യുകെയില്‍ സ്വവര്‍ഗാനുരാഗികളായ മലയാളി യുവാക്കള്‍ വിവാഹിതരായി. യുകെയിലെ നോർത്താംപ്ടണിലുള്ള കിംഗ്‌സ്‌തോർപ്പിലുള്ള 1,000 വർഷം പഴക്കമുള്ള സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ വച്ചാണ് ഇരുവരും വിവാഹിതരായത്.
2017 ൽ ആരംഭിച്ച ബന്ധമാണ് ഇപ്പോൾ വിവാഹത്തിൽ എത്തിയത്. സുഹൃത്തുകളും ബന്ധുക്കളും പങ്കെടുത്ത സന്തോഷം നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു ചടങ്ങുകള്‍.
തങ്ങളുടെ സന്തോഷത്തിന് സുഹൃത്തുക്കളും കുടുംബവും മുന്‍തൂക്കം നല്‍കിയെന്നാണ് ഇരുവരും പ്രതികരിച്ചത്.
ദമ്പതികൾ നടത്തിയ ധീരമായ ചുവടുവെപ്പിന് ഇരുവരുടെയും കുടുംബങ്ങൾ പിന്തുണ നൽകി. ഈ ഘട്ടത്തിലേക്ക് എത്തിയത് വളരെ പണിപ്പെട്ടാണ്.
ആത്മഹത്യാ ചിന്തകള്‍ പോലും അലട്ടിയിരുന്നുവെന്നും അതിനെയല്ലാം അതിജീവിക്കാന്‍ സാധിച്ചതായും ഇരുവരും പറഞ്ഞു.
ചെറുപ്പത്തില്‍ തന്നെ എതിര്‍ലിംഗത്തോട് താല്‍പ്പര്യമില്ലെന്ന് മനസ്സിലായിരുന്നു എന്നാണ് ഇരുവരും പ്രതികരിച്ചത്. വിവാഹത്തിലേക്ക് എത്തുന്ന ഘട്ടം എളുപ്പമായിരുന്നില്ലെന്നു ഇവര്‍ ചൂണ്ടിക്കാട്ടി.
തങ്ങളുടെ ലൈംഗിക അഭിരുചികള്‍ നേരത്തെ മനസ്സിലാക്കിയതു കൊണ്ട് തന്നെ മറ്റൊരു പെണ്‍കുട്ടിയുടെ ജീവിതം തകര്‍ക്കാന്‍ താല്‍പ്പര്യമില്ലാത്തതു കൊണ്ടാണ് ഈ വഴി തിരഞ്ഞെടുത്തതെന്ന് ഇരുവരും പറഞ്ഞു.
കുട്ടിയെ അഡോപ്റ്റ് ചെയ്യുക എന്നത് അടക്കം ഇനിയും കടമ്പകൾ ഒട്ടേറെ കടക്കാനുണ്ടെന്നും ഇരുവരും പറഞ്ഞു.
തങ്ങളുടെ തീരുമാനം വികാരങ്ങള്‍ അടക്കിപ്പിടിച്ചു ജീവിക്കുന്നവര്‍ക്ക് ആത്മവീര്യം പകരുന്നത് ആകട്ടെയെന്നും. സമൂഹം ഇത്തരക്കാരെ പിന്തുണക്കണമെന്നും അവര്‍ വ്യക്തമാക്കി. ഇരുവരെയും ആശിര്‍വദിക്കാന്‍ ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ വൈദികരുമുണ്ടായിരുന്നു.