്മ നിഷയും ചേർന്ന് കുട്ടിയെ അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു.
തുടർന്ന് മർദ്ദനത്തിന് ഇരയായ കുട്ടിയെ കൊടുംതണുപ്പുള്ള രാത്രിയിൽ വീടിന്റെ ടെറസിൽ ഉപേക്ഷിച്ചു. തിങ്കളാഴ്ച പുലർച്ചെയോടെയാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്.
അയൽവാസികളുടെ പരാതിയെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. കുട്ടിയുടെ ശരീരത്തിൽ 13 ഇടങ്ങളിൽ പരിക്കേറ്റ പാടുകൾ കണ്ടെത്തിയിട്ടുണ്ട്.
വാരിയെല്ലുകൾ ഒടിഞ്ഞതായും തലച്ചോറിനുള്ളിൽ രക്തസ്രാവം സംഭവിച്ചതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സംഭവത്തിൽ അച്ഛൻ അക്രമിനെയും രണ്ടാനമ്മ നിഷയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമിന്റെ ആദ്യ ഭാര്യ തരാന മൂന്ന് വർഷം മുൻപാണ് മരണപ്പെട്ടത്.
ആ ബന്ധത്തിൽ ജനിച്ച മൂന്ന് കുട്ടികളിൽ ഒരാളാണ് കൊല്ലപ്പെട്ട ഷിഫ. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
English Summary
A shocking case of child abuse has been reported from Ghaziabad, Uttar Pradesh, where a six-year-old girl named Shifa was brutally beaten to death by her father and stepmother for soiling her clothes.
ghaziabad-six-year-old-killed-by-father-stepmother
Ghaziabad, Uttar Pradesh, Child Abuse, Crime News, Child Murder, Domestic Violence, India News









