തൃശൂർ: വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തി സ്വർണവും പണവും തട്ടിയെടുത്ത യൂട്യൂബർ അറസ്റ്റിൽ. ‘ഫുഡി മേനോൻ’ എന്നറിയപ്പെടുന്ന എറണാകുളം കടവന്ത്ര കാടായിക്കൽ ജയശങ്കർ മേനോനെയാണ് ഈസ്റ്റ് പോലീസ് പിടികൂടിയത്. ഏഴ് ലക്ഷത്തിലധികം രൂപയും സ്വർണവും തട്ടിയെടുത്തെന്ന തൃശൂർ സ്വദേശിനിയായ ഡോക്‌ടറുടെ പരാതിയിലാണ് അറസ്‌റ്റ്.(Fraud case; vlogger foodie menon arrested)
അഭിഭാഷകൻ കൂടിയായ ഇയാൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനായ ഫുഡ് വ്ലോഗർ ആണ്. ഇരുവരും തമ്മിലുള്ള സെൽഫി ഫോട്ടോ ഇൻസ്‌റ്റഗ്രാമിൽ പങ്കുവയ്ക്കും എന്ന് ഭീഷണിപ്പെടുത്തി പലതവണയായി 7 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തുവെന്നാണ് വനിത ഡോക്‌ടറുടെ പരാതി. യുവതിയുമായുള്ള സൗഹൃദം മുതലെടുത്തായിരുന്നു തട്ടിപ്പ്. കഴിഞ്ഞ വർഷം ജനുവരി 14 മുതൽ ഡിസംബർ 30 വരെ പ്രതി യുവതിയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു.
ബാങ്ക് വഴിയാണ് പ്രതി 7,61,600 രൂപ കൈപ്പറ്റിയിട്ടുള്ളത്. പരാതിക്കാരിയുടെ ബാങ്ക് കാർഡ് വാങ്ങിയും പ്രതി പണം വലിച്ചതായി പൊലീസ് പറഞ്ഞു. ഇത് കൂടാതെ 30 പവനോളം സ്വർണവും ഇയാൾ പരാതിക്കാരിയിൽ നിന്നും തട്ടിയെടുത്തിട്ടുണ്ട്. ‘ഫുഡി മേനോൻ’ എന്ന പേരിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ ഫുഡ് വ്ലോഗുകളിലൂടെ പരിചിതനായ ഇയാളെ ലക്ഷക്കണത്തിനു ആളുകളാണ് ഫോളോ ചെയ്യുന്നത്.