കൊല്ലം: ക്ഷേത്രോത്സവത്തിലെ ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം പാടിയ സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് പൊലീസിൽ പരാതി. കൊല്ലം കോട്ടുക്കൽ മഞ്ഞിപ്പുഴയിലാണ് സംഭവം. മഞ്ഞിപ്പുഴ ശ്രീഭഗവതി ഭദ്രകാളി ക്ഷേത്രത്തിലാണ് ഗണഗീതം പാടിയത്.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രത്തിലാണ് സംഭവം. ഗണഗീതം പാടിയ സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് കോട്ടുക്കൽ സ്വദേശി പ്രതിൻ ആണ് പൊലീസിൽ പരാതി നൽകിയത്.
ക്ഷേത്ര പരിസരത്ത് ആർഎസ്എസിന്റെ കൊടിതോരണങ്ങൾ കെട്ടിയ സംഭവത്തിലും പരാതി നൽകിയിട്ടുണ്ട്. ഈ സംഭവത്തിൽ ക്ഷേത്ര ഉപദേശക സമിതി വൈസ് പ്രസിഡന്റ് അഖിൽ ശശിയാണ് പോലീസിൽ പരാതി നൽകിയത്.
മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് ഏഴു ജില്ലകളിൽ ശക്തമായ മഴ
തിരുവനന്തപുരം: കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് ഏഴു ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതുക്കിയ പ്രവചനത്തിൽ പറയുന്നു. നേരത്തെ നാലു ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിരുന്നത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലവിലുള്ളത്.
ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് മഞ്ഞ അലർട്ട് കൊണ്ട് അർത്ഥമാക്കുന്നത്.